ഡോക്ടർമാരുടെ സമരം ആശുപത്രികളുടെ പ്രവർത്തനം സ്തംഭിച്ചു ചികിത്സയില്ലാതെ മടക്കം
Mail This Article
ന്യൂഡൽഹി∙ കൊൽക്കത്ത ആർ.ജി കാർ മെഡിക്കൽ കോളജിലെ പിജി ഡോക്ടർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ നടത്തുന്ന അനിശ്ചിതകാല സമരത്തിൽ ആശുപത്രികളുടെ പ്രവർത്തനം സ്തംഭിച്ചു. 5 ദിവസമായി തുടരുന്ന സമരത്തിൽ എയിംസ്, സഫ്ദർജങ്, ആർഎംഎൽ തുടങ്ങിയ ആശുപത്രികളിലെ അത്യാഹിതവിഭാഗം ഒഴികെയുള്ളവ പ്രവർത്തിക്കുന്നില്ല.
ആർഎംഎൽ ഉൾപ്പെടെയുള്ള ആശുപത്രികളിൽ ചികിത്സ ലഭിക്കുന്നില്ലെന്നാരോപിച്ച് രോഗികളും ആരോഗ്യ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. അവശരായ രോഗികൾ നിരാശയോടെ മടങ്ങുന്ന സാഹചര്യവുമുണ്ടായി. എന്നാൽ ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് റസിഡന്റ് ഡോക്ടർമാർ.
മഴയിലും തളരാതെ പ്രതിഷേധം
വനിതാ ഡോക്ടർ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ റസിഡന്റ് ഡോക്ർമാരുടെ മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വേദിയായത്. ഉച്ചയ്ക്കാരംഭിച്ച സമരത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. രാത്രി 7നുശേഷം കനത്ത മഴപെയ്തെങ്കിലും പ്രതിഷേധം തുടർന്നു.
ഇതിനിടെ സമരക്കാരുടെ പ്രതിനിധികൾ രണ്ടുതവണ ആരോഗ്യ മന്ത്രാലയം അധികൃതരുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ചൊവ്വാഴ്ച രാത്രി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായുള്ള ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്ന് ഫെഡറേഷൻ ഓഫ് റസിഡന്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ (ഫോർഡ) സമരത്തിൽനിന്ന് പിൻമാറിയിരുന്നു. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ, കേന്ദ്ര ആശുപത്രി സംരക്ഷണ നിയമത്തിൽ ഫോർഡയുടെ പങ്കാളിത്തത്തിൽ കമ്മിറ്റി രൂപീകരിക്കാനും ധാരണയായി. 15 ദിവസത്തിനുള്ളിൽ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.