ജന്തർ മന്തർ: അകം കാണാത്തവർ ഏറെ; അറിയാനുമേറെ
Mail This Article
ഡൽഹിയിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന സ്‌മാരകം ഏതെന്നു ചോദിച്ചാൽ എളുപ്പം പറയാം - കുത്തബ് മിനാർ. ഏറ്റവും കൂടുതൽ പേർ പുറമേ നിന്നു കണ്ടിട്ടുള്ളതും അകത്തു കയറിക്കാണാതെ പോയതും ഏതാണ്? ജന്തർ മന്തറായിരിക്കും. കൊണാട്ട് പ്ലേസ് ഭാഗത്ത് പോയിട്ടുള്ളവരൊക്കെ പാർലമെന്റ് സ്‌ട്രീറ്റിലൂടെ കടന്നു പോകുമ്പോൾ ജന്തർ മന്തർ കണ്ടിട്ടുണ്ടാകും. പാർലമെന്റ് മാർച്ചിനും ധർണയ്ക്കുമായി നാട്ടിൽ നിന്നു വരുന്നവർ പാർലമെന്റ് മന്ദിരം കണ്ടില്ലെങ്കിലും ഡൽഹിയിലെ ഹൈഡ് പാർക്ക് എന്ന് വിളിക്കുന്ന ജന്തർ മന്തർ പരിസരം കണ്ടിട്ടുണ്ടാകും.
ഔറംഗസീബിന്റെ കാലത്തോ അതിനു മുൻപോ ജയ്പുർ രാജാവിന്റെ പാട്ടപ്രദേശമായിരുന്നു ഈ സ്ഥലം. 1708 മുതൽ 1743 വരെ ജയ്‌പുർ ഭരണാധികാരിയും ആഗ്ര ഗവർണറുമായിരുന്ന സവായ് ജയ്‌സിങ് രണ്ടാമനാണു ജന്തർ മന്തർ നിർമിച്ചത്. (അദ്ദേഹം തന്നെയാണു ജയ്‌പുർ നഗരവും നിർമിച്ചത്.) അദ്ദേഹത്തിന്റെ പിൻഗാമികളിലൊരാളായ മാധോസിങ്ങിന്റെ (1760–1778) ഓർമയ്ക്കായി സ്ഥലത്തിന് മാധോഗഞ്ച് എന്ന പേരു വന്നു. ഇരുപതാം നൂറ്റാണ്ടിൽ ന്യൂഡൽഹി നിർമിക്കുന്നതു വരെ ഈ പേരിലാണ് സ്ഥലം അറിയപ്പെട്ടിരുന്നത്.
സംസ്‌കൃതത്തിലെ ‘‘യന്ത്രമന്ദിരം’’ ആണ് ഹിന്ദുസ്‌ഥാനിയിൽ ‘‘ജന്തർ മന്തർ’’ ആയി മാറിയത്. ജ്യോതിശാസ്‌ത്രത്തിൽ വലിയ കമ്പമായിരുന്നു ജയ്‌സിങ്ങിന്. അക്കാലത്തു ഗോവ വാണിരുന്ന പോർച്ചുഗീസുകാരിൽ നിന്ന് യൂറോപ്യൻ ടെലസ്‌കോപ്പും മറ്റും അദ്ദേഹം കൈക്കലാക്കിയിരുന്നു. ജ്യോതിശാസ്‌ത്ര നിരീക്ഷണങ്ങൾക്കായി ജയ്‌സിങ് അഞ്ച് ജന്തർ മന്തറുകൾ സ്‌ഥാപിച്ചു - ഡൽഹി, ജയ്‌പുർ, ഉജ്‌ജയിനി, വാരാണസി, മഥുര എന്നിവിടങ്ങളിൽ. അവയിൽ ഡൽഹിയിലെയും ജയ്‌പുരിലെയും ജന്തർ മന്തറുകൾ മാത്രമാണു കാര്യമായ കേടുപാടുകളില്ലാതെ ഇന്നും നിൽക്കുന്നത്.
ആറു യന്ത്രങ്ങളാണു ജന്തർ മന്തറിനുള്ളിൽ. നിഴൽ നോക്കി സമയം കണക്കാക്കാനുപയോഗിക്കുന്ന സമ്രാട്ട് യന്ത്രമാണ് ഏറ്റവും വലുത്. അളവെടുക്കുന്ന സമയത്തു സൂര്യൻ എത്ര ഉയരത്തിലാണെന്നും ഇതുപയോഗിച്ചു കണക്കാക്കാം.സമ്രാട്ട് യന്ത്രത്തിനടുത്തുള്ള മിശ്രയന്ത്രം മറ്റു ഗ്രഹങ്ങളുടെ സ്‌ഥാനം കണക്കുകൂട്ടാൻ നിർമിച്ചതാണ്. ജയ്‌സിങ്ങിന്റെ കാലത്തെ രേഖകളിൽ ഇതിനെക്കുറിച്ചു പരാമർശമില്ലാത്തതിനാൽ ഇത് അദ്ദേഹത്തിന്റെ കാലശേഷം പുത്രൻ മധു സിങ് നിർമിച്ചതാണെന്ന് കരുതുന്നു.
പരസ്‌പരപൂരകമായ രണ്ട് അർധഗോളങ്ങളായുള്ള യന്ത്രമാണു ജയ്‌പ്രകാശ് യന്ത്രം. സൂര്യന്റെയും മറ്റു നക്ഷത്രങ്ങളുടെയും സ്‌ഥാനം അളക്കാൻ ഇതുപയോഗിച്ചിരുന്നു. ജയ്‌സിങ് ഒരു അർധഗോളമെ നിർമിച്ചുള്ളുവെന്നും രണ്ടാമത്തേതു പിന്നീടു നിർമിച്ചതാണെന്നും ചില പണ്ഡിതർ അഭിപ്രായപ്പെടുന്നു. ജയ് പ്രകാശ് യന്ത്രത്തിന്റെ തെക്കു ഭാഗത്തായി കാണുന്ന വട്ടത്തിലുള്ള രണ്ടു നിർമിതികളാണു രാമയന്ത്രം. കോണുകൾ അളക്കാനാണ് ഇവ നിർമിച്ചത്.
ജ്യോതിശാസ്‌ത്ര കാര്യങ്ങളിൽ ജയ്‌സിങ്ങിന് കടുംപിടിത്തമൊന്നും ഇല്ലായിരുന്നു. ഭാരതീയ ജ്യോതിശാസ്‌ത്രപാരമ്പര്യവും യൂറോപ്യൻ വിജ്‌ഞാനവും പേർഷ്യൻ വിജ്‌ഞാനവും അദ്ദേഹം പരീക്ഷിച്ചിരുന്നു. സമ്രാട്ട് യന്ത്രത്തിലെ അർധവൃത്തങ്ങൾ ഇംഗ്ലണ്ടിലെ ഗ്രീനിച്ചിലെയും സ്വിറ്റ്‌സർലൻഡിലെ സൂറിക്കിലെയും വാനനിരീക്ഷണകേന്ദ്രങ്ങളുടെ മെറിഡിയനുകളുമായി ഒത്തുചേരുന്നതാണെന്നു കരുതപ്പെടുന്നു. ഡൽഹിയിൽ ജന്തർ മന്തർ നിർമിച്ച ഏതാണ്ട് അതേ കാലഘട്ടത്തിലാണ് അവ രണ്ടും നിർമിച്ചതെന്നും ഓർക്കേണ്ടതുണ്ട്.
∙ സൂര്യോദയം മുതൽ അസ്തമയം വരെയാണു സന്ദർശന സമയം, എല്ലാ ദിവസവും തുറക്കും.
∙ പ്രവേശന ഫീസ് 25 രൂപ, വിദേശികൾക്ക് 500 രൂപ
∙ ഫൊട്ടോഗ്രഫി സൗജന്യം, വിഡിയോഗ്രഫിക്ക് 25 രൂപ
∙ അടുത്ത മെട്രോ സ്റ്റേഷൻ: പട്ടേൽചൗക്ക്