ADVERTISEMENT

ന്യൂഡൽഹി ∙ ‘10 വർഷം കൊടുക്കുന്ന വീട്ടുവാടകയുണ്ടെങ്കിൽ നാട്ടിലൊരു ആഡംബര വീടു വാങ്ങാം’– ഡൽഹി മലയാളികൾക്കിടയിലെ തമാശയെന്നു പറഞ്ഞ് ചിരിച്ചു തള്ളാൻ വരട്ടെ. ഉയർന്നുയർന്ന് ഡൽഹിയിലെ വീട്ടുവാടക ആകാശം തൊട്ടു. നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന് താമസിക്കാനുള്ള ഇടത്തരം വീടിന് 30,000 രൂപയാണ് കുറ​ഞ്ഞ വാടക. ഗേറ്റും സെക്യൂരിറ്റിയുമുള്ള ഒരു നല്ല സൊസൈറ്റിയിൽ താമസിക്കാൻ അൻപതിനായിരം രൂപ കൊടുക്കണം. ഇതിൽ താഴെ ലഭിക്കുന്ന ഒരു ബിഎച്ച്കെ വീടുകളാവട്ടെ സ്ഥലക്കുറവുള്ള ഇടുങ്ങിയ മുറികളും. വായു മലിനീകരണത്തിൽ ജീവൻ നഷ്ടമായേക്കുമെന്ന അവസ്ഥയിൽ ജീവിക്കുന്നവർക്ക് ഇരുട്ടടി കൂടിയാണ് കടിഞ്ഞാണില്ലാതെ കുതിക്കുന്ന വീട്ടുവാടക വർധന. 

വീട്ടുടമസ്ഥരുടെ സമ്മർദ തന്ത്രം 
മയൂർ വിഹാർ ഫേസ് 1ൽ താമസിക്കുന്ന ഐടി ജീവനക്കാരനായ യുവാവ് 22,000 രൂപയ്ക്കാണ് ഒരു ബെഡ്റൂം, ഹാൾ, കിച്ചൻ (1 ബിഎച്ച്കെ) വീട്ടിൽ താമസിക്കുന്നത്. വാടക കരാർ തീരാൻ 2 മാസം ബാക്കി നിൽക്കെ ഉടമ ആവശ്യപ്പെട്ടത് 35,000 രൂപ വാടകയാണ്, 59% വർധന. കൂടിയ വാടക നൽകിയാൽ മാത്രം പോരാ, സെക്യൂരിറ്റി തുകയും കൂട്ടി നൽകണമെന്നുമാണ് ആവശ്യം. ഇത് കൊടുക്കാനാവില്ലെങ്കിൽ വീട് ഒഴിയണം എന്ന ഭീഷണിയും. 

ഈ വാടക കൊടുത്തും താമസിക്കാൻ ആവശ്യക്കാരുണ്ട് എന്നാണ് ഉടമയുടെ അവകാശവാദം. ഇത് ഒറ്റപ്പെട്ട സംഭവമല്ല. വാടക കരാർ എഴുതുമ്പോൾ ഓരോ വർഷവും 10% വർധന എന്നാണ് പറയുന്നതെങ്കിലും പലരും അവശ്യപ്പെടുന്നത് 60%  വരെ വർധനയാണ്. വീട് ഒഴിയേണ്ടി വന്നാൽ വീണ്ടും ബ്രോക്കർ തുകയും ഡിപ്പോസിറ്റും നൽകേണ്ടി വരുന്നതും വീടുമാറുന്ന ചെലവും അധ്വാനവും ഓർക്കുമ്പോൾ പലരും കൂടിയ വാടകയ്ക്ക് താമസിക്കാൻ‌ നിർബന്ധിതരാകുന്നു. 

ഇടനിലക്കാരുടെ കുതന്ത്രം 
അടിക്കടി ആളുകൾ വീടുമാറിയാൽ മാത്രമേ കൃത്യമായി ബ്രോക്കർ കാശ് കിട്ടൂ എന്ന ലളിതമായ സൂത്രവാക്യമാണ് വീട് ഇടനിലക്കാരെ നയിക്കുന്നത്. വാടക കരാർ കാലാവധി അവസാനിച്ച് വാടകക്കാരൻ മറ്റൊരു വീട്ടിലേക്ക് മാറിയില്ലെങ്കിൽ ഇടനിലക്കാരന് കാശ് ലഭിക്കില്ല. ഇതുകൊണ്ടുതന്നെ കൂടിയ വാടകയ്ക്ക് വീട് എടുക്കാൻ ആളുണ്ടെന്നു പറഞ്ഞ് ഉടമയെ പ്രലോഭിപ്പിക്കുന്നതേറെയും ഇടനിലക്കാരാണ്.

ഡൽഹിയിലെ ഓരോ ഡിഡിഎ ഫ്ലാറ്റ് സമുച്ചയങ്ങളും കേന്ദ്രീകരിച്ച് പത്തിലേറെ ഇടനിലക്കാരാണ് പ്രവർത്തിക്കുന്നത്. ഒരു മാസത്തെ വീട്ടുവാടകയ്ക്ക് തുല്യമായ തുകയാണ് ബ്രോക്കർ തുകയായി ഇവർ ഈടാക്കുന്നത്. ചുരുക്കത്തിൽ ഏറ്റവും കുറഞ്ഞത് ഒരു ലക്ഷം രൂപയോളം ചെലവ് വരും ഡൽഹിയിലെ ഓരോ വീടുമാറ്റത്തിനും. 

ഒരു വർഷം, വർധന 50% 
2023നെ അപേക്ഷിച്ച് ഈ വർഷം വീട്ടുവാടക 50% വർധിച്ചു. 2024ന്റെ ആദ്യപാദത്തിൽ വീട്ടുവാടകയിൽ 4 മുതൽ 7 ശതമാനം വരെയാണ് വർധന. റിയൽ എസ്റ്റേറ്റ് മേഖലയിൽ പഠനങ്ങൾ നടത്തുന്ന അനറോക്ക് ഗ്രൂപ്പിന്റെ റിപ്പോർട്ട് പ്രകാരമാണ് ഈ കണക്കുകൾ. ഒരു വർഷം 5 മുതൽ 10 ശതമാനം വരെ മാത്രം വാടക വർധന എന്ന് അവകാശപ്പെടുന്ന സ്ഥലത്താണ് മൂന്നു മാസത്തിൽ 7 ശതമാനം വർധനയുണ്ടായത്. കോവിഡിനു ശേഷമാണ് ദേശീയ തലസ്ഥാന മേഖലയിൽ വാടക വർധന നിയന്ത്രണാധീതമായി ഉയരുന്നത്. കമ്പനികളും മറ്റും വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ജോലിക്കാരെ തിരികെ വിളിച്ചു തുടങ്ങിയതോടെ വീടുകൾക്ക് ആവശ്യക്കാരേറി. ഇതോടെ പരമാവധി ഊറ്റാനുള്ള തന്ത്രങ്ങളോടെ വീട്ടുടമസ്ഥരും രംഗത്തിറങ്ങി.

English Summary:

Delhi rent prices are soaring, forcing many in the Malayalee community to make difficult choices. Landlords are demanding exorbitant increases, brokers are fueling the fire, and affordable housing options are becoming increasingly scarce.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com