13 പൊലീസ് സ്റ്റേഷനുകൾ വാടകക്കെട്ടിടങ്ങളിൽ; പ്രതിമാസ ചെലവ് 29.7 ലക്ഷം
Mail This Article
ന്യൂഡൽഹി ∙ രാജ്യതലസ്ഥാനത്ത് സ്വന്തമായി കെട്ടിടമില്ലാത്ത 13 പൊലീസ് സ്റ്റേഷനുകൾ. പ്രതിമാസം ലക്ഷങ്ങൾ വാടക നൽകുന്ന കെട്ടിടങ്ങളിലാണ് ഇതിൽ മിക്ക സ്റ്റേഷനുകളും പ്രവർത്തിക്കുന്നത്. പ്രതിമാസം 29.7 ലക്ഷം രൂപയാണ് വാടകയിനത്തിൽ ചെലവാകുന്നത്. മാസം 7,56,000 രൂപ വാടക നൽകുന്ന സ്റ്റേഷനുമുണ്ട്. ഡൽഹിയിൽ ആകെ 225 പൊലീസ് സ്റ്റേഷനുകളാണുള്ളത്. അതേസമയം, പുതിയ സ്റ്റേഷനുകളുടെ നിർമാണം പുരോഗമിക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. 6 പൊലീസ് സ്റ്റേഷനുകളുടെ പ്രതിമാസ വാടക 2 ലക്ഷം രൂപയ്ക്കു മുകളിലാണ്.
കോൺഗ്രസ് എംപിമാരായ ധീരജ് പ്രസാദ് സാഹുവും ഡോ. അമി യാജ്നിക്കും രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിനു കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരേ കെട്ടിടത്തിൽ 2 സ്റ്റേഷനുകൾ പ്രവർത്തിക്കുന്ന അപൂർവ സംഭവവും ഡൽഹിയിലുണ്ട്. മണ്ഡാവാലി, മധുവിഹാർ പൊലീസ് സ്റ്റേഷനുകളാണ് ഒറ്റ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ഫണ്ട് ലഭിക്കാത്തതു മാത്രമല്ല പൊലീസ് സ്റ്റേഷനുകൾക്കു സ്വന്തം കെട്ടിടങ്ങളില്ലാത്തതിന് കാരണം.
ഉദ്യോഗസ്ഥതലത്തിലെ വീഴ്ചയാണ് പ്രധാന കാരണമായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടുന്നത്. ചില സ്ഥലങ്ങളിൽ സ്റ്റേഷനുകൾ നിർമിക്കാൻ സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കിലും മറ്റു വകുപ്പുകളുടെ അനുമതി ലഭിക്കാത്തതിനാൽ നിർമാണം മുടങ്ങി. ചില സ്റ്റേഷനുകളിൽ വനിതാ ഉദ്യോഗസ്ഥർക്കു വസ്ത്രം മാറുന്നതിനുള്ള മുറി പോലുമില്ല. അടച്ചുറപ്പുള്ള ലോക്കപ്പ് സംവിധാനങ്ങൾ പോലും ചില സ്റ്റേഷനുകളിലില്ല. ഇത്തരം സാഹചര്യങ്ങളിൽ സ്റ്റേഷനുകളോട് ചേർന്നുള്ള കെട്ടിടങ്ങൾ വാടകയ്ക്ക് എടുക്കുകയാണു പതിവ്. 2023–24 കേന്ദ്ര ബജറ്റിൽ ഡൽഹി പൊലീസിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി മാത്രം 11,933 കോടി രൂപയാണു വകയിരുത്തിയത്.
സ്റ്റേഷനുകളുടെ പ്രതിമാസ വാടക
∙ ഭരത് നഗർ– 76,922
∙ ഷഹബാദ്
ഡയറി– 1,36,164 അനുബന്ധ കെട്ടിടത്തിന് 36,581 രൂപ വാടക)
∙ പ്രേം നഗർ– 1,45,200
∙ സ്വരൂപ് നഗർ– 1,28,944
∙ ഭൽസ്വ ഡയറി– 2,23,733
∙ ജയ്ത്പുർ– 7,56,000
∙ സോണിയ വിഹാർ– 2,38,823
∙ ഫത്തേപുരി ബേരി– 2,47,987
∙ ചാവ്‌ല– 59,787
∙ കരാവൽ നഗർ– 2,30,000
∙ നിഹാൽ വിഹാർ– 2,69,865
∙ രനോല– 1,67,400
∙ തിഗ്‌രി– 2,50,000