ദൂരക്കാഴ്ച പരിധി 50 മീറ്ററിൽ താഴെ കാഴ്ച മറച്ച് മഞ്ഞ്
Mail This Article
ന്യൂഡൽഹി∙ തുടർച്ചയായ ദിവസങ്ങളിൽ മൂടൽമഞ്ഞ് കനത്തതോടെ ഡൽഹിയിൽ വിമാന, റെയിൽ ഗതാഗതത്തിന് പുറമേ റോഡ് ഗതാഗതവും തടസ്സപ്പെട്ടു. താപനില 7 ഡിഗ്രി സെൽഷ്യസിലേക്കു താഴ്ന്നതോടെ പലയിടത്തും ദൂരക്കാഴ്ച പരിധി 50 മീറ്ററിൽ താഴെയായി.
രാവിലെ യമുന അതിവേഗ പാതയിൽ ട്രക്കുകളും കാറുകളും കൂട്ടിയിടിച്ച് 12 അപകടങ്ങളാണുണ്ടായത്. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. ആഗ്ര–ലക്നൗ അതിവേഗ പാതയിലുണ്ടായ അപകടങ്ങളിൽ ഒരാൾ മരിക്കുകയും 6 പേർക്കു പരുക്കേൽക്കുകയും ചെയ്തു. അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
∙ അകലം പാലിക്കണം
തൊട്ടു മുന്നിലും പിന്നിലുമുള്ള വാഹനങ്ങളിൽ നിന്നു കൃത്യമായ അകലം പാലിച്ചു വേണം നീങ്ങാൻ.
∙ വെളിച്ചം മുഖ്യം
ലോ ബീം ഹെഡ് ലൈറ്റുകൾ നിർബന്ധമായും തെളിക്കണം. ഹെഡ്‌ലൈറ്റിന് മീതെ മഞ്ഞ നിറത്തിലുള്ള സെല്ലോഫെയ്ൻ പേപ്പർ പതിക്കുന്നത് നല്ലതാണ്. ഇന്ത്യയിലെ ഇടത്തരം കാറുകളിൽ ഫോഗ് ലൈറ്റ് ഇല്ലാത്തതിനാൽ കാഴ്ചയിൽ പെടാൻ മഞ്ഞനിറം സഹായിക്കും. ഹൈ ബീം ലൈറ്റുകൾ പരമാവധി ഒഴിവാക്കണം.
∙ അടയാളം നോക്കി യാത്ര
ദൂരക്കാഴ്ച പരിധി തീരെ കുറവാണെങ്കിൽ റോഡിലെ അടയാളങ്ങൾ (മാഗ്നറ്റിക് ബ്ലിങ്കേഴ്സ്) കൃത്യമായി നോക്കി മുന്നോട്ടു നീങ്ങുന്നതാണ് സുരക്ഷിതം. റോഡിനു നടുവിൽ വണ്ടി നിന്നാൽ ഹസാർഡ് ലൈറ്റ് ഓൺ ചെയ്യാൻ പ്രത്യേകം ഓർമിക്കണം.
∙ ഹീറ്റർ
കാറിനുള്ളിലെ ഹീറ്റർ ഓണാക്കിയിടണം. വിൻഡോ സ്ക്രീൻ ക്ലീൻ ആണെന്നുറപ്പു വരുത്തണം.
∙ മദ്യപിച്ചു വാഹനം ഓടിക്കരുത് വേഗം കുറയ്ക്കണം
മൂടൽ മഞ്ഞുള്ള ദിവസങ്ങളിൽ പരമാവധി വേഗം കുറച്ചു വേണം വാഹനങ്ങൾ ഓടിക്കാൻ. എമർജൻസി ബ്രേക്ക് സജ്ജമാണെന്ന് ഉറപ്പു വരുത്തണം. വാഹനം ഓടിക്കുമ്പോൾ കാലുകൾ ബ്രേക്ക് പെഡലിന് മുകളിൽ വയ്ക്കരുത്. ടെയ്ൽ ലൈറ്റ് തെളിഞ്ഞാൽ പിന്നാലെ വരുന്ന വാഹനം ബ്രേക്കിടാനും കൂട്ടിയിടിക്കാനും സാധ്യതയുണ്ട്.