ADVERTISEMENT

ന്യൂഡൽഹി∙ വായുമലിനീകരണം രൂക്ഷമായ ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കർശന നിയന്ത്രണ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. ഛഠ് പൂജയും ദീപാവലിയും ഉൾപ്പെടെ ഉത്സവ സീസൺ ആകുന്നതോടെ വായുമലിനീകരണം കൂടുതൽ രൂക്ഷമാകും. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയേറെയാണെന്നും ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് ഡോ. അതുൽ ഗോയൽ സർക്കുലറിലൂടെ മുന്നറിയിപ്പു നൽകി.

ശ്വാസകോശ, ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് വായുമലിനീകരണം കാരണമാകും. ഗർഭസ്ഥ ശിശുക്കളുടെ മരണനിരക്കും ഉയരാനിടയുണ്ട്. കുട്ടികൾ, ഗർഭിണികൾ, മുതിർന്ന പൗരൻമാർ, രോഗികൾ എന്നിവർ ജാഗ്രത പുലർത്തണം. ‌‌ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരും മുനിസിപ്പാലിറ്റി ജീവനക്കാരും പ്രത്യേകം കരുതലെടുക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു.

സംസ്ഥാന ആരോഗ്യവകുപ്പും സർക്കാർ ആശുപത്രികളും മലിനീകരണത്തിൽ നിന്നുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയ്ക്കായി പ്രത്യേകം സംവിധാനങ്ങളൊരുക്കണം. പ്രാദേശികമായി ബോധവൽക്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കണം. ദീപാവലി ഉൾപ്പെടെ ഉത്സവങ്ങൾക്ക് പടക്കം പൊട്ടിക്കുന്നതിൽ കർശനനിയന്ത്രണം പാലിക്കണം. പെട്രോൾ–ഡ‍ീസൽ വാഹനങ്ങളുടെ ഉപയോഗം പരമാവധി ഒഴിവാക്കി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണം. ഡീസൽ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ജനറേറ്ററുകൾ പിൻവലിക്കണമെന്നും നിർദേശമുണ്ട്.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
∙ പുകവലി ഒഴിവാക്കണം
∙ കായിക മത്സരങ്ങൾ ഒഴിവാക്കണം
∙ പുറത്തുള്ള വ്യായാമം ഒഴിവാക്കണം
∙ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ  മുൻകൂട്ടി ചികിത്സ തേടണം
∙ പാചകത്തിനും മറ്റാവശ്യങ്ങൾക്കും ശുദ്ധീകരിച്ച  ഇന്ധനം ഉപയോഗിക്കുക
∙ സർക്കാരിന്റെ മൊബൈൽ ആപ്ലിക്കേഷനിലൂടെ 
വായുമലിനീകരണം രൂക്ഷമായ സ്ഥലങ്ങൾ കണ്ടെത്തി യാത്ര ഒഴിവാക്കണം

English Summary:

With air pollution levels in Delhi and other parts of India expected to worsen significantly during the upcoming festive season, the Union Health Ministry has issued a directive urging strict implementation of pollution control measures. The directive emphasizes public awareness, health precautions, and enforcement of regulations to mitigate the health risks associated with severe air pollution.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com