ബഹുമതിയില്ലെങ്കിൽ ജോലിയും വേണ്ട
Mail This Article
ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷന്റെ വടക്കുകിഴക്കായുള്ള അജ്‌മേരി ഗേറ്റ് ഇന്ന് നാം ഓൾഡ് ഡൽഹി എന്നുവിളിക്കുന്ന പഴയ ഷാജഹാനാബാദിന്റെ കവാടങ്ങളിലൊന്നാണ്. അജ്മേരിന്റെ ദിശയിലേക്കുള്ള കവാടമായതിനാലാണ് ആ പേര് വന്നത്. വടക്കോട്ടുള്ള കവാടത്തിന് കശ്മീരി ഗേറ്റ് എന്ന് പേരുവന്നതുപോലെ. അജ്മേരി ഗേറ്റിന് പടിഞ്ഞാറായി കാണുന്ന ആംഗ്ലോ–അറബിക് സീനിയർ സെക്കൻഡറി സ്‌കൂളിന്റെ കോംപൗണ്ടിനകത്ത് ഒന്നു കയറി നോക്കൂ. പുറത്തുള്ള തിരക്കോ ബഹളമോ ഒന്നും അകത്തില്ല. പ്രൗഢവും പ്രശാന്തസുന്ദരവുമായ മുഗൾ ശൈലിയിലുള്ള മദ്രസയും മസ്‌ജിദും കാണാം. അവയെക്കുറിച്ച് പിന്നീടാകാം.
മുഗൾ കാലത്ത് നിർമിച്ച മദ്രസ–മസ്ജിദ് സമുച്ചയത്തോട് ചേർന്ന് 19– ാം നൂറ്റാണ്ടിൽ ബ്രിട്ടിഷുകാർ നിർമിച്ചവയാണ് ഇന്നു കാണുന്ന മറ്റു കെട്ടിടങ്ങൾ. 1803-ൽ മുഗൾ–മറാഠ സഖ്യ സൈന്യത്തെ പട്പട്ഗഞ്ചിൽ നടന്ന യുദ്ധത്തിൽ പരാജയപ്പെടുത്തിയാണ് ബ്രിട്ടിഷുകാർ ഡൽഹി പിടിച്ചെടുത്തത്. അതിനുശേഷം 1857–ലെ വിപ്ലവം വരെ മുഗൾ രാജാവിനെ തുടരാൻ അനുവദിച്ചെങ്കിലും യഥാർഥ അധികാരം ബ്രിട്ടിഷ് റസിഡന്റിന്റെ കൈകളിലായിരുന്നു.1829-ൽ മുഗൾ രാജാവിന്റെ പ്രധാനമന്ത്രിയായ നവാബ് ഇതിമദ്-ഉദ് ദൗള സിയാവുൾ മുൽക്ക് സയ്യിദ് ഫസ്‌ലി അലിഖാൻ 1,70000 രൂപ ഈസ്‌റ്റ് ഇന്ത്യ കമ്പനിക്ക് നൽകി, ഇവിടത്തെ പാശ്‌ചാത്യ ശാസ്‌ത്രങ്ങളും പൗരസ്‌ത്യശാസ്‌ത്രങ്ങളും പഠിപ്പിക്കാൻ ഒരു പാഠശാല നിർമിക്കാൻ ആവശ്യപ്പെട്ടു. അങ്ങനെയാണ് ഇന്നും പ്രവർത്തിക്കുന്ന ആംഗ്ലോ-അറബിക് സീനിയർ സെക്കൻഡറി സ്‌കൂളിന്റെ ജനനം. തുടർന്നാണു ഡൽഹി കോളജ് എന്ന പേരിൽ ഒരു കോളജും ആരംഭിച്ചത്.
ബ്രിട്ടിഷ് റസിഡന്റ് പലപ്പോഴും ദർബാർ കൂടിയിരുന്നത് ഇവിടെയായിരുന്നു. 1842-ൽ രസകരമായ ഒരു സംഭവം ഇവിടെ നടന്നു. അക്കാലത്തു കവിയും പണ്ഡിതനുമായ മിർസാ ഗാലിബ് മുഗൾ രാജാവ് ബഹദൂർ ഷാ സഫറിന്റെ സദസ്സിലും ബ്രിട്ടിഷുകാരുടെ ഇടയിലും സമ്മതനായിരുന്നു. ദർബാറിൽ സംബന്ധിക്കാൻ ഗാലിബ് പലപ്പോഴും പല്ലക്കിലേറി ഇവിടെയെത്തിയിരുന്നു. അപ്പോഴൊക്കെ കോളജിന്റെ സെക്രട്ടറിയായ സായിപ് പുറത്തുവന്ന് അദ്ദേഹത്തെ ആദരപൂർവം സ്വീകരിച്ച് അകത്തേക്ക് ആനയിക്കുമായിരുന്നു.
അങ്ങനെയിരിക്കെ പേർഷ്യൻ പഠിപ്പിക്കാനുള്ള അധ്യാപകന്റെ തസ്‌തിക ഒഴിഞ്ഞപ്പോൾ (മാസ ശമ്പളം 100 രൂപ) അതിലേക്കു നിയമിക്കാൻ മിർസാ ഗാലിബ്, മോമിൻ ഖാൻ, മൗലവി ഇമാം ബക്ഷ് എന്നിവരുടെ പേരുകളാണ് കോളജ് സെക്രട്ടറി തോമാസൺ പരിഗണിച്ചത്. ഇതിലേക്ക് ഇന്റർവ്യൂവിനായി ആദ്യം ഗാലിബിനെ അദ്ദേഹം ക്ഷണിച്ചു. പതിവുപോലെ ഗാലിബ് പല്ലക്കിലെത്തി. സ്വീകരിച്ചാനയിക്കാൻ സെക്രട്ടറി സായിപ്പിനെ കാണാതെ അദ്ദേഹം പുറത്തുതന്നെ നിന്നു. കുറേക്കഴിഞ്ഞു കാര്യം മനസ്സിലാക്കിയ തോമാസൺ പുറത്ത് വന്നു.
റസിഡന്റിന്റെ അതിഥിയായി വരുമ്പോൾ മാത്രമേ പുറത്തു വന്നു സ്വീകരിക്കൂ എന്നും, ഇപ്പോൾ ജോലിക്കുള്ള ഇന്റർവ്യൂവിന് വന്നതാകയാൽ ഔപചാരികമായി സ്വീകരിക്കാനാവില്ലെന്നും തോമാസൺ പറഞ്ഞു. നഗരത്തിലെ പ്രമാണിയും പണ്ഡിതനുമെന്ന നിലയിൽ തനിക്ക് അതുവരെ ലഭിച്ചിരുന്ന ബഹുമതിയേക്കാൾ കുറഞ്ഞ ബഹുമതിയാവും ബ്രിട്ടിഷുകാരുടെ ശമ്പളക്കാരനായാൽ ലഭിക്കുകയെന്നു മനസ്സിലാക്കിയ ഗാലിബ് ജോലി വേണ്ടെന്ന് പറഞ്ഞ് സ്‌ഥലം വിട്ടു.
1857-ലെ വിപ്ലവം അടിച്ചമർത്തിയ ശേഷം ബ്രിട്ടിഷുകാർ കുറേ നാൾ കോളജും സ്‌കൂളും അടച്ചിട്ട് ഇവിടെ പീരങ്കിപ്പാളയവും പിന്നീട് പൊലീസ് സ്‌റ്റേഷനും സ്‌ഥാപിച്ചു. 1886-ൽ അവ നീക്കം ചെയ്‌തു സ്‌കൂളും കോളജും പുനഃസ്‌ഥാപിക്കുകയായിരുന്നു. ആ കോളജാണു സക്കീർ ഹുസൈൻ കോളജ് എന്ന പേരിൽ ഇന്നും പ്രവർത്തിക്കുന്നത്. (നാട്ടുകാർ ഇപ്പോഴും ഡൽഹി കോളജ് എന്ന് തന്നെയാണു പറയുന്നത്.) കോളജിന്റെ ഒരു ഹോസ്‌റ്റൽ മാത്രമേ ഇന്ന് ഈ സമുച്ചയത്തിൽ പ്രവർത്തിക്കുന്നുള്ളു. എന്നാൽ സ്‌കൂൾ പൂർണമായും ഇവിടെത്തന്നെയുണ്ട്.