ഗുണ്ടാ വാഴ്ച; പൊലീസ് നിഷ്ക്രിയരെന്ന് കേജ്‌രിവാൾ
Mail This Article
ന്യൂഡൽഹി∙ ഡൽഹി ഗുണ്ടാസംഘങ്ങളുടെ പിടിയിലായെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള പൊലീസ് നിഷ്ക്രിയരാണെന്നും എഎപി കൺവീനർ അരവിന്ദ് കേജ്‌രിവാൾ ആരോപിച്ചു. ക്രമസമാധാന പ്രശ്നങ്ങളെക്കുറിച്ച് ഉന്നയിച്ച പരാതികളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നടപടിയെടുക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ തനിക്കുതന്നെ അക്രമം നേരിടേണ്ടി വന്നുവെന്നും കേജ്‌രിവാൾ പറഞ്ഞു. കഴിഞ്ഞ ദിവസം മാളവ്യനഗറിൽ പദയാത്രയ്ക്കിടെ ഒരാൾ കേജ്‌രിവാളിന്റെ ദേഹത്ത് ദ്രാവകമൊഴിച്ചിരുന്നു.കേജ്‌രിവാളിന് നേർക്കുണ്ടായ അക്രമത്തിനു പിന്നിൽ ബിജെപിയാണെന്നാണ് എഎപിയുടെ ആരോപണം. എന്നാൽ, ജനശ്രദ്ധ പിടിച്ചുപറ്റാൻ എഎപി ആസൂത്രണം ചെയ്തതാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവയുടെ മറുപടി.
കേജ്‌രിവാളിന്റെ ദേഹത്ത് ദ്രാവകമൊഴിച്ചതിന് ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷനിൽ ബസ് മാർഷലായി ജോലി ചെയ്യുന്ന അശോക് ഝാ(41) എന്നയാളാണ് പിടിയിലായത്. ആറുമാസമായി ശമ്പളം മുടങ്ങിയതിന്റെ പേരിലാണ് കേജ്‌രിവാളിനെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. എഎപിയുടെ രൂപീകരണ സമയത്ത് സംഭാവന നൽകിയിരുന്നു. എന്നാൽ, വ്യാജ വാഗ്ദാനങ്ങൾ നൽകി പാർട്ടി ജനങ്ങളെ പറ്റിക്കുകയാണെന്നും അശോക് ഝാ പറഞ്ഞെന്ന് പൊലീസ് വിശദീകരിച്ചു. പദയാത്രയ്ക്കിടെ കേജ്‌രിവാളിന്റെ ദേഹത്തൊഴിച്ചത് വെറും വെളളമാണെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ, കേജ്‌രിവാളിന്റെ ദേഹത്ത് സ്പിരിറ്റ് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു അക്രമികളുടെ ഉദ്ദേശ്യമെന്ന് മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു.