കൊലപാതകവും വെടിവയ്പും കൂടുന്നു, ആശങ്ക അക്രമ പരമ്പരയ്ക്ക് അറുതി വേണം
Mail This Article
ന്യൂഡൽഹി ∙ നഗരത്തിൽ അക്രമ സംഭവങ്ങൾ പെരുകുന്നു; ഇന്നലെയുണ്ടായത് 2 കൊലപാതകങ്ങൾ. ഒരു കുടുംബത്തിലെ മൂന്നുപേരുടെ കൊലപാതകത്തിന്റെ ഞെട്ടൽ മാറും മുൻപേയാണ് വീണ്ടും കൊലപാതകം ആവർത്തിക്കുന്നത്. ക്രമസമാധാന പാലനത്തിൽ അധികൃതർ വീഴ്ച വരുത്തുന്നതിന്റെ ആശങ്കയിലാണ് ജനം. പരസ്പരം പഴിചാരി ഉത്തരവാദിത്തത്തിൽ നിന്ന് ഒലിയുകയാണ് സംസ്ഥാന–കേന്ദ്ര സർക്കാരുകൾ.
പ്രഭാത നടത്തത്തിനിടെ വ്യവസായിയെ വെടിവച്ചു കൊന്നെന്ന വാർത്തയോടെയാണ് ഇന്നലെ നഗരം ഉണർന്നത്. ഷഹ്ദാരയിൽ നടന്ന വെടിവയ്പിൽ അൻപത്തിരണ്ടുകാരനായ സുനിൽ ജെയിനാണ് മരിച്ചത്. ബൈക്കിലെത്തിയ 2 പേർ സുനിലിനെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. അക്രമികൾ ആറ് റൗണ്ട് വെടിയുതിർത്തു. 3 വെടിയുണ്ടകൾ നെഞ്ചിൽ തുളഞ്ഞുകയറി സംഭവ സ്ഥലത്തുതന്നെ സുനിൽ കൊല്ലപ്പെട്ടു. ഗോവിന്ദപുരിയിലാണ് രണ്ടാമത്തെ അക്രമ സംഭവം. പൊതുശുചിമുറി വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടയിൽ അയൽവാസികളുടെ കുത്തേറ്റാണ് പതിനെട്ടുകാരനായ സുധീർ കൊല്ലപ്പെട്ടത്. ഇയാളുടെ രണ്ടു സഹോദരങ്ങൾക്കും കുത്തേറ്റിട്ടുണ്ട്.
മാതാപിതാക്കളെയും സഹോദരിയെയും കൊന്നത് മകൻ
മാതാപിതാക്കളെയും സഹോദരിയെയും ക്രൂരമായി കൊന്ന സംഭവത്തിൽ കഴിഞ്ഞ ബുധനാഴ്ചയാണ് യുവാവ് അറസ്റ്റിലായത്. പഠനത്തിൽ പിന്നോട്ടുപോയതിന് വഴക്കു പറഞ്ഞതാണ് കൊലപാതകത്തിന് പ്രേരണയായത്. സൗത്ത് ഡൽഹിയിലെ നേബ് സരായിയിൽ ഇന്ന് രാവിലെയാണ് സംഭവം. വിവാഹവാർഷിക ദിനത്തിലായിരുന്നു മാതാപിതാക്കളുടെ കൊലപാതകം.
രാജേഷ് (53), ഭാര്യ കോമൾ (47), മകൾ കവിത (23) എന്നിവരാണ് മരിച്ചത്. പ്രഭാത നടത്തത്തിനായി പോയ പ്രതി അർജുൻ തിരിച്ചെത്തിയപ്പോഴാണ് കുടുംബാംഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നായിരുന്നു ആദ്യം പറഞ്ഞത്. പിന്നീട് പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് 3 കൊലപാതകവും താനാണ് ചെയ്തതെന്ന് ഇയാൾ സമ്മതിച്ചത്.
സമാധാനം അകലെ
ഒന്നര മാസത്തിനിടെ 2 സ്ഫോടനങ്ങളാണ് രാജ്യതലസ്ഥാനത്ത് നടന്നത്. പൊതുനിരത്തിൽ അടക്കം വെടിവയ്പും കൊലപാതകങ്ങളും ഏറെ. ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അമിത് ഷായും പരാജയപ്പെട്ടെന്ന ആരോപണവുമായി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ രംഗത്തെത്തി. ഡൽഹി പൊലീസിന്റെ നിയന്ത്രണമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി തിരഞ്ഞെടുപ്പിൽ മുഴുകിയിരിക്കുകയാണെന്ന് അരവിന്ദ് കേജ്‌രിവാൾ ആരോപിച്ചു.
ഡൽഹി ഗുണ്ടാസംഘങ്ങളുടെ നിയന്ത്രണത്തിലാണ്, വെടിവയ്പ്പുകാർ അറസ്റ്റിലാകുമ്പോഴും സൂത്രധാരന്മാർ ഇപ്പോഴും ഒളിവിലാണ്. ഭീഷണി ഫോൺവിളികളും ഗുണ്ടാപ്പിരിവും കാരണം തനിക്ക് വ്യക്തിപരമായി അറിയാവുന്ന പല വ്യവസായികളും ഡൽഹിയിൽ നിന്ന് മാറി താമസിക്കുകയാണെന്നും കേജ്‌രിവാൾ പറഞ്ഞു. സംസ്ഥാനം എഎപി ഭരിക്കുമ്പോഴും ക്രമസമാധാനപാലനം കേന്ദ്ര സർക്കാരിന്റെ പരിധിയിലാണ്.
കുറ്റകൃത്യങ്ങൾ: ഡൽഹി ഒന്നാമത്
രാജ്യത്ത് ഏറ്റവുമധികം കുറ്റകൃത്യങ്ങൾ നടക്കുന്ന നഗരങ്ങളുടെ പട്ടികയിൽ ഡൽഹിയാണ് ഒന്നാം സ്ഥാനത്ത്. 19 നഗരങ്ങളുടെ പട്ടികയിൽ കൊച്ചി മൂന്നാം സ്ഥാനത്താണുള്ളത്. 2021–22 ലെ കുറ്റകൃത്യങ്ങളുടെ കണക്കെടുത്ത് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ തയാറാക്കിയ ക്രൈം ഇൻ ഇന്ത്യ റിപ്പോർട്ടിലാണ് ഡൽഹിയിലെ ക്രമസമാധാന സ്ഥിതി ഗുരുതരമാണെന്ന കണ്ടെത്തലുള്ളത്. റിപ്പോർട്ടു പ്രകാരം കൊൽക്കത്തയാണ് ഏറ്റവും സുരക്ഷിത നഗരം. കേരളത്തിൽ നിന്ന് കോഴിക്കോടും പട്ടികയിലുണ്ട്; 13–ാം സ്ഥാനത്ത്. സൂറത്ത് (2), അഹമ്മദാബാദ് (4), ചെന്നൈ (5) എന്നിവയാണ് ആദ്യ 5 സ്ഥാനങ്ങളിലുള്ള മറ്റു നഗരങ്ങൾ. റജിസ്റ്റർ ചെയ്യുന്ന കേസുകൾ തെളിയിക്കുന്നതിൽ ഏറ്റവും പിന്നിൽ ഡൽഹിയാണ്. പട്ടികയിൽ ഏറ്റവും കുറവ് കുറ്റപത്രങ്ങൾ സമർപ്പിച്ചതും ഡൽഹിയിലാണ്.
3 മാസം; 9 വെടിവയ്പ് കേസുകൾ
കഴിഞ്ഞ 3 മാസത്തിനിടെ ഗുണ്ടാ സംഘങ്ങൾ തമ്മിലേറ്റുമുട്ടിയ 9 വെടിവയ്പ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
∙ സെപ്റ്റംബർ 13– ഗ്രേറ്റർ കൈലാഷിൽ ജിം ഉടമ വെടിയേറ്റു മരിച്ചു.
∙ സെപ്റ്റംബർ 27– നരെയ്നയിൽ കാർ ഷോറൂമിൽ ഗുണ്ടാസംഘങ്ങൾ പരസ്പരം വെടിവച്ചു.
∙ സെപ്റ്റംബർ 28– നാംഗ്‌ലോയിൽ ബേക്കറിക്കു നേരെ ഗുണ്ടാസംഘം വെടിവച്ചു. ഗോഗി ഗ്യാങ്ങാണിതിനു പിന്നിലെന്ന് പൊലീസ് പറയുന്നു.
∙ ഒക്ടോബർ 26– റാണി ബാഗിൽ വ്യാപാരിയുടെ വീടിനു നേർക്ക് വെടിവയ്പുണ്ടായി. ലോറൻസ് ബിഷ്ണോയ് സംഘമാണിതിനു പിന്നിലെന്ന് പൊലീസ് പറയുന്നു.
∙ നവംബർ 4– നാംഗ്‌ലോയിൽ പ്ലൈവുഡ് ഫാക്ടറിക്ക് നേരെ ആക്രമണമുണ്ടായി. ഇതിനു പിന്നിലും ഗോഗി ഗ്യാങ്ങാണെന്നാണ് പൊലീസ് പറയുന്നത്. അന്നു തന്നെ അലിപ്പുരിൽ റിയൽ എസ്റ്റേറ്റ് വ്യാപാരിയുടെ ഓഫിസിനു നേർക്കും വെടിവയ്പ്പുണ്ടായി.
∙ നവംബർ 6– പശ്ചിംവിഹാറിലും ദ്വാരകയിലും ഗുണ്ടാസംഘങ്ങൾ പരസ്പരം വെടിവച്ചു.
∙ നവംബർ 9– കബീർ നഗറിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു.