വായിക്കാം, ആമിനയുടെ ഡൽഹി വിശേഷങ്ങൾ
Mail This Article
∙ ഉത്തരേന്ത്യയുടെ ഉള്ളുതൊട്ടറിഞ്ഞ ജീവിതങ്ങളും കണ്ണുനിറയെ കണ്ട കാഴ്ചകളും അബ്രീദ ബാനുവിനെ എഴുത്തുകാരിയാക്കി. 6 വർഷം മുൻപ് നിയമം പഠിക്കാൻ ഡൽഹിയിലേക്കു വന്ന പെൺകുട്ടി പല നാടുകളെയും നാട്ടുകാരെയും കണ്ട് മനസ്സുനിറഞ്ഞപ്പോൾ ആ വിശേഷങ്ങളെല്ലാം ഉള്ളിലൊതുക്കി വയ്ക്കാനുള്ളതല്ലെന്ന് ഉറപ്പിച്ചു. അങ്ങനെ അതുവരെ കറങ്ങിനടന്നതിന്റെ വിശേഷങ്ങളുമായി ആദ്യപുസ്തകം ‘കറക്കം’ പുറത്തിറങ്ങി. ഇപ്പോൾ ഡൽഹി തന്നെ കഥാപരിസരമാക്കിയുള്ള പുതിയ നോവലും പ്രസിദ്ധീകരിച്ചു. മറ്റൊരു നോവലിന്റെ പണിപ്പുരയിലുമാണെന്ന് അബ്രീദ പറയുന്നു.
ഉത്തരേന്ത്യയിലെ 9 സ്ഥലങ്ങളും നേപ്പാൾ യാത്രയും കൂടി 10 അധ്യായങ്ങളുള്ള യാത്രാവിവരണമാണു ‘കറക്കം’. കോഴിക്കോട് ലിറ്റ് ആർട്ട് ആണ് പ്രസിദ്ധീകരിച്ചത്. രാജസ്ഥാനിലെ പുഷ്കർ മേള, പഞ്ചാബിലെ ഗ്രാമീണ ദൃശ്യങ്ങൾ, 2018ലെ പ്രയാഗ്‌രാജ് കുംഭമേള, ഉത്തരാഖണ്ഡിലെ വാലി ഓഫ് ഫ്ലവേഴ്സ്, ഗോവയിലെ ദൂത്‌സാഗർ വെള്ളച്ചാട്ടം, ഹിമാചൽ പ്രദേശിലെ ഖീർഗംഗ, പ്രശാർ, മുംബൈ, തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് അബ്രീദയുടെ വാക്കും വരികളും കറക്കത്തിന്റെ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്. കോവിഡ് ലോക്ഡൗൺ കാലത്ത് 6 മാസം കൊണ്ടാണ് യാത്രാവിവരണം എഴുതി പൂർത്തിയാക്കിയതെന്ന് അബ്രീദ പറഞ്ഞു.
ജാമിയ സർവകലാശാലയിലെ പഠനകാലം സമ്മാനിച്ച സൗഹൃദങ്ങൾക്കിടയിലും പുറത്തും ‘കറക്കം’ ഹിറ്റായി. എഴുതാനുള്ള പ്രേരണ കൂടി. അങ്ങനെ എഴുത്തിന്റെ മറ്റൊരു അധ്യായം കൂടി തുറന്നു. ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യ പശ്ചാത്തലമായി ഒരു നോവൽ പിറന്നു: ‘ആമിന, ടു ആൻഡ് ഫ്രം ഡൽഹി’. ഔദ്യോഗികമായി പ്രകാശനം കഴിഞ്ഞിട്ടില്ലെങ്കിലും ‘ആമിനയുടെ ഡൽഹി വിശേഷങ്ങളുമായി’ അച്ചടി കഴിഞ്ഞയുടൻ പുസ്തകം സുഹൃത്തുക്കളുടെ കൈകളിലെത്തിയിട്ടുണ്ട്.
‘നാട്ടിൽ നിന്നു ഡൽഹിയിലേക്കു പഠിക്കാൻ വരുന്ന പെൺകുട്ടിയുടെ ജീവിതമാണ് നോവലിന്റെ ഇതിവൃത്തം. ഈ നഗരവുമായി ഇണങ്ങിച്ചേരാനുള്ള ആമിനയുടെ ശ്രമങ്ങളും ഇവിടെ കണ്ടുമുട്ടുന്ന മനുഷ്യരും അപൂർവമെന്ന് തോന്നാവുന്ന അവളുടെ ചില സൗഹൃദങ്ങളുമൊക്കെയാണ് നോവലിൽ വിവരിക്കുന്നത്’– അബ്രീദ പറഞ്ഞു.
∙ ആത്മകഥാപരമാണോ നോവൽ ?
ഇതിനോടം ഒരുപാടുപേർ ചോദിച്ച ചോദ്യത്തിന് അബ്രീദയുടെ മറുപടിയിങ്ങനെ: ‘നോവലിന്റെ പശ്ചാത്തലം പറഞ്ഞപ്പോൾത്തന്നെ പലരും ചോദിച്ചതാണിത്. പക്ഷേ, നോവൽ തികച്ചും ഭാവനയിൽ നിന്നെഴുതിയതാണ്. ഒരുപക്ഷേ എന്നെയേറെ സ്വാധീനിച്ച ചില മനുഷ്യരോ സ്ഥലങ്ങളോ അതേ രൂപത്തിലല്ലാതെ കഥയിൽ കടന്നുവന്നിട്ടുണ്ടാകാം. അതു സ്വാഭാവികമായി സംഭവിച്ചു പോകുന്നതാണ്’.
ഇനി നോവലിനെക്കുറിച്ചുള്ള ഏറ്റവും കൗതുകകരമായ ഒരു വിശേഷം: വെറും ഒരുമാസം കൊണ്ടാണ് അബ്രീദ ഇതെഴുതി പൂർത്തിയാക്കിയത്. കോഴിക്കോട് മാൻകൈൻഡ് ബുക്സ് ആണ് പ്രസാധകർ.
∙ എഴുത്തിൽ ഡൽഹിയുടെ സ്വാധീനം ?
‘തീർച്ചയായുമുണ്ട്. നമ്മൾ ജീവിച്ചുവളർന്ന ചുറ്റുപാടുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായൊരു അന്തരീക്ഷം. ചരിത്രവും സ്മാരകങ്ങളും നിറഞ്ഞ ഇവിടെ ഇനിയും കണ്ടുതീർക്കാൻ ഒരുപാടുണ്ട്. ഡൽഹിയിലെ ഭക്ഷണ വൈവിധ്യം, ചരിത്രപ്രാധാന്യം, രാഷ്ട്രീയം അങ്ങനെ പല പ്രമേയങ്ങൾ. ഡൽഹിയെക്കുറിച്ച് ഒരുപാടെഴുതണമെന്നുണ്ട്.’
ജാമിയ സർവകലാശാലയിൽ നിന്ന് നിയമപഠനം പൂർത്തിയാക്കിയ അബ്രീദ ഇപ്പോൾ ഡൽഹിയിൽ അഭിഭാഷകയായി പ്രാക്ടിസ് ചെയ്യുകയാണ്. ജീവിതപങ്കാളി ഇൻഫാസ് മാലിക് ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പിഎച്ച്ഡി ചെയ്യുന്നു. കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്ത് ആംസിസ് മുഹമ്മദിന്റെയും സൗദയുടെയും മകളാണ് അബ്രീദ. സഹോദരി അസിൻ ബാനു ബിരുദവിദ്യാർഥിയാണ്.