ADVERTISEMENT

നേബ്സരായ്∙ സൗത്ത് ഡൽഹിയിലെ ദേവ്‌ലി വില്ലേജിൽ കൊലപാതകങ്ങളിൽ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയത് നിരന്തരം തന്നെ അവഗണിച്ചതിനുള്ള വൈരാഗ്യത്തിലാണെന്ന് പിടിയിലായ അർജുൻ തൻവർ(20) പൊലീസിനോട് പറഞ്ഞത്. കഴി‍ഞ്ഞ ദിവസമാണ് നേബ്സരായ് ദേവ്‌ലി വില്ലേജിലെ വീട്ടിൽ വിമുക്തഭടനായ രാജേഷ്കുമാർ(51), ഭാര്യ കോമൾ(46), മകൾ കവിത(23) എന്നിവരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. മോത്തിലാൽ നെഹ്റു കോളജിൽ രണ്ടാംവർഷ പൊളിറ്റിക്കൽ സയൻസ് ബിരുദ വിദ്യാർഥിയായ അർജുൻ ബോക്സിങ് താരവുമാണ്. സംസ്ഥാനാന്തര മത്സരത്തിൽ ഡൽഹിയെ പ്രതിനിധീകരിച്ച് വെള്ളിമെഡൽ നേടിയിട്ടുണ്ട്.

കുരുക്കായി മൊഴികളിലെ വൈരുധ്യം
കഴിഞ്ഞ ദിവസം പുലർച്ചെ 6.53നാണ് വീട്ടിൽ അച്ഛനും അമ്മയും സഹോദരിയും കൊല്ലപ്പെട്ടെന്ന് അർജുൻ പൊലീസിനെ വിളിച്ചറിയിച്ചത്.  ജിമ്മിൽ പോയി മടങ്ങിവന്നപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന കുടുംബാംഗങ്ങളെയാണു കണ്ടതെന്ന് പൊലീസിനോട് പറഞ്ഞു. അമ്മയുടെ സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കളെയും  വിവരമറിയിച്ചു. പരിസരത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും പൊലീസ് നായയെ കൊണ്ടുവന്നിട്ടും പൊലീസിനു സംശയകരമായി ഒന്നും കണ്ടെത്താനായില്ല.

അയൽവാസികളെ ചോദ്യം ചെയ്തതിൽ നിന്ന് കുടുംബത്തിന് വ്യക്തിപരമായി ആരോടും ശത്രുതയില്ലെന്നു മനസ്സിലായി. മോഷണശ്രമം നടന്നതിന്റെ ലക്ഷണങ്ങളുമില്ലായിരുന്നു. അതിനിടെ അർജുന്റെ പരസ്പരവിരുദ്ധമായ മൊഴികളിൽ സംശയം തോന്നിയ പൊലീസ് ഇയാളെ പലതവണ ചോദ്യം ചെയ്തു.  തുടർച്ചയായി  ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കുറ്റസമ്മതം നടത്തിയത്.

കുരുതി 25ാം വിവാഹവാർഷിക ദിവസം
മാതാപിതാക്കളുടെ 25–ാം വിവാഹ വാർഷികദിനമാണ് ക്രൂരകൃത്യം ചെയ്യാൻ അർജുൻ തിരഞ്ഞെടുത്തത്. കൃത്യത്തിന് ശേഷം സംശയം തോന്നാതിരിക്കാൻ അയൽക്കാരുടെ ശ്രദ്ധയിൽപെടുന്ന തരത്തിൽ  പ്രഭാത സവാരിക്കിറങ്ങി. അച്ഛന്റെ ആർമി നൈഫാണ്(കഠാര) കൊലയ്ക്കുപയോഗിച്ചത്. വീടിന്റെ താഴത്തെ നിലയിലെ മുറിയിൽ ഉറങ്ങിക്കിടന്നിരുന്ന സഹോദരിയുടെ കഴുത്തറുത്തു മരിച്ചെന്ന് ഉറപ്പാക്കി. പിന്നീട് മുകൾനിലയിൽ മാതാപിതാക്കളുടെ മുറിയിലെത്തി.

ഉറങ്ങിക്കിടന്ന അച്ഛന്റെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം ശുചിമുറിയിലായിരുന്ന അമ്മയേയും വകവരുത്തിയെന്ന് പൊലീസ് പറഞ്ഞു. പിന്നീട് വേഷം മാറിയ ശേഷം രക്തം പുരണ്ട വസ്ത്രങ്ങളും കഠാരയും ബാഗിലിട്ട് സഞ്ജയ് വനിൽ ഉപേക്ഷിച്ചു. വീട്ടിലെത്തി ശുചിമുറിയിലേയും മറ്റും രക്തക്കറ കഴുകിത്തുടച്ച ശേഷമാണ് പൊലീസിൽ വിവരമറിയിച്ചത്.സ്വത്ത് 

കൈവിട്ടു; പക കൂടി
കൊലപാതകത്തിന് ഉപയോഗിച്ച കഠാരയും അർജുന്റെ രക്തം പുരണ്ട വസ്ത്രങ്ങളും സഞ്ജയ് വനിലെ കാട്ടിൽ നിന്നും കണ്ടെടുത്തെന്നും പൊലീസ് പറഞ്ഞു. വീട്ടുജോലികൾ ചെയ്യാത്തതിലും പഠനത്തിന്റെ കാര്യം പറഞ്ഞും മാതാപിതാക്കൾ നിരന്തരം വഴക്കു പറഞ്ഞിരുന്നു. ബോക്സിങ് താരമാകണമെന്ന ആഗ്രഹത്തിനും വീട്ടുകാർ എതിരായിരുന്നു. പഠനത്തിൽ ഉഴപ്പാണെന്നു പറഞ്ഞ് വീട്ടിൽ തന്നെ സ്ഥിരമായി അവഗണിക്കുകയും സഹോദരിയോട് കൂടുതൽ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു.

ബോക്സിങിൽ സംസ്ഥാന തലത്തിൽ ജേതാവായിട്ടും വീട്ടുകാർ അംഗീകരിക്കുകയോ അഭിനന്ദിക്കുകയോ ചെയ്തില്ല. പഠനത്തിൽ മികവുപുലർത്തിയിരുന്ന സഹോദരിയെ മാതാപിതാക്കൾ എപ്പോഴും പുകഴ്ത്തിയിരുന്നു. അതിനിടെയാണ് വീടും സ്വത്തുക്കളും സഹോദരിയുടെ പേരിലാണ് എഴുതിവച്ചിരിക്കുന്നതെന്നറിഞ്ഞതെന്നും അർജുൻ പൊലീസിനോട് പറഞ്ഞു. സഹോദരി കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് ആയിരുന്നത് കൊണ്ടാണ് ഉറക്കത്തിൽ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും പറഞ്ഞു. അർജുനെതിരെ കൊലക്കുറ്റം ചുമത്തിയെന്ന് ജോയിന്റ് കമ്മിഷണർ സി.പി. ജെയ്ൻ പറഞ്ഞു.

English Summary:

Nebsarai Triple Murder: A young man in Delhi confessed to killing his parents and sister on their anniversary, citing resentment over property disputes and perceived neglect as motives. The police are currently investigating the crime scene and gathering evidence.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com