ഇനി എയ്റോഡ്രോം ലൈസൻസിന് അപേക്ഷിക്കാം: ആദ്യ വിമാനം പറന്നിറങ്ങി; ആവേശത്തിൽ നോയിഡ
Mail This Article
ന്യൂഡൽഹി ∙ നിർമാണം പൂർത്തിയാകുന്ന നോയിഡ രാജ്യാന്തര വിമാനത്താവളത്തിൽ ആദ്യ യാത്രാ വിമാനം പറന്നിറങ്ങി. ഇൻഡിഗോയുടെ എയർബസ് എ320-232 വിമാനമാണ് വിജയകരമായി പരീക്ഷണപ്പറക്കൽ നടത്തിയത്. വിമാനത്തിനു വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരിച്ചത്. പരീക്ഷണപ്പറക്കൽ വിജയമായതോടെ എയ്റോഡ്രോം ലൈസൻസിന് അപേക്ഷിക്കാം. വിമാനത്താവളം പ്രവർത്തന സജ്ജമാകുന്നതിന് ഏറ്റവും പ്രധാനമാണ് എയ്റോഡ്രോം ലൈസൻസ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (ഡിജിസിഎ) ലൈസൻസ് നൽകുന്നത്. ഇതോടെ 2025 ഏപ്രിൽ 17ന് നിശ്ചയിച്ച ഉദ്ഘാടനത്തിലേക്ക് വിമാനത്താവളം ഒരുപടികൂടി അടുത്തു.
2021 നവംബർ 26-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നോയിഡ വിമാനത്താവളത്തിന് തറക്കല്ലിട്ടത്. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 72 കിലോമീറ്ററും നോയിഡയിൽ നിന്ന് 52 കിലോമീറ്ററും ആഗ്രയിൽ നിന്ന് 130 കിലോമീറ്ററും ദാദ്രിയിൽ മൾട്ടി മോഡൽ ലോജിസ്റ്റിക്സ് ഹബ്ബിൽ നിന്ന് 90 കിലോമീറ്ററും അകലെയാണ് നോയിഡ വിമാനത്താവളം.
1334 ഹെക്ടർ സ്ഥലത്ത് നിർമിക്കുന്ന വിമാനത്താവളത്തിന്റെ ആദ്യഘട്ടം പൂർത്തിയാകുമ്പോൾ പ്രതിവർഷം 1.2 കോടി യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. 2030-ന് അകം ഇത് മൂന്ന് കോടിയായി ഉയരുമെന്നും പിന്നീട് ഇത് ഏഴ് കോടിയായി വർധിക്കുമെന്നുമാണു പ്രതീക്ഷിക്കുന്നത്. സ്വിസ് കമ്പനിയായ സൂറിച്ച് എയർപോർട്ട് ഇന്റർനാഷനൽ എജിയുടെ ഉപ കമ്പനിയായ യമുന ഇന്റർനാഷനൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡും നോയിഡ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡും സംയുക്തമായാണ് വിമാനത്താവളം നിർമിക്കുന്നത്.
ഘട്ടം ഘട്ടമായിട്ടാണ് പ്രവർത്തനം ആരംഭിക്കുക. ഒരു ടെർമിനൽ, ഒരു റൺവേ, 10 എയ്റോബ്രിജുകൾ, 25 പാർക്കിങ് സ്റ്റാൻഡുകൾ എന്നിവ വിമാനത്താവളത്തിലുണ്ട്. 65 വിമാനങ്ങളെ പ്രതിദിനം വിമാനത്താവളം കൈകാര്യം ചെയ്യും. 62 ആഭ്യന്തര സർവീസുകളും രണ്ട് രാജ്യാന്തര സർവീസും ഒരു കാർഗോ സർവീസും വിമാനത്താവളത്തിൽ നിന്നുണ്ടാകും. സുറിച്ച്, സിംഗപ്പൂർ, ദുബായ് എന്നിവിടങ്ങളിലേക്കാകും രാജ്യാന്തര സർവീസുകൾ. ലക്നൗ, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ഡെറാഡൂൺ, ഹുബ്ലി നഗരങ്ങളിലേക്കാകും ആഭ്യന്തര വിമാന സർവീസുകൾ. ഇൻഡിഗോ, ആകാശ എയർ എന്നീ വിമാനക്കമ്പനികൾക്ക് നോയിഡ രാജ്യാന്തര വിമാനത്താവളം ഉപയോഗിക്കാൻ കരാറായിട്ടുണ്ട്. മറ്റു വിമാനക്കമ്പനികളുമായി ചർച്ച പുരോഗമിക്കുകയാണ്.
ടിക്കറ്റ് നിരക്ക് കുറയുമെന്ന് പ്രതീക്ഷ
വിമാനത്താവളം പ്രവർത്തനം ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ. ഡൽഹി വിമാനത്താവളത്തിൽനിന്ന് 72 കിലോമീറ്റർ മാത്രം ദൂരെയാണ് നോയിഡ വിമാനത്താവളം.ഡൽഹി വിമാനത്താവളത്തെ അപേക്ഷിച്ച് പത്തു മുതൽ 15 ശതമാനം വരെ ടിക്കറ്റ് നിരക്കിൽ കുറവുണ്ടാവും നോയിഡയിലെന്നാണ് കരുതപ്പെടുന്നത്. ഡൽഹിയിൽനിന്നു ലക്‌നൗവിലേക്ക് 3,500 രൂപയാണ് ടിക്കറ്റിനെങ്കിൽ നോയിഡയിൽ നിന്നു ഇത് 2,800 രൂപ മാത്രമാണ്. ദൂരം കൂടും തോറും ടിക്കറ്റ് നിരക്കിലെ കുറവും കൂടും. ബജറ്റ് യാത്രികർക്ക് മികച്ച ഒരു തിരഞ്ഞെടുപ്പായി നോയിഡ വിമാനത്താവളം മാറാനുള്ള സാധ്യത ഏറെയാണ്.
വിമാന ഇന്ധനത്തിന്റെ വാറ്റ് ഒഴിവാക്കാൻ യുപി സർക്കാർ എടുത്ത തന്ത്രപ്രധാനമായ തീരുമാനം കൂടിയാണ് നോയിഡ വിമാനത്താവളത്തിന് ഗുണമാകുന്നത്. യാത്രികരുടെ എണ്ണം കൂടിയാൽ നികുതി ഒഴിവാക്കിയത് കൊണ്ടുള്ള സാമ്പത്തിക നഷ്ടം തടയാമെന്നാണു കണക്കുകൂട്ടൽ. നിർമാണച്ചെലവ് ആറു വർഷം കൊണ്ടു തിരിച്ചുപിടിക്കാനാവുമെന്നാണ് നോയിഡ വിമാനത്താവള നിർമാണ കമ്പനിയുടെ കണക്കുകൂട്ടൽ.