ഒരുനിമിഷം ശ്വസിക്കുന്ന വായു ഒരുദിവസം 50 സിഗരറ്റുകൾ വലിക്കുന്നതിനെക്കാൾ അപകടകരം
Mail This Article
ന്യൂഡൽഹി ∙ തുടർച്ചയായി മൂന്നാംദിവസവും ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷത്തിലേക്ക് ഉണർന്ന് ഡൽഹി. ശരാശരി വായുനിലവാര സൂചിക (എക്യുഐ) 488. അലിപ്പുർ, ആനന്ദ് വിഹാർ, നരേല, ബവാന, പുസ, സോണിയ വിഹാർ എന്നിവിടങ്ങളിൽ എക്യുഐ 500 കടന്നു. ഒരുനിമിഷം അകത്തേക്കു ശ്വസിക്കുന്ന വായു ഒരുദിവസം 50 സിഗരറ്റ് വലിക്കുന്നതിനെക്കാൾ അപകടകരമായ അവസ്ഥയിലാണെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. അതിനാൽ, ശ്വാസതടസ്സം ഉൾപ്പെടെയുള്ള ലക്ഷണവുമായെത്തുന്ന രോഗികളുടെ ചികിത്സയ്ക്കായി പ്രത്യേക സംവിധാനമൊരുക്കണമെന്നു സർക്കാർ ആശുപത്രികൾക്കു നിർദേശം നൽകിയിട്ടുണ്ട്.
വർക്ക് ഫ്രം ഹോം, ഒറ്റ–ഇരട്ട അക്ക വാഹന നിയന്ത്രണം എന്നിവ ഉടൻ ഏർപ്പെടുത്തുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു. ‘നിലവിൽ ഡൽഹി ആരോഗ്യ അടിയന്തരാവസ്ഥയിലാണ്. ഇത് തരണം ചെയ്യുന്നതിനായി സാധ്യമായ എല്ലാ മാർഗങ്ങളും തേടും’– മന്ത്രി പറഞ്ഞു. സർക്കാരിന്റെ വാഹന നിയന്ത്രണം എത്രമാത്രം പ്രായോഗികമായ പരിഹാരമാണെന്ന് സുപ്രീം കോടതി കഴിഞ്ഞ വർഷം ആരാഞ്ഞിരുന്നു. വിദഗ്ധരുടെ ഉപദേശം തേടിയതിനു ശേഷം മാത്രമേ ഇത്തവണ ഈ മാതൃകയിലുള്ള വാഹന നിയന്ത്രണം ഏർപ്പെടുത്തൂവെന്നാണ് റായ് കഴിഞ്ഞദിവസം പറഞ്ഞത്.
ഗുരുതരാവസ്ഥ
നഗ്നനേത്രങ്ങളിൽ പെടാത്ത കണിക പദാർഥങ്ങളും (പർട്ടിക്കുലേറ്റ് മാറ്റർ) ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന വാതകങ്ങളുമാണ് ഡൽഹിയിലെ വായു ശ്വസിക്കുന്നതിലൂടെ മനുഷ്യശരീരത്തിലെത്തുന്നത്. പിഎം 2, പിഎം 10, നൈട്രജൻ ഡയോക്സൈഡ്, സൾഫർ ഡയോക്സൈഡ്, ഓസോൺ തുടങ്ങിയവ ശ്വാസകോശത്തിലെത്തുന്നു. ഇവ പിന്നീട് രക്തത്തിൽ കലരുന്നതിലൂടെ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നു. വാഹനങ്ങളിൽ നിന്നും വ്യവസായശാലകളിൽ നിന്നും ചാണകവും മാലിന്യവും കത്തിക്കുന്നതിൽ നിന്നുമാണ് ഇവ അന്തരീക്ഷത്തിലെത്തുന്നത്.
‘ഇത്രയേറെ രൂക്ഷമായ വായുമലിനീകരണത്തിൽ ജീവിക്കുന്നവർക്കു തുടക്കത്തിൽ ശ്വാസതടസ്സം, ചുമ, തളർച്ച എന്നിവ അനുഭവപ്പെടും. പിന്നീട് ഇത് ആസ്മ, ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗം എന്നിവയ്ക്കുമിടയാക്കും’– ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ റെസ്പിറേറ്ററി ക്രിട്ടിക്കൽ കെയർ വിഭാഗത്തിലെ ഡോ.നിഖിൽ മോദി പറഞ്ഞു.
കേന്ദ്ര ഇടപെടൽ തേടി
ഡൽഹിയിലെ വായുമലിനീകരണം കുറയ്ക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരമായി ഇടപടെണമെന്ന് ഗോപാൽ റായ് ആവശ്യപ്പെട്ടു. ‘ഇതൊരു ധാർമിക ഉത്തരവാദിത്തമായി മോദി കണക്കാക്കണം. സംസ്ഥാന സർക്കാർ പലതവണ ആവശ്യപ്പെട്ടിട്ടും വായുനിലവാരം മെച്ചപ്പെടുത്താൻ കൃത്രിമമഴ പെയ്യിക്കുന്നത് കേന്ദ്രസർക്കാർ കണക്കിലെടുത്തില്ല. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവും കേട്ട ഭാവം നടിക്കുന്നില്ല. ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ അദ്ദേഹം രാജിവയ്ക്കണം’– റായ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബിജെപി പ്രതിഷേധം
വായുമലിനീകരണം പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നു ചൂണ്ടിക്കാട്ടി ബിജെപി ആനന്ദ് വിഹാറിൽ പ്രതിഷേധിച്ചു. മലിനീകരണത്തെക്കുറിച്ച് ബോധവൽക്കരണവും മാസ്ക് വിതരണവും നടത്തി. രൂക്ഷമായ വായുമലിനീകരണത്തിൽ ഡൽഹിയിലെ ജനങ്ങൾ ശ്വാസംമുട്ടി കഴിയുമ്പോൾ അരവിന്ദ് കേജ്‌രിവാളും മുഖ്യമന്ത്രി അതിഷിയും രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ പറഞ്ഞു.