യമുനയിൽ വിഷപ്പത; ശുദ്ധജല പ്രതിസന്ധി അതിരൂക്ഷം
Mail This Article
ന്യൂഡൽഹി∙ ശുദ്ധജലക്ഷാമം രൂക്ഷമായതോടെ ജനജീവിതം ദുരിതത്തിൽ. മലയാളികൾ കൂടുതലുള്ള വസന്ത്കുഞ്ച്, വികാസ്പുരി, ശ്രീനിവാസ്പുരി, പട്ടേൽ നഗർ, ലക്ഷ്മിനഗർ,ജോർ ബാഗ്, ലോധി കോളനി, ബികെ ദത്ത് കോളനി, കർബല, അലിഗഞ്ച്, ഗോൾഫ് ലിങ്ക്‌സ്, ഭാരതി നഗർ, പണ്ടാര പാർക്ക്, പണ്ടാര റോഡ് തുടങ്ങിയ മേഖലകളിലാണ് പ്രതിസന്ധി രൂക്ഷം.യമുനയിൽ വിഷാംശമുള്ള പത അടിഞ്ഞുകൂടിയതോടെ സോണിയ വിഹാർ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് പൂട്ടി. ഗംഗ, യമുന നദികളിൽ നിന്നുള്ള ജലം സംസ്കരിച്ച് ഏകദേശം 3.5 ദശലക്ഷം പേർക്ക് ശുദ്ധജലമെത്തിക്കുന്ന ഈ പ്ലാന്റ് 2004ലാണ് പണിതത്. പലയിടത്തും രാവിലെ മാത്രമാണ് ഇപ്പോൾ വെള്ളം ലഭിക്കുന്നത്. ജോലിക്കു പോയി തിരിച്ചെത്തുന്നതിനു മുൻപേ വെള്ളമെത്തുന്ന ഇടങ്ങളിൽ ആളുകൾക്ക് ടാങ്കുകൾ നിറയ്ക്കാനും കഴിയുന്നില്ല.
ശുദ്ധജല ഉപയോഗത്തിൽ കർശന ജാഗ്രത വേണമെന്നു സർക്കാർ നിർദേശിച്ചിട്ടുണ്ട്. വെള്ളം പാഴാക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്ന മുന്നറിയിപ്പുണ്ട്, പരിശോധനയ്ക്കായി സ്ക്വാഡുകളും രംഗത്തുണ്ട്. ടാങ്കർ വഴിയുള്ള ജലവിതരണം ഏകോപിപ്പിക്കാൻ കൺട്രോൾ റൂമും തുറന്നു. ശുദ്ധജല ലഭ്യത കുറവും വായു മലിനീകരണവും കോളറ പോലുള്ള രോഗങ്ങളുടെ വ്യാപനത്തിനു കാരണമായിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
ശ്രദ്ധിക്കാം
∙കുടിക്കുന്ന വെള്ളം ശുദ്ധമാണെന്നു ഉറപ്പ് വരുത്തണം.
∙തിളപ്പിച്ചാറിയ വെള്ളം നല്ലത്.
∙പുറത്ത് പോകുമ്പോൾ കുടിക്കുന്നതിനു തിളപ്പിച്ചാറിയ വെള്ളം കരുതാം.
∙രുചിയിലോ മണത്തിലോ സംശയമുള്ള ഭക്ഷണങ്ങൾ കഴിക്കരുത്. .
∙ഭക്ഷണം പാചകം ചെയ്യാനും കഴിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങൾ ശുദ്ധജലത്തിൽ മാത്രം കഴുകുക.
∙പാനീയങ്ങളിൽ ശുദ്ധജലം ഉപയോഗിച്ച് തയാറാക്കിയ ഐസ് മാത്രം ചേർക്കുക.
∙വയറിളക്ക രോഗങ്ങളുണ്ടായാൽ വളരെ ശ്രദ്ധിക്കണം. നിർജലീകരണം ഉണ്ടാകാതിരിക്കാൻ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം,ഒ.ആർ.എസ്. എന്നിവ ഇടയ്ക്കിടയ്ക്ക് കഴിക്കണം.
∙ വയറിളക്കമുള്ളപ്പോൾ ഒആർഎസിനൊപ്പം ഡോക്ടറുടെ നിർദേശാനുസരണം സിങ്കും നൽകാം.
∙വയറിളക്കം കുറഞ്ഞില്ലെങ്കിൽ എത്രയും വേഗം വൈദ്യ സഹായം തേടണം.