ഡൽഹി നഗരത്തിൽ സംഘർഷം: ഏറ്റുമുട്ടി പൊലീസും എഎപി അണികളും; 3 പ്രധാന മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു
Mail This Article
ന്യൂഡൽഹി∙ അരവിന്ദ് കേജ‍്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ മുതിർന്ന േനതാക്കൾ ഉൾപ്പെടെ ഒട്ടേറെപ്പേരെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധം പടരാതിരിക്കാൻ 3 പ്രധാന മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതി ഘെരാവോ ചെയ്യാനാവശ്യപ്പെട്ടാണു എഎപി പ്രതിഷേധം സംഘടിപ്പിച്ചത്. പ്രധാനമന്ത്രിയുടെ വസതിയോടു ചേർന്ന ലോക് കല്യാൺ മാർഗ് മെട്രോ സ്റ്റേഷൻ രാവിലെ അടച്ചിട്ടു.
പിന്നീട് അശോക റോഡിലെ പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷനു മുന്നിൽ രാവിലെ മുതൽ എഎപി പ്രവർത്തകർ സംഘടിച്ചു. അതോടെ ഈ മെട്രോ സ്റ്റേഷനും ഭാഗികമായി അടച്ചു. തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷമാണ് യാത്രക്കാരെ പൊലീസ് അകത്തേക്കും പുറത്തേക്കും കടത്തിവിട്ടത്. സെൻട്രൽ സെക്രട്ടേറിയറ്റ് മെട്രോ സ്റ്റേഷനും ഭാഗികമായി അടച്ചിട്ടു.
പത്തോടെ പട്ടേൽ ചൗക്കിലേക്കു നൂറുകണക്കിന് എഎപി പ്രവർത്തകരെത്തിയതോടെ പൊലീസ് ബലം പ്രയോഗിച്ചു തുടങ്ങി. 2–ാം നമ്പർ ഗേറ്റിൽ നിന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തു നഗരത്തിനു പുറത്തുള്ള സ്റ്റേഷനുകളിലേക്കു കൊണ്ടു പോയി. അതേസമയം 3–ാം നമ്പർ ഗേറ്റിനു മുന്നിൽ പ്രതിഷേധം കടുത്തു. പൊലീസും ശക്തമായി പ്രതിരോധിച്ചു.
അതിനിടെ സ്ഥലത്തുണ്ടായിരുന്ന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകർക്കു നേരെയും ബലപ്രയോഗം നടത്തി. പൊലീസ് സ്ത്രീകളെ വലിച്ചിഴച്ചെന്നും പ്രവർത്തകരെ മർദിച്ചെന്നും എഎപി നേതാക്കൾ പറഞ്ഞു. പട്ടേൽ ചൗക്ക് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചെന്നും പ്രതിഷേധത്തിന് അനുമതിയില്ലെന്നും പാർട്ടി പ്രവർത്തകർ പിരിഞ്ഞു പോകണമെന്നും പൊലീസ് മൈക്കിലൂടെ മുന്നറിയിപ്പു നൽകി. പ്രദേശത്ത് കലാപ വിരുദ്ധ സേനയും നിലയുറപ്പിച്ചു.
പ്രദേശത്ത് പ്രതിഷേധത്തിനുള്ള അനുമതിയില്ലെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ദേവേഷ് കുമാർ പറഞ്ഞു. വിലക്ക് ലംഘിച്ചു മുന്നോട്ടു നീങ്ങാൻ ശ്രമിച്ചവരെയാണു കസ്റ്റഡിയിലെടുത്തതെന്നും ഡിസിപി പറഞ്ഞു. പ്രതിഷേധം കണക്കിലെടുത്തു സെൻട്രൽ ഡൽഹിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. തുഗ്ലക്ക് റോഡ്, കെമാൽ അതാതുർക്ക് റോഡ്, സഫ്ദർജങ് റോഡ് എന്നിവിടങ്ങളിൽ പാർക്കിങ് വിലക്കിയിരുന്നു.