ADVERTISEMENT

ന്യൂഡൽഹി∙ വായു മലിനീകരണം രൂക്ഷമായതോടെ അടച്ച ഡൽഹി- എൻസിആറിലെ സ്കൂളുകളും കോളജുകളും 26 മുതൽ തുറന്ന് പ്രവർത്തിക്കും. ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ക്ലാസുകൾ നടത്താനാണ് നിർദേശം. ഓൺലൈൻ സൗകര്യം ലഭ്യമല്ലാത്ത കുട്ടികൾ, രക്ഷിതാക്കൾക്കൊപ്പം സൗകര്യമുള്ള സ്ഥലങ്ങൾ കണ്ടെത്തി ക്ലാസിൽ പങ്കെടുക്കാൻ ശ്രമിക്കണമെന്നാണ് നിർദേശം. 

രക്ഷിതാക്കൾക്കൊപ്പം  മലിനീകരണത്തിന്റെ സാഹചര്യം വിലയിരുത്തി സ്കൂളുകൾ തുറക്കുന്ന കാര്യം പരിഗണിക്കണമെന്ന് കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെൻ്റിന് സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. തുടർന്നാണ് ഗ്രാപ് 3, ഗ്രാപ്പ് 4 നിയന്ത്രണങ്ങളിൽ നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കി പുതിയ നിർദ്ദേശം ഇറക്കിയത്. 

സർക്കാർ സ്കൂളുകൾ അടച്ചിട്ടതോടെ ഉച്ചഭക്ഷണം ലഭിക്കാതായ വലിയൊരു വിഭാഗം വിദ്യാർഥികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജിമാരായ അഭയ് എസ്.ഓക, എ.ജി.മസി എന്നിവരുടെ ബെഞ്ചിന്റെ നടപടി. നിലവിലെ വായുനിലവാരം (എക്യുഐ) മുൻവർഷങ്ങളിലേതുമായി താരതമ്യം ചെയ്തു സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കാനാണു നിർദേശിച്ചത്.

ക്ലാസ് മുറികളിൽ എയർ പ്യൂരിഫയറുകൾ ഉണ്ടാകാം. എന്നാൽ, ഒട്ടുമിക്ക വീടുകളിലും ഈ സംവിധാനമില്ല. വീടിനകത്തിരിക്കുന്നതും പുറത്തിറങ്ങുന്നതും തമ്മിൽ വ്യത്യാസമില്ലെന്നും കോടതി പറഞ്ഞു. സ്കൂളുകളിൽ ക്ലാസുകൾ പുനരാരംഭിക്കണമെന്നു ചൂണ്ടിക്കാട്ടി ഒരുവിഭാഗം മാതാപിതാക്കൾ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി ഇന്റർനെറ്റോ അനുബന്ധ സൗകര്യങ്ങളോ ലഭ്യമാക്കാൻ കഴിയുന്നില്ലെന്നും മാതാപിതാക്കൾ കോടതിയെ അറിയിച്ചു.

കടുപ്പിച്ച് സുപ്രീം കോടതി: ‘നിയന്ത്രണം നടപ്പാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണം’
ന്യൂഡൽഹി ∙  വായുമലിനീകരണം കുറയ്ക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നടപ്പാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. വായുമലിനീകരണത്തിൽ തൃപ്തികരമായ കുറവുണ്ടായാൽ മാത്രമേ നിയന്ത്രണങ്ങളിൽ ഇനി ഇളവ് അനുവദിക്കൂ എന്നും വ്യക്തമാക്കി. ഗ്രേഡ് റെസ്പോൺസ് ആക്‌ഷൻ 4 (ഗ്രാപ്പ് 4) നിയന്ത്രണങ്ങളിൽ ഇളവു വരുത്തണോ എന്ന വിഷയമാണു കോടതി പരിഗണിച്ചത്.

വായുനിലവാരത്തിൽ (എക്യുഐ) ആശ്വാസകരമായ മാറ്റമുണ്ടായാൽ മാത്രമേ നിയന്ത്രണങ്ങൾ ഗ്രാപ്പ് 3, ഗ്രാപ്പ് 2 ഘട്ടങ്ങളിലേക്കു ചുരുക്കാൻ കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റിന് (സിഎക്യുഎം) അനുമതി നൽകൂ എന്നും ജഡ്ജിമാരായ അഭയ്.എസ്. ഓക, എ.ജി.മസി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്ന കാര്യം പരിഗണിക്കണമെന്നും നിർദേശിച്ചു.

ഗ്രാപ്പ് 4 നിയന്ത്രണ നടപടികൾ കർശനമായി നടപ്പാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നു സിഎക്യുഎമ്മിനോടാണു കോടതി നിർദേശിച്ചത്. വലിയ തോതിൽ മലിനീകരണമുണ്ടാക്കുന്ന ട്രക്കുകളും വാണിജ്യ വാഹനങ്ങളും ഡൽഹിയിലേക്കു കടക്കാതിരിക്കാൻ നഗരാതിർത്തികളിലെ പ്രവേശന കവാടങ്ങളിൽ പൊലീസുകാരെ നിയോഗിച്ചില്ല. വേണ്ടിവന്നാൽ ഇക്കാര്യത്തിൽ ഡൽഹി പൊലീസ് കമ്മിഷണറെ വിചാരണ ചെയ്യാൻ നിർദേശിക്കുമെന്നും കോടതി മുന്നറിയിപ്പു നൽകി.

കെട്ടിട നിർമാണ സൈറ്റുകളിലെ വിലക്കു മൂലം തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾക്ക് ആശ്വാസമായി സംസ്ഥാന സർക്കാരുകൾ പിരിച്ച ലേബർ സെസ് ഫണ്ട് ഉടൻ നൽകണമെന്നും നിർദേശിച്ചു. നിയന്ത്രണങ്ങളും നിരോധനങ്ങളും മൂലം സാധാരണക്കാരായ തൊഴിലാളികളും ദിവസ വേതനക്കാരും കഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട അധികൃതർക്കു നിർദേശം നൽകണമെന്നും സിഎക്യുഎമ്മിനോട് കോടതി പറഞ്ഞു.

അയൽസംസ്ഥാനങ്ങളിൽ നിന്നു ഡൽഹിയിലേക്കു കടക്കാനുള്ള ഒട്ടുമിക്ക പ്രവേശന കവാടങ്ങളിലും ട്രക്ക് നിരോധനം ഫലപ്രദമായി നടപ്പാകുന്നില്ലെന്ന് കോർട്ട് കമ്മിഷണർമാർ കോടതിയെ അറിയിച്ചു. ചെക്ക് പോസ്റ്റുകളിൽ ഡൽഹി ഗതാഗത വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരില്ല. 83 പ്രവേശന കവാടങ്ങൾ പരിശോധിച്ചതിൽ ഒട്ടുമിക്കവയിലും മതിയായ സംവിധാനങ്ങളില്ല.

റോഡിന് നടുവിൽ കയറി നിന്നാണ് ഉദ്യോഗസ്ഥർ ട്രക്കുകൾ നിർത്തുന്നത്. കഴിഞ്ഞ 22ന് കോടതി നിർദേശിച്ചതിന് ശേഷം മാത്രമാണ് എല്ലാ പ്രവേശനകവാടങ്ങളിലും പൊലീസുകാരെ നിയോഗിച്ചതെന്നും അറിയിച്ചു. കോർട്ട് കമ്മിഷണർമാരുടെ പ്രവർത്തനങ്ങളെ കോടതി അഭിനന്ദിച്ചു. തുടർന്നും പരിശോധനകൾ നടത്തി കോടതിക്കു റിപ്പോർട്ട് നൽകണമെന്നും നിർദേശിച്ചു.

English Summary:

Following a Supreme Court directive, schools and colleges in Delhi-NCR are set to reopen today after being closed due to severe air pollution. The court emphasized the importance of midday meals and access to education, urging a balanced approach considering air quality and student needs. While online and offline classes will be available, concerns remain about air purifier access and internet availability for all students.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com