ADVERTISEMENT

ന്യൂഡൽഹി ∙ വിദേശത്ത് ഒളിവിൽ കഴിയുന്ന ഗുണ്ടാത്തലവന്മാർ ഡൽഹിയിലെ വ്യാപാരികളെ വിളിച്ച് വധഭീഷണി മുഴക്കി കോടികൾ ആവശ്യപ്പെടുന്നെന്ന പരാതികൾ വർധിക്കുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ ഇത്തരത്തിലുള്ള 3 കേസുകളാണ് റജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഈ വർഷം ഇതുവരെ, പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ 133 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത്തരത്തിലുള്ള 141 കേസുകളാണ് റജിസ്റ്റർ ചെയ്തത്.

കാനഡയിൽ ഒളിവിൽ കഴിയുന്ന അൻമോൾ ബിഷ്ണോയിയുടെ പേരിലാണ് ശാഹ്ദ്രയിലെ സ്വർണവ്യാപാരിക്കു ഭീഷണിയെത്തിയത്. 2 കോടി രൂപയാണ് ആവശ്യപ്പെട്ടത്. ‘രജൗരി ഗാർഡനിലെ റസ്റ്ററന്റിൽ യുവാവ് വെടിയേറ്റു കൊല്ലപ്പെട്ട സംഭവം ഓർമയുണ്ടല്ലോ, പണം നൽകിയാൽ ജീവൻ രക്ഷിക്കാം’– എന്നായിരുന്നു ഭീഷണി. 5 ദിവസത്തിനകം പണം നൽകണമെന്നാണ് ഫോൺ വിളിച്ചയാൾ ആവശ്യപ്പെട്ടത്.

ഒളിവിൽ കഴിയുന്ന ഹിമാൻശു ബവു എന്ന ഗുണ്ടാത്തലവനാണ് ദ്വാരകയിലെ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. 22കാരനായ ഹിമാൻശു പോർച്ചുഗലിൽ നിന്നാണ് ഡൽഹിയിലെ സംഘത്തെ നിയന്ത്രിക്കുന്നത്. വെസ്റ്റ് ഡൽഹിയിലെ ബർഗർ കിങ്ങിൽ വച്ച് യുവാവിനെ കൊലപ്പെടുത്തിയതിനു പിന്നിൽ ഈ സംഘമാണെന്നാണ് പൊലീസ് പറയുന്നത്. വാട്സാപ്, ഇന്റർനെറ്റ് കോളുകൾ വഴിയാണ് ഗുണ്ടാത്തലവന്മാരുടെ പേരിൽ ഭീഷണിയെത്തുന്നത്.

കഴിഞ്ഞ മാസം ഡൽഹി പൊലീസ് ആസ്ഥാനത്ത് ചേർന്ന പൊലീസ് ഓഫിസർമാരുടെ യോഗത്തിൽ വിഷയം ചർച്ച ചെയ്തിരുന്നു. ആളുകളെ ഭീഷണിപ്പെടുത്തുന്ന 11 ഗുണ്ടാസംഘങ്ങൾ ഡൽഹിയിലും അയൽസംസ്ഥാനങ്ങളിലും സജീവമാണെന്നതിനെ തുടർന്ന് ഇവരുടെ പട്ടികയും പുറത്തുവിട്ടിരുന്നു.

English Summary:

Fugitive gangsters are increasingly targeting Delhi traders with extortion calls and death threats, causing widespread fear and impacting businesses. The police are grappling with this rising trend, fueled by internet calls and online messaging platforms, demanding immediate action to ensure safety and security.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com