ADVERTISEMENT

ന്യൂഡൽഹി∙ ഗുരുഗ്രാമിൽ ഓൺലൈൻ ടാക്സി ഡ്രൈവർ യുവതിയെ തോക്കിൻ മുനയിൽ നിർത്തി കൊള്ളയടിച്ചതിന് പിന്നാലെ നഗരത്തിലെ ഓൺലൈൻ ഓട്ടോ, ടാക്സി യാത്രകൾ സുരക്ഷിതമാണോയെന്ന ചോദ്യമുയരുന്നു. രാത്രിസമയങ്ങളിൽ വനിതാ യാത്രക്കാരോട് ഇരട്ടി ചാർജ് ഈടാക്കുന്നുവെന്നു പരാതിയുണ്ട്. രാത്രികാലങ്ങളിൽ ഇടറോഡുകളിലേക്കും ഗലികളിലേക്കുമാണ് പോകേണ്ടതെങ്കിൽ കൃത്യസ്ഥലത്ത് എത്തിക്കാതെ വഴിയിൽ ഇറക്കിവിടുന്നതും പതിവാണ്.

ട്രിപ് കാൻസൽ ചെയ്യരുത്
ശ്രദ്ധിക്കേണ്ട മറ്റൊരു തട്ടിപ്പു കൂടിയുണ്ട്. ഓൺലൈൻ ആപ്പിൽ ബുക്ക് ചെയ്ത ടാക്സി എത്തിയാലുടൻ എത്ര രൂപയാണ് ചാർജ് കാണിച്ചതെന്ന് ഡ്രൈവർ ചോദിക്കും. ആപ്പിൽ ട്രിപ് കാൻസൽ ചെയ്തോളൂ, അതിൽ കാണിച്ച തുക തന്നെ തന്നാൽ മതിയെന്നും പറയും. ട്രിപ് കാൻസൽ ചെയ്ത് ഓഫ്‌ലൈനായി യാത്ര തുടർന്നാൽ പിന്നെ ട്രാക്ക് ചെയ്യാൻ കഴിയില്ല. കൊള്ളയടിക്കപ്പെടാനും മറ്റ് ആപത്തുകൾക്കുമുള്ള സാധ്യത കൂടുതലാണ്.

ബ്ലേഡിന് വരയുമെന്ന് ഡ്രൈവർ
കഴിഞ്ഞ ഒക്ടോബർ 5ന് കശ്മീരി ഗേറ്റിലേക്കു ടാക്സിയിൽ യാത്ര ചെയ്ത ഡൽഹി സർവകലാശാല വിദ്യാർഥിനിയെ ഡ്രൈവർ ബ്ലേഡിനു വരയുമെന്ന് ഭീഷണിപ്പെടുത്തി. രാത്രി 11നാണ് മണിപ്പൂർ സ്വദേശിയായ പെൺകുട്ടി ടാക്സി ബുക്ക് ചെയ്തത്. കാറിൽ കയറി കുറച്ചുദൂരം കഴിഞ്ഞാണ് കാശ്മീരി ഗേറ്റിലേക്കുള്ള റൂട്ടിലല്ല വണ്ടി നീങ്ങുന്നതെന്ന് മനസ്സിലായത്. ഡ്രൈവറോട് ചോദിച്ചപ്പോൾ ഷോർട്ട് കട്ട് ആണെന്ന് പറഞ്ഞു. വീണ്ടും സംശയം തോന്നിയ യുവതി ഊബറിൽ സേഫ്റ്റി ഓപ്ഷൻ ഉപയോഗിച്ചു.

ആളൊഴിഞ്ഞ സ്ഥലത്ത് വണ്ടി നിർത്തിയ ഡ്രൈവർ പെൺ‌കുട്ടിയെ വകവരുത്തുമെന്നു ഭീഷണിപ്പെടുത്തി. ഭയന്നു നിലവിളിച്ച് ഇറങ്ങിയോടിയ പെൺകുട്ടി തൊട്ടടുത്തു കണ്ട സ്ഥാപനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അരികിലെത്തിയതോടെ ഡ്രൈവർ വണ്ടിയുമായി സ്ഥലംവിട്ടു. പെൺകുട്ടി നൽകിയ പരാതിയിൽ ഡ്രൈവർ വിനോദിനെ തൊട്ടടുത്ത ദിവസം പൊലീസ് അറസ്റ്റ് ചെയ്തു.

 മകന്റെ മുന്നിൽ മർദനം
കഴിഞ്ഞ മാർച്ചിൽ ‘സിംപ്ലി ബ്ലഡ്’ സ്റ്റാർട്ടപ്പ് സ്ഥാപകൻ കിരൺ വർമയെ മകന്റെ മുന്നിൽ ഓല ടാക്സി ഡ്രൈവർ മർദിച്ച സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ടാക്സി ചാർജ് ഓൺലൈനായി നൽകാമെന്ന് പറഞ്ഞപ്പോൾ പണം തന്നെ വേണമെന്ന് ഡ്രൈവർ വാശിപിടിച്ചു. വാക്കുതർക്കത്തിനിടെ പണം നൽകി ഒഴിവാകാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ കയ്യേറ്റം ചെയ്യുകയായിരുന്നു. സംഭവം സ്കൂൾ വിദ്യാർഥിയായ മകനിൽ വലിയ മാനസിക ആഘാതമുണ്ടാക്കിയെന്നും കിരൺ വ്യക്തമാക്കിയിരുന്നു. കിരൺ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിരുന്നു.

ജഡ്ജിക്കും രക്ഷയില്ല
ഏതാനും വർഷംമുൻപാണ് ഡൽഹിയിൽ വനിതാ സെഷൻസ് ജഡ്ജിയോട് അപമര്യാദയായി പെരുമാറിയ ഓല കാബ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കമല മാർക്കറ്റിൽ കാർ നിർത്തണമെന്നും കടയിൽ കയറണമെന്നും ജഡ്ജി ആവശ്യപ്പെട്ടു. എന്നാൽ, അസഭ്യം പറഞ്ഞ് കാറിൽ നിന്നിറക്കി വിട്ട ഡ്രൈവർ ജഡ്ജിയുടെ ബാഗ് റോഡിലേക്കു വലിച്ചെറിഞ്ഞു. ജഡ്ജിയുടെ പരാതിയിൽ തൊട്ടടുത്ത ദിവസം ഇയാളെ ഗുരുഗ്രാമിൽ നിന്ന് അറസ്റ്റ് ചെയ്തു.

കമ്പനിയും ഞെട്ടി
മകനൊപ്പം യാത്ര ചെയ്യുമ്പോഴാണ് ബ്ലൂസ്മാർട്ട് ഓൺലൈൻ ടാക്സി ഡ്രൈവർ യുവതിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി അക്കൗണ്ടിൽ നിന്നും തന്റെ യുപിഐ അക്കൗണ്ടിലേക്ക് 55,000 രൂപ ട്രാൻസ്ഫർ ചെയ്യിപ്പിച്ചത്. സംഭവത്തിനു പിന്നാലെ ഖേദം പ്രകടിപ്പിച്ച് ബ്ലൂസ്മാർട്ട് കമ്പനി രംഗത്തെത്തിയെങ്കിലും ഡൽഹി, എൻസിആറിലെ രാത്രികാല ടാക്സി യാത്രകൾ അത്ര സുരക്ഷിതമല്ലെന്നാണ് സംഭവം വ്യക്തമാക്കുന്നത്. ഓൺലൈൻ ടാക്സി സർവീസുകളിൽ ഏറ്റവും കൂടുതൽ സുരക്ഷ ഉറപ്പു നൽകുന്നതാണ്

ബ്ലൂസ്മാർട്ട്. യാത്രയ്ക്കിടെ തോക്ക് ചൂണ്ടിയ ഡ്രൈവർ സോനു സിങ് യുവതിയോട് ഫോണിൽ ബാങ്ക് അക്കൗണ്ടിൽ എത്ര തുകയുണ്ടെന്നു കാണിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് പണം തന്റെ യുപിഐ അക്കൗണ്ടിലേക്ക് ഇട്ട ശേഷം ഇവരുടെ പെട്ടിയും ബാഗും തട്ടിയെടുത്തു വഴിയിൽ ഇറക്കിവിട്ടു. തൊട്ടടുത്ത ദിവസം തന്നെ സോനു സിങ്ങിനെ അറസ്റ്റ് ചെയ്തു.

English Summary:

Online taxi safety is under scrutiny in Gurugram following the armed robbery of a female passenger. This incident has ignited concerns about the dangers women face when using ride-hailing services, including inflated fares and unsafe drop-off practices.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com