0.44 ചതുരശ്ര കിലോമീറ്റർ വനം കുറഞ്ഞു; കാണാനില്ല, കാട്
Mail This Article
ന്യൂഡൽഹി∙ വായുമലിനീകരണം രൂക്ഷമാകുന്നതിനിടെ ഡൽഹിയിലെ മരങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നതായി റിപ്പോർട്ട്. രാജ്യത്തൊട്ടാകെ വനപ്രദേശവും മരങ്ങളും വർധിച്ചപ്പോൾ ഡൽഹിയിൽ ആകെ വനപ്രദേശത്തിൽ 0.44 ചതുരശ്ര കിലോമീറ്റർ കുറഞ്ഞെന്നാണ് കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം പാർലമെന്റിൽ വച്ച ‘ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് (ഐഎസ്ആർ 2021) വ്യക്തമാക്കുന്നത്. 2019–2021 കാലയളവിൽ തയാറാക്കിയ റിപ്പോർട്ടാണിത്. ദേശീയ തലത്തിൽ വനപ്രദേശം 1,540 ചതുരശ്ര കിലോമീറ്റർ വർധിച്ചപ്പോഴാണു വായുമലിനീകരണം ഏറ്റവും രൂക്ഷമായ ഡൽഹിയിൽ ഇത്രയേറെ കുറവുണ്ടായത്. പ്രാദേശിക വിഷയങ്ങളും നഗരവൽക്കരണവുമാണ് വനഭൂമി കുറഞ്ഞതിന്റെ പ്രധാനകാരണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
വായുമലിനീകരണം രൂക്ഷമായിട്ടും വനഭൂമി വർധിപ്പിക്കാൻ നടപടിയെടുക്കാത്തതിൽ സുപ്രീംകോടതി കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിനെ വിമർശിച്ചിരുന്നു. കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കണം എന്നതുൾപ്പെടെ കഴിഞ്ഞ ജൂണിൽ സംസ്ഥാന സർക്കാരിനു നിർദേശം നൽകി. എന്നാൽ, കുറെ യോഗങ്ങൾ ചേർന്നു എന്നതല്ലാതെ മറ്റൊരു നടപടിയുമുണ്ടായില്ലെന്നും ജഡ്ജിമാരായ അഭയ് എസ്. ഓക, എ.ജി. മസി എന്നിവരുടെ ബെഞ്ച് വിമർശിച്ചു. ഡൽഹിയിലെ വനവൽക്കരണം ഊർജിതമാക്കാൻ പുറമേ നിന്നുള്ള ഏജൻസിയെ ചുമതലപ്പെടുത്താൻ കോടതി നിർദേശിച്ചു. ഇതിനായി അമിക്കസ് ക്യൂറി ഗുരു കൃഷ്ണകുമാറിനെ ചുമതലപ്പെടുത്തി.
അതേസമയം ഡെറാഡൂൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഡൽഹിയിലെ വനവൽക്കരണത്തിനായി പ്രത്യേകം പദ്ധതി തയാറാക്കുന്നുണ്ടെന്ന് അഡിഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. ഡൽഹിയിൽ ഓരോ മണിക്കൂറിലും 5 മരങ്ങൾ വീതം മുറിച്ചുമാറ്റുന്നുവെന്നു ചൂണ്ടിക്കാട്ടി ശുദ്ധവായുവിന് വേണ്ടി പോരാടുന്ന അമ്മമാരുടെ സംഘടനയായ ‘വാരിയർ മദേഴ്സ്’ സഹസ്ഥാപക ഭവ്‌രീൻ കന്ധാരി സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഇതേത്തുടർന്നു സംസ്ഥാനത്തെ മരങ്ങളുടെ കണക്കെടുക്കണമെന്ന് കഴിഞ്ഞ ജൂണിൽ സുപ്രീംകോടതി സംസ്ഥാന വനംവകുപ്പിനോട് നിർദേശിച്ചിരുന്നു. ഇതുൾപ്പെടെയുള്ള വിഷയങ്ങൾ സുപ്രീംകോടതി 18ന് പരിഗണിക്കും.
തെളിയാതെ വായു
പുകമഞ്ഞ് മാറിയിട്ടും ഡൽഹിയിലെ ശരാശരി വായുനിലവാരം (എക്യഐ) മിക്കയിടത്തും 200നു മുകളിലായിരുന്നു. വരുംദിവസങ്ങളിൽ കുറഞ്ഞ താപനില 8 ഡിഗ്രി സെൽഷ്യസിനും താഴെയായിരിക്കുമെന്നാണു മുന്നറിയിപ്പ്. അതോടെ വായുനിലവാരം വീണ്ടും ഗുരുതരമാകും.