ഹെൽത്ത് സെന്ററിന്റെ ‘ആരോഗ്യം’ ഈ മലയാളി ഡോക്ടർ; ദ്വാരക സെക്ടർ 19 നിവാസികൾ പറയുന്നു
Mail This Article
∙ ദ്വാരക സെക്ടർ 19ലെ സർക്കാർ ഹെൽത്ത് സെന്ററിലേക്ക് കയറിച്ചെന്ന് ‘ഡോക്ടറുണ്ടോ?’ എന്ന് ചോദിച്ചാൽ ‘ഉണ്ടല്ലോ..!’ എന്ന് നല്ല പച്ചമലയാളത്തിൽ മറുപടി കിട്ടും. ഡൽഹിയിലെ ഏറ്റവും മികച്ച സർക്കാർ ഹെൽത്ത് സെന്റർ എന്ന നേട്ടത്തിലേക്ക് സെക്ടർ 19ലെ യുപിഎച്ച്സി എത്തിയത് ഈ മലയാളി ഡോക്ടറുടെ കൈപിടിച്ചാണ്, കണ്ണൂർ പാപ്പിനിശേരി സ്വദേശി ഡോ.ഷോല ചിത്രൻ.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേഡ്സ് (എൻക്യുഎഎസ്) സർട്ടിഫിക്കേഷനിൽ 94.96% മാർക്കു നേടിയാണ് ഡോ.ഷോല ചിത്രന്റെ നേതൃത്വത്തിലുള്ള ദ്വാരക സെക്ടർ 19 യുപിഎച്ച്സി ഡൽഹിയിലെ ഏറ്റവും മികച്ച ആരോഗ്യ കേന്ദ്രമായത്.
നാനൂറോളം ഹെൽത്ത് സെന്ററുകളുള്ള ദേശീയ തലസ്ഥാന മേഖലയിൽ ഇതുവരെ ആകെ 5 സെന്ററുകൾക്കേ എൻക്യുഎഎസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളൂ. അതിൽ ഏറ്റവും അധികം സ്കോർ നേടി സർട്ടിഫിക്കറ്റ് നേടിയ സ്ഥാപനമാണ് യുപിഎച്ച്സി സെക്ടർ 19. 2023 ജനുവരിയിലാണ് ഡോ.ഷോല ചിത്രൻ ഇവിടെ മെഡിക്കൽ ഓഫിസർ ഇൻ–ചാർജായി എത്തുന്നത്. പിന്നീടങ്ങോട്ട് ആരോഗ്യ പരിപാലന രംഗത്ത് ‘കേരള മോഡൽ’ പരിഷ്കരണങ്ങളായിരുന്നു.ചികിത്സാരേഖകളുടെ കൃത്യമായ പാലനം,
പ്രോട്ടോക്കോൾ അനുസരിച്ചുള്ള ചികിത്സ, ബോധവൽക്കരണ പരിപാടികൾ, ഔട്ട്റീച്ച് പരിപാടികൾ എന്നിങ്ങനെ ഹെൽത്ത് സെന്ററിന്റെ പ്രവർത്തനങ്ങൾ മികച്ച മാതൃക സൃഷ്ടിച്ചു. അതോടൊപ്പം ഹെൽത്ത് മിഷൻ മികച്ച ആരോഗ്യകേന്ദ്രങ്ങൾക്കു നൽകുന്ന കായകൽപ അവാർഡ് 2023ലും 2024ലും നേടി.
അതിനു പിന്നാലെയാണ് ഡോ.ഷോലയുടെ നേതൃത്വത്തിൽ എൻക്യുഎഎസ് സർട്ടിഫിക്കറ്റ് നേടാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. നവംബർ 11, 12 ദിവസങ്ങളിലായിരുന്നു ആരോഗ്യമന്ത്രാലയത്തിന്റെ പരിശോധന. രോഗ ചികിത്സ, പ്രതിരോധ, രോഗനിർണയ സേവനങ്ങളുടെ ലഭ്യത, പ്രാഥമിക ശുശ്രൂഷ സൗകര്യങ്ങൾ, ആശുപത്രിയിലെ അണുബാധ നിയന്ത്രണം, ശുചിത്വം, സുരക്ഷിതവും ശുചിത്വപരവുമായ പ്രസവ പരിചരണം,
അടിസ്ഥാനസൗകര്യങ്ങളും പരിശോധന ഉപകരണങ്ങളുടെ ലഭ്യതയും, രോഗികളുടെ സംതൃപ്തി വർധിപ്പിക്കൽ എന്നിവയാണ് പരിശോധിക്കുന്ന ഘടകങ്ങൾ. തുടർന്ന് കഴിഞ്ഞദിവസമാണ് ഹെൽത്ത് സെന്ററിന് ഏറ്റവും ഉയർന്ന മാർക്കോടെ എൻക്യുഎഎസ് സർട്ടിഫിക്കറ്റ് ലഭിച്ചത്. 3 വർഷമാണ് സർട്ടിഫിക്കറ്റിന്റെ കാലാവധി. പിന്നീട്, വീണ്ടും പരിശോധന നടത്തും.
ദിവസേന 120ലേറെപ്പേർ ചികിത്സ തേടിയെത്തുന്ന ദ്വാരക സെക്ടർ 19ലെ സർക്കാർ ഹെൽത്ത് സെന്ററിൽ മലയാളികളും എത്താറുണ്ടെന്ന് ഡോ.ഷോല പറയുന്നു. മികച്ച അന്തരീക്ഷവും സുരക്ഷിതവും ഫലപ്രദമായ ചികിത്സയും ഒരുക്കുന്ന ആരോഗ്യകേന്ദ്രത്തിൽ പരിശോധനയും ടെസ്റ്റുകളും മരുന്നുകളും സൗജന്യമായാണ് ലഭ്യമാക്കുന്നത്.
കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലെ പഠനത്തിനുശേഷം കേരള ആരോഗ്യവകുപ്പിൽ ജോലി ചെയ്യവേ 2019ലാണ് ഡോ.ഷോല ചിത്രൻ ഡൽഹിയിലെത്തുന്നത്. തുടർന്ന് ഡൽഹി ആരോഗ്യവകുപ്പിൽ ജോലി ആരംഭിച്ചു. യുഎസ് എംബസിയിൽ ഡോക്ടറായി സേവനം ചെയ്യുന്ന ഡോ.ആശ്ലേഷാണ് ഭർത്താവ്.