വായുനിലവാരം അപകടാവസ്ഥയിൽ; തടയാൻ എന്ത് ചെയ്തെന്ന് സുപ്രീം കോടതി, ക്വാളിറ്റി കമ്മിഷൻ ‘എയറിൽ’
Mail This Article
ന്യൂഡൽഹി ∙ ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം തടയുന്നതിൽ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. അയൽ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിൽ വൈക്കോൽ കൂട്ടിയിട്ടു കത്തിക്കുന്നത് തടയാൻ കമ്മിഷൻ ഒരു നടപടിയുമെടുത്തില്ല. ഡൽഹിയിലെയും പരിസരപ്രദേശങ്ങളിലെയും മലിനീകരണം തടയാൻ എന്താണ് ചെയ്തതെന്ന് ജഡ്ജിമാരായ അഭയ് എസ്.ഓക, എ.ജി.മസി എന്നിവരുടെ ബെഞ്ച് ചോദിച്ചു. പാടശേഖരങ്ങളിൽ കാർഷിക മാലിന്യങ്ങൾ കൂട്ടിയിട്ടു കത്തിക്കുന്നതിന് പകരം ബദൽമാർഗങ്ങൾ പ്രയോജനപ്പെടുത്താൻ കർഷകരെ പ്രോത്സാഹിപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
മലിനീകരണം തടയാനെടുത്ത നടപടികൾ വ്യക്തമാക്കി വിശദമായ റിപ്പോർട്ട് നൽകണമെന്നു നിർദേശിച്ച കോടതി വാദം കേൾക്കുന്നത് ഒക്ടോബർ 3ലേക്കു മാറ്റി. വൈക്കോൽ കത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ചർച്ച ചെയ്യാൻ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ ഡപ്യൂട്ടി കമ്മിഷണർമാരുടെ യോഗം വിളിച്ചിരുന്നുവെന്ന് കമ്മിഷൻ ചെയർമാൻ രാജേഷ് വർമ പറഞ്ഞു. കൃഷിയിടങ്ങളിൽ തീയിടുന്നതു തടയാനെടുത്ത നടപടികളും നൽകിയിട്ടുള്ള മാർഗനിർദേശങ്ങളും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയും വിശദീകരിച്ചു. എന്നാൽ, ഈ നടപടികളെല്ലാം വായുവിലാണെന്നായിരുന്നു കോടതിയുടെ പ്രതികരണം. ശൈത്യകാലം തുടങ്ങുന്നതിനു മുൻപു തന്നെ അയൽസംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിൽ വൈക്കോൽ കൂട്ടിയിട്ടു കത്തിക്കാൻ ആരംഭിച്ചതോടെ ഡൽഹിയിലെ വായുനിലവാരം ഇപ്പോൾത്തന്നെ അപകടകരമായ അവസ്ഥയിലാണ്.