ഗംഗാ നദിയിൽ കാണാതായ മലയാളിയുടെ മൃതദേഹം കിട്ടി
Mail This Article
ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിലെ ഋഷികേശിൽ വിനോദയാത്രയ്ക്കിടെ ഗംഗാ നദിയിൽ വീണു കാണാതായ പത്തനംതിട്ട കോന്നി സ്വദേശി ആകാശ് മോഹന്റെ (27) മൃതദേഹം കണ്ടെത്തി. ഡൽഹി ഖാൻപുർ ദേവ്‌ലി വില്ലേജിൽ താമസിക്കുന്ന കോന്നി സ്വദേശി കെ.കെ.മോഹന്റെയും ശ്യാമളയുടെയും മകനായ ആകാശിനെ 9 ദിവസത്തെ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.
ഗുരുഗ്രാമിലെ ഗ്ലോബൽ അഷ്വറൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആകാശ് ഓഫിസിൽ നിന്നുള്ള അൻപതംഗ സംഘത്തിനൊപ്പമാണ് ഋഷികേശിലേക്കു പോയത്. കുളിക്കുന്നതിനിടെ കാൽവഴുതി നദിയിലേക്കു വീഴുകയായിരുന്നെന്നാണ് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞത്.
ഡൽഹി കേരള ഹൗസ് റസിഡന്റ് കമ്മിഷണറും നോർക്ക റൂട്സ് ഡൽഹി എൻആർകെ ഡവലപ്മെന്റ് ഓഫിസ് പ്രതിനിധികളും ഡെറാഡൂൺ ജില്ലാ ഭരണകൂടവുമായും പ്രദേശത്തെ മലയാളി സംഘടനകളുടെ പ്രതിനിധികളുമായും ബന്ധപ്പെട്ടാണു തിരച്ചിൽ നടപടികൾ ഏകോപിപ്പിച്ചത്.ഋഷികേശിലെ എയിംസിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. സംസ്കാരം പിന്നീട് നടത്തും.