കമാൻഡോ കാവലിൽ മിന്നുകെട്ട്! അപൂർവ സുരക്ഷാ ദൗത്യവുമായി ഡൽഹി പൊലീസ്
Mail This Article
ന്യൂഡൽഹി∙ ഹൈടെക് മെഷീൻ ഗണ്ണുകളേന്തിയ സ്വാറ്റ് കമാൻഡോകൾ. 250 പൊലീസുകാരുടെ കാവൽ. പന്തൽ പണിക്കാർക്കും വിളമ്പുകാർക്കും തിരിച്ചറിയൽ കാർഡ്. ക്ഷണിക്കപ്പെട്ട 250 അതിഥികളുടെ പശ്ചാത്തലം പരിശോധിക്കുന്നു. ഇതു പോലൊരു കല്യാണത്തിനു സുരക്ഷയൊരുക്കേണ്ട ഉത്തരവാദിത്തം ആദ്യമായാണ് ഡൽഹി പൊലീസ് ഏറ്റെടുക്കുന്നത്.
വിവാഹം: 12ന്. സ്ഥലം: ദ്വാരകയിലെ സന്തോഷ് ഗാർഡൻ. വരൻ: കാലാ ജതേഡി (സന്ദീപ്). വധു: മാഡം മിൻസ് (അനുരാധ ചൗധരി). ഇരുവരും ഹരിയാന, ഡൽഹി, രാജസ്ഥാൻ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ പൊലീസിന്റെ ക്രിമിനൽ ലിസ്റ്റിൽ തലയ്ക്കു വലിയ വിലയുള്ള കൊടുംകുറ്റവാളികൾ. കല്യാണത്തിനു ശേഷം വധൂവരൻമാർ തങ്ങളെ വെട്ടിച്ചു കടന്നുകളയാതെ നോക്കുക എന്നതാണ് പൊലീസിന്റെ പ്രധാന ചുമതല.
കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ വലംകയ്യാണു ഹരിയാന സ്വദേശി സന്ദീപ്. തിഹാർ ജയിലിൽ നിന്ന് 6 മണിക്കൂർ പരോളിലാണ് വിവാഹത്തിനെത്തുന്നത്. ഈയിടെ ജാമ്യം കിട്ടി ജയിലിൽ നിന്നിറങ്ങിയ അനുരാധ രാജസ്ഥാനിലെ കുപ്രസിദ്ധ ഗുണ്ടാത്തലവനായിരുന്ന അനന്ത്പാൽ സിങ്ങിന്റെ സംഘത്തിലെ പ്രധാനിയാണ്. ഒഴുക്കോടെ ഇംഗ്ലിഷ് സംസാരിക്കാനും എകെ 47 തോക്ക് കൈകാര്യം ചെയ്യാനുമുള്ള കഴിവാണ് അനുരാധയെ ഇഷ്ടപ്പെടാൻ കാരണമെന്ന് സന്ദീപ് പറയുന്നു. വിവാഹം മൗലികാവകാശമാണെന്നും അനുമതി നിഷേധിക്കുന്നതു ഭരണഘടനാ ലംഘനമാണെന്നും വാദിച്ചാണ് സന്ദീപ് ദ്വാരകയിലെ കോടതിയിൽ നിന്നു പരോളിന് അനുമതി നേടിയത്.
കൊട്ടാരം പോലെ പന്തൽ
ദ്വാരക സെക്ടർ 3ലെ സന്തോഷ് ഗാർഡനിൽ വിവാഹത്തിനു കൊട്ടാരം പോലൊരു പന്തലാണൊരുങ്ങുന്നത്. സന്ദീപിന്റെ അഭിഭാഷകനാണ് ചടങ്ങിനായി ഈ സ്ഥലം ബുക്ക് ചെയ്തത്. 12നു രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് ചടങ്ങുകൾക്ക് കോടതി സമയം അനുവദിച്ചിരിക്കുന്നത്. അന്നു തിഹാറിലേക്കു മടങ്ങുന്ന സന്ദീപിനെ പിറ്റേ ദിവസം ഗൃഹപ്രവേശ ചടങ്ങിനായി ഹരിയാനയിലെ സോനിപ്പത്തിലെത്തിക്കും. വീണ്ടും ജയിലിലേക്കു മടങ്ങും. ഡൽഹി പൊലീസിന്റെ മൂന്നാം ബറ്റാലിയൻ യൂണിറ്റിനാണ് സന്ദീപിന്റെ സുരക്ഷാച്ചുമതല.
ഏറ്റുമുട്ടലിന് സാധ്യത
വധൂവരൻമാരുടെ ക്രിമിനൽ പശ്ചാത്തലം വച്ച് സ്ഥലത്ത് ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടൽ നടക്കാനുള്ള സാധ്യത കണക്കിലെടുത്താണു വൻ സുരക്ഷ ഒരുക്കിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഹരിയാന, ഡൽഹി പൊലീസിന്റെ കസ്റ്റഡിയിൽ നിന്നു രണ്ടു തവണ വെടിവയ്പു നടത്തി സന്ദീപ് രക്ഷപെട്ടിട്ടുണ്ട്. കോടതിയിലേക്കു കൊണ്ടു വരുന്ന വഴി ഇയാളുടെ കൂട്ടാളികൾ പൊലീസിനു നേർക്കു വെടി വയ്ക്കുകയായിരുന്നു.
തലയ്ക്ക് വലിയ വില
അറസ്റ്റിലാകുന്നതിനു മുൻപ് കാലാ ജതേഡിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് ഹ രിയാന പൊലീസ് 7 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അനുരാധയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 10,000 രൂപയായിരുന്നു രാജസ്ഥാൻ പൊലീസിന്റെ പാരിതോഷികം. എംബിഎ ബിരുദധാരിയായ ഇവർ ബാങ്കിങ് മേഖലയിലെ ജോലിക്ക് ശേഷം സാമ്പത്തികതട്ടിപ്പു കേസുകളിലൂടെയാണു ഗുണ്ടാ പ്രവർത്തനങ്ങളിൽ സജീവമായത്. തട്ടിക്കൊണ്ടു പോകൽ, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങി ഒട്ടേറെ കേസുകളുണ്ട്. കൊള്ള, കൊലപാതകം, തട്ടിക്കൊണ്ടു പോകൽ തുടങ്ങി ഒട്ടേറെ കേസുകൾ സന്ദീപിന്റെ പേരിലുമുണ്ട്.
പ്രണയവും പലായനവും
സന്ദീപും അനുരാധയും 2020ലാണു പ്രണയത്തിലായത്. പിന്നീട് ഇൻഡോറിലെ ഒരു ക്ഷേത്രത്തിൽ രഹസ്യമായി വിവാഹിതരായി. പല സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. അതിനിടെ യുപിയിലെ സഹാരൻപുരിൽ നിന്ന് അറസ്റ്റിലായി. ജാമ്യത്തിലിറങ്ങിയ അനുരാധ പതിവായി സന്ദീപിനെ തിഹാർ ജയിലിൽ സന്ദർശിച്ചിരുന്നു.