രോഹിണി സെക്ടർ 2ൽ ഉൾപ്പെടെ പലയിടത്തും ദുരിതം; പൈപ്പിലൂടെ എത്തിയത് ദുർഗന്ധമുള്ള മലിനജലം
Mail This Article
രോഹിണി ∙ രോഹിണി സെക്ടർ 2ൽ ഉൾപ്പെടെ പലയിടത്തും ശുദ്ധജല വിതരണ പൈപ്പിലൂടെ ലഭിച്ചത് മലിനജലമെന്ന് പരാതി. നസീർപുർ, ഗാസിപ്പുർ വില്ലേജ്, പശ്ചിം വിഹാർ, കക്രോള, സന്തോഷ് പാർക്ക് എന്നിവിടങ്ങളിലും ഇന്നലെ ലഭിച്ചത് ദുർഗന്ധമുള്ള വെള്ളമായിരുന്നുന്നെന്നു പ്രദേശവാസികൾ പറഞ്ഞു.‘ഓവുചാലിലൂടെ ഒഴുകുന്ന ജലത്തിന്റെ മണമാണ്. മഞ്ഞ നിറവുമുണ്ട്. കുടിക്കാൻ പോയിട്ട് വസ്ത്രങ്ങൾ കഴുകാനോ മറ്റ് അടുക്കള ആവശ്യങ്ങൾക്കോ പോലും ഇത് ഉപയോഗിക്കാനാകില്ല’– ജനങ്ങൾ പരാതിപ്പെട്ടു.
പൈപ്പുപൊട്ടി മലിനജലം കലർന്നതാണെന്നാണ് ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ പ്രതികരണം. പല മേഖലകളിലെയും പൈപ്പുകൾ വർഷങ്ങളുടെ പഴക്കമുള്ളവയാണ്. എന്നിട്ടും, കാലങ്ങളായി ഇവ മാറ്റുകയോ അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്തിട്ടില്ല. ശുദ്ധജലത്തിന്റെ ഗുണനിലവാര റിപ്പോർട്ട് നേരത്തേ ജല ബോർഡിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും ഒരുവർഷമായി ഇത് നിർത്തലാക്കിയിരിക്കുകയാണ്.