നമോഭാരത് ട്രെയിൻ: പരീക്ഷണ ഓട്ടം തുടങ്ങി; അതിവേഗക്കുതിപ്പ്
Mail This Article
ന്യൂഡൽഹി∙ ഉത്തർപ്രദേശിലെ സാഹിബാബാദിനും ന്യൂ അശോക് നഗർ ആർആർടിഎസ് സ്റ്റേഷനുമിടയിൽ നമോഭാരത് ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ആരംഭിച്ചു. ന്യൂ അശോക് നഗറും ആനന്ദ് വിഹാറും സരായ് കാലെ ഖാനും ഉൾപ്പെടെ 3 ആർആർടിഎസ് സ്റ്റേഷനുകളാണു ഡൽഹിയിലുള്ളത്. സരായ് കാലെ ഖാൻ സ്റ്റേഷന്റെ നിർമാണം അവസാനഘട്ടത്തിലാണ് പൂർത്തിയാക്കുക. പൂർണതോതിൽ പ്രവർത്തനം തുടങ്ങിയാൽ ന്യൂ അശോക് നഗറിനും മീററ്റിനുമിടയിലുള്ള യാത്രാസമയം 40 മിനിറ്റിൽ താഴെയായി ചുരുങ്ങും. സ്റ്റേഷനുകളുടെയും പാതയുടെയും ബലം പരിശോധിക്കാനാണ് പരീക്ഷണ ഓട്ടം. നമോഭാരത് ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നതോടെ ആനന്ദ് വിഹാർ സ്റ്റേഷൻ ഏറ്റവും തിരക്കേറിയ കേന്ദ്രമായി മാറും. 2 മെട്രോ ലൈനുകളും ഒരു റെയിൽവേ സ്റ്റേഷനും 2 ബസ് സ്റ്റാൻഡുകളും ഇവിടെ ഒരുമിച്ചാണ്.
ആനന്ദ് വിഹാർ ആർആർടിഎസ് സ്റ്റേഷൻ പലവിധ യാത്രാ സൗകര്യങ്ങൾ ലഭ്യമാക്കുന്ന ഹബ് ആയി മാറുമെന്ന് നാഷനൽ ക്യാപ്പിറ്റൽ ട്രാൻസ്പോർട്ട് കോർപറേഷൻ (എൻസിആർടിസി) അറിയിച്ചു.ന്യൂ അശോക് നഗർ മെട്രോ സ്റ്റേഷനിൽ നിന്ന് 100 മീറ്ററിൽ താഴെ ദൂരമേ ന്യൂ അശോക് നഗർ ആർആർടിഎസ് സ്റ്റേഷനിലേക്കുള്ളൂ. ഇരു സ്റ്റേഷനുകളെയും ബന്ധിപ്പിച്ച് നടപ്പാലം നിർമിക്കും. മയൂർവിഹാർ എക്സ്റ്റൻഷൻ, ചില്ല ഗാവ് എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ചും ന്യൂ അശോക് നഗർ നിവാസികൾക്ക് വേണ്ടി പഴയ ശിവ ക്ഷേത്രത്തിനു സമീപത്തേക്കും 2 നടപ്പാലങ്ങൾ കൂടി നിർമിക്കുമെന്ന് എൻസിആർടിസി അറിയിച്ചു.
ഡൽഹി– മീററ്റ് ഒരുമണിക്കൂറിൽ
നിലവിൽ മീററ്റിനും സാഹിബാബാദിനുമിടയിൽ 42 കിലോമീറ്റർ ദൂരമാണ് നമോഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നത്. ഇതിനിടയിൽ 9 സ്റ്റേഷനുകളാണുളളത്. ന്യൂ അശോക് നഗറുമായി ബന്ധിപ്പിക്കുമ്പോൾ പാതയുടെ ദൈർഘ്യം 54 കിലോമീറ്ററാകും. സ്റ്റേഷനുകളുടെ എണ്ണം 11 ആകും. ന്യൂ അശോക് നഗറിൽ നിന്ന് സരായ് കാലേ ഖാൻ സ്റ്റേഷനിലേക്കുള്ള പാതയുടെ നിർമാണം പുരോഗമിക്കുകയാണ്. ഇതുൾപ്പെടെ 82 കിലോമീറ്റർ ഇടനാഴിയുടെ നിർമാണം പൂർത്തിയായി കഴിഞ്ഞാൽ ഒരുമണിക്കൂറിനുള്ളിൽ ഡൽഹിയിൽ നിന്ന് മീററ്റിലെത്താം.