ADVERTISEMENT

വിപ്ലവത്തിന്റെ മാത്രമല്ല നാടക പ്രസ്ഥാനങ്ങളുടെയും മണ്ണാണ് കണ്ണൂർ. ഗ്രാമങ്ങളിലും പട്ടണങ്ങളിലുമുള്ള വായനശാലകളും ക്ലബ്ബുകളുമാണ് കണ്ണൂരിന്റെ നാടകാഭിനിവേശങ്ങളിൽ കനൽ പാകുന്നത്.

കണ്ണൂർ തളിപ്പറമ്പ് പറപ്പൂലിലെ ക്രിക്കറ്റ് ക്ലബ്ബാണ് പങ്കജാക്ഷൻ തട്ടാരത്ത് എന്ന നാടക പ്രവർത്തകന്റെ അഭിനയമോഹങ്ങളെ തൊട്ടുണർത്തിയത്. പറപ്പൂൽ ക്രിക്കറ്റ് ക്ലബ്ബിന്റെ കലാ–സാംസ്കാരിക പരിപാടിയുടെ ഭാഗമായി 1993ലാണ് ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. ‘നോക്കുകുത്തികൾ’ എന്ന ഏകാംഗ നാടകത്തിൽ പോസ്റ്റുമാന്റെ വേഷമായിരുന്നു. 20–ാം വയസ്സിൽ തുടങ്ങിയ നാടകാഭിനയ ജീവിതത്തിൽ ഇതുവരെ മുപ്പതോളം നാടകങ്ങളിൽ അഭിനയിച്ചു.

പതിനഞ്ചോളം നാടകങ്ങൾ സംവിധാനം ചെയ്തു. ഇതിൽ ഏറെയും കുട്ടികളുടെ നാടകങ്ങളാണ്. ഗുരുഗ്രാമിൽ സ്വകാര്യ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ അസിസ്റ്റന്റ് ജനറൽ മാനേജരായ പങ്കജാക്ഷൻ ഡൽഹിയിൽ എത്തുന്നതും 1993ലാണ്. ജോലി കഴിഞ്ഞുള്ള സമയങ്ങളിലാണ് നാടക പ്രവർത്തനങ്ങളിൽ സജീവമാവുന്നത്.

സ്വന്തം ഗ്രാമമായ പറപ്പൂലിൽ തുടങ്ങിയ നാടകപ്രവർത്തനം വർഷങ്ങൾ പിന്നിട്ടപ്പോൾ ഡൽഹിയുടെ നാടക വേദികളിലെ നിറസാന്നിധ്യമായി മാറുകയായിരുന്നു. അഭിനേതാവായും സംവിധായകനായുമുള്ള പങ്കജാക്ഷന്റെ വേഷപ്പകർച്ചകൾ ഡൽഹിയിലെ നാടകവേദിക്കു സമ്മാനിച്ചത് വേറിട്ട അരങ്ങനുഭവങ്ങളാണ്.

ജനസംസ്കൃതി കേന്ദ്ര സമിതിയംഗമായ ഈ മലയാളി കലാകാരൻ സഫ്ദർ ഹാഷ്മി സ്മാരക നാടകോത്സവത്തിൽ ഒട്ടേറെ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പങ്കജാക്ഷൻ സംവിധാനം ചെയ്ത ‘വേലായുധന്റെ ഭീമൻ’ എന്ന നാടകമാണ് ഈ വർഷത്തെ നാടകോത്സവത്തിൽ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടത്.

‘കൊട്ടേം കരീം’ എന്ന കുട്ടികളുടെ നാടകത്തിന് മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചു. കുട്ടികളുടെ നാടകങ്ങളിലേക്ക് അഭിനേതാക്കളെ കണ്ടെത്തി പരിശീലനം നൽകിയാണ് അരങ്ങിലെത്തിക്കുന്നത്. മികച്ച സഹനടനുള്ള അവാർഡ് രണ്ടുതവണ നേടിയിട്ടുണ്ട്. ‘ഹിജഡ’ എന്ന നാടകത്തിലെ അഭിനയം വേറിട്ട പരീക്ഷണമായിരുന്നെന്ന് അദ്ദേഹം പറയുന്നു.

ഷാലിമാർ ഗാർഡൻ എക്സ്റ്റൻഷൻ–2, ബി– ബ്ലോക്കിലാണ് താമസിക്കുന്നത്. ഭാര്യ: നിഷ. അമിറ്റി യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ മകൻ ധനുഷും നാടക അഭിനേതാവാണ്. നാടക സംവിധാനമാണ് ഏറെ ഇഷ്ടമെന്നു പറയുന്ന പങ്കജാക്ഷൻ തട്ടാരത്ത്, ഡൽഹിയിലെ നാടകവേദികൾ പഴയ പ്രതാപം വീണ്ടെടുക്കുന്നതിന്റെ ആഹ്ലാദത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com