വിമാനയാത്ര: വൻ നിരക്ക് തടയണമെന്ന് എംപിമാർ
Mail This Article
ന്യൂഡൽഹി ∙ കേരളത്തിൽനിന്നുള്ള വിമാനയാത്രയ്ക്കു വൻ നിരക്ക് ഈടാക്കുന്നതു തടയണമെന്ന് എംപിമാർ രാജ്യസഭയിൽ ആവശ്യപ്പെട്ടു. ഭാരതീയ വായുയാൻ വിധേയക് ബില്ലിന്റെ ചർച്ചയിലാണ് എംപിമാർ ആവശ്യമുന്നയിച്ചത്. യാത്രക്കാരുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാത്ത ബില്ലാണെന്നു പി.സന്തോഷ് കുമാർ എംപി പറഞ്ഞു. വിമാനം റദ്ദാക്കുന്നതു മൂലം യാത്ര മുടങ്ങുന്നവർക്കുള്ള നഷ്ടപരിഹാരത്തെപ്പറ്റി ബില്ലിൽ പറയുന്നില്ല. ഗൾഫ് മേഖലയിലേക്ക് ടിക്കറ്റ് വില 41% വർധിച്ചു. ടിക്കറ്റ് നിരക്കു നിയന്ത്രിക്കുന്നതിൽ സർക്കാരിനു പങ്കില്ലെന്നാണു പറയുന്നത്. – സന്തോഷ് കുമാർ പറഞ്ഞു.
രാജ്യസഭയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തുനിന്നു ഡൽഹിയിലേക്കു വിമാന ടിക്കറ്റിനു തനിക്ക് 78,000 രൂപ നൽകേണ്ടി വന്നുവെന്നു ഹാരിസ് ബീരാൻ എംപി പറഞ്ഞു. ‘ഇതു കുറ്റകൃത്യമാണ്. ഡൽഹിയിൽ നിന്നു റോമിലേക്ക് 40,000 രൂപ മാത്രമേ വേണ്ടിവന്നുള്ളു. അവധിക്കാലത്ത് ഗൾഫ് യാത്രക്കാരെ കൊള്ളയടിക്കുകയാണ്. 75,000 രൂപ വരെയാകും ടിക്കറ്റ് നിരക്ക്. തിരക്കില്ലാത്ത സീസണിൽ 5,000 രൂപയും’ ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടി. സ്വകാര്യ കമ്പനികളാണു നിരക്കു തീരുമാനിക്കുന്നതെന്നും വ്യോമയാന മേഖല നിയന്ത്രിക്കുന്നതു ടാറ്റയും ഇൻഡിഗോയും അദാനിയും അടങ്ങുന്ന ‘ത്രീ മെൻ ആർമി’യാണെന്നും എ.എ.റഹിം എംപി പറഞ്ഞു. ബിൽ രാജ്യസഭ അംഗീകരിച്ചു.