വായുമലിനീകരണം: ഗ്രാപ്പ് 4 നിയന്ത്രണത്തിൽ സുപ്രീം കോടതി; വായു നന്നാകാതെ ഇളവ് നൽകില്ല
Mail This Article
ന്യൂഡൽഹി∙ വായുമലിനീകരണം രൂക്ഷമായപ്പോൾ ഏർപ്പെടുത്തിയ ഗ്രാപ്പ് 4 നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാകില്ലെന്നു സുപ്രീംകോടതി. വായുനിലവാരം മെച്ചപ്പെട്ട ശേഷം മാത്രം നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്ന കാര്യം പരിഗണിക്കാമെന്നാണു ജഡ്ജിമാരായ അഭയ് എസ്. ഓക, എ.ജി. മസി എന്നിവരുടെ ബെഞ്ച് പറഞ്ഞത്.ഡൽഹിയിൽ വായുമലിനീകരണം നിയന്ത്രിക്കാൻ വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ്, ഡൽഹി പൊല്യൂഷൻ കൺട്രോൾ ബോർഡ്, ഡൽഹി പൊലീസ് തുടങ്ങിയവർ പരസ്പര സഹകരണമില്ലാതെയാണ് പ്രവർത്തിക്കുന്നത്.
എല്ലാവരുടെയും സഹകരണം ഉറപ്പു വരുത്തേണ്ടത് സിഎക്യുഎമ്മിന്റെ ചുമതലയാണെന്നും കോടതി വ്യക്തമാക്കി.പാടത്തു തീയിടുന്നത് അവസാനിപ്പിക്കുന്നത് ഉൾപ്പെടെ വായുമലിനീകരണം കുറയ്ക്കുന്നതിന് ശാശ്വത പരിഹാര മാർഗങ്ങളാണ് ആരായുന്നത്. അക്കാര്യം ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് നൽകാൻ അമിക്കസ് ക്യൂറിയോടും കോടതി നിർദേശിച്ചു.
നഷ്ടപരിഹാരം നൽകണം
കെട്ടിട നിർമാണ വിലക്കേർപ്പെടുത്തിയതോടെ തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാത്ത ഡൽഹി–എൻസിആർ സംസ്ഥാനങ്ങളെ കോടതി രൂക്ഷമായി വിമർശിച്ചു. ‘നഷ്ടപരിഹാരം നൽകണമെന്ന കോടതിയുടെ നിർദേശം സർക്കാരുകൾ ഗൗരവമായെടുത്തെന്ന് തോന്നുന്നില്ല. ഒറ്റപ്പൈസ പോലും കൊടുത്തതിന്റെ തെളിവ് കാണുന്നില്ല. ഇക്കാര്യം വിശദീകരിക്കാൻ ഡൽഹി, ഹരിയാന, യുപി, രാജസ്ഥാൻ സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാർ 5ന് വിഡിയോ കോൺഫറൻസിങ്ങിലൂടെ ഹാജരാകട്ടെ. എന്നാലേ, സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ വേണ്ടത്ര ഗൗരവം കാണിക്കൂ’– കോടതി പറഞ്ഞു.
നഷ്ടപരിഹാരത്തിന് അർഹരായവരെ കണ്ടെത്തി പട്ടിക തയാറാക്കി. ഉടൻ വിതരണം ചെയ്യുമെന്ന് ഡൽഹി സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി. 19,000 െകട്ടിട നിർമാണ തൊഴിലാളികൾക്കാണ് നഷ്ടപരിഹാരത്തിന് അർഹതയുള്ളത്. നഷ്ടപരിഹാരം നൽകുന്നതിനുള്ള നിർദേശം ബന്ധപ്പെട്ട വകുപ്പ് ഉടൻ നൽകുമെന്നും അറിയിച്ചു. നിർദേശമുണ്ടോ എന്നല്ല, മറിച്ച് നഷ്ടപരിഹാരം നൽകിയതിന്റെ തെളിവാണ് കാണേണ്ടതെന്നായിരുന്നു കോടതിയുടെ മറുപടി. അതേസമയം, തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകിയെന്ന് രാജസ്ഥാൻ സർക്കാരിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
അഭിഭാഷകർക്ക് ഭീഷണി
ഡീസൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ കോർട്ട് കമ്മിഷണർമാരായി നിയമിച്ച അഭിഭാഷകർ തങ്ങൾക്ക് ഭീഷണിയുണ്ടെന്ന് ഇന്നലെ കോടതിയെ അറിയിച്ചു. ഞെട്ടലുണ്ടാക്കുന്ന വിവരമാണിതെന്നായിരുന്നു കോടതിയുടെ പ്രതികരണം. അഭിഭാഷകർക്ക് ആവശ്യമെങ്കിൽ സായുധരായ പൊലീസുകാരുടെ ഉൾപ്പെടെ സംരക്ഷണം നൽകണമന്നും ഡൽഹി പൊലീസിനോട് നിർദേശിച്ചു. കോർട്ട് കമ്മിഷണർമാർക്ക് സുരക്ഷാ ഭീഷണിയുണ്ടായ വിഷയത്തിൽ റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ടു.
ടോൾബൂത്തുകളുടെ പരിസരത്ത് കുപ്രസിദ്ധ ഗുണ്ടാ സംഘങ്ങളും ഷൂട്ടർമാരുമുണ്ടെന്നും ഇവർ ടോൾ നൽകാറില്ലെന്നും പൊലീസ് തന്നെയാണ് അറിയിച്ചതെന്നും അഭിഭാഷകർ പറഞ്ഞു. വിലക്ക് ലംഘിച്ച് നടക്കുന്ന കെട്ടിട നിർമാണ സൈറ്റിന്റെയും നഗരത്തിൽ കടന്ന ഡീസൽ വാഹനങ്ങളുടെയും ചിത്രമെടുക്കാൻ ശ്രമിച്ചപ്പോൾ ഭീഷണി നേരിട്ടെന്നും അറിയിച്ചു. ഡൽഹി അതിർത്തികളിൽ പാടത്ത് തീയിടുന്ന സംഭവങ്ങൾ ഇപ്പോഴും തുടരുന്നുണ്ടെന്നും അഭിഭാഷകർ കോടതിയുടെ ശ്രദ്ധയിൽപെടുത്തി.