അന്തരിച്ച ഷീബ വർഗീസിനെ അനുസ്മരിച്ച് തലസ്ഥാനം; ഇനിയില്ല സ്നേഹത്തണൽ
Mail This Article
ന്യൂഡൽഹി∙ ശുദ്ധവായു പോലും കടന്നുവരാൻ മടിച്ചിരുന്ന ചേരികളിലെ കുട്ടികൾക്ക് അധ്യാപിക; അഭയാർഥി ക്യാംപുകളിൽ വസ്ത്രങ്ങളും മരുന്നുകളുമായി എത്തിയിരുന്നു സഹായി, സംസ്കാരിക മേഖലയിൽ ചുറുചുറുക്കോടെ പ്രവർത്തിച്ചിരുന്ന മലയാളി ! 4 പതിറ്റാണ്ടോളം രാജ്യതലസ്ഥാനത്തെ സന്നദ്ധപ്രവർത്തനങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന ഷീബ വർഗീസിന്റെ വിയോഗം ഉറ്റവർക്കെന്ന പോലെ ആശ്രിതർക്കും തീരാ നഷ്ടമാണ്.
1980കളിൽ രാജ്യതലസ്ഥാനത്തെത്തിയ അഫ്ഗാൻ അഭയാർഥി കുട്ടികളെ ഇംഗ്ലിഷ് അഭ്യസിപ്പിക്കാൻ ഫരീദാബാദിൽ സ്പിൻ (‘സേർവിങ് പീപ്പിൾ ഇൻ നീഡ് ’) എന്ന പേരിൽ സ്നേഹഭവനമൊരുക്കിയ ചാണ്ടി വർഗീസിന്റെ മകളാണ് ഷീബ. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായിരുന്നു വർഗീസ്. 35 വർഷത്തെ സേവനം അവസാനിപ്പിച്ചശേഷവും സന്നദ്ധ പ്രവർത്തനങ്ങൾക്കായി ചാണ്ടി വർഗീസ്, ഭാര്യ മറിയാമ്മയ്ക്കും മക്കളായ ഷീബ,സാറ, ബീന എന്നിവർക്കുമൊപ്പം ഡൽഹിയിൽ തുടർന്നു. ഷീബ പഠിച്ചതും വളർന്നതും ഡൽഹിയിൽ തന്നെയായിരുന്നു. ബിരുദ പഠനം പൂർത്തിയാക്കിയശേഷം പിതാവിന്റെ സേവന പാത പിന്തുടർന്നു.
ആശ്രയം ഇല്ലാത്ത ആൺകുട്ടികളെ പുനരധിവസിപ്പിക്കാൻ 2000ൽ ആശ്രയ ഭവനും പെൺകുട്ടികൾക്കായി 2008-ൽ ആശാഭവനും സ്ഥാപിച്ചു. മരുന്നിനും ഭക്ഷണത്തിനും പഠനസഹായത്തിനുമുൾപ്പെടെ തന്നെ സമീപിച്ചവർക്കു സഹായമായി. 2017 ൽ ആശ്രയ ഭവൻ ബാധിര -മൂക വിദ്യാർത്ഥികളെ പുനരധിവസിപ്പിക്കാനുള്ള റിസോഴ്സ് സെന്റർ ആക്കി മാറ്റി.
ഫരീദാബാദ് സെക്ടർ മൂന്നിൽ ഒരു ചേരി സ്കൂളും ആരംഭിച്ചു. ലാജ് പത് നഗറിലെ അഫ്ഗാൻ സ്കൂളിലും ഷീബ സഹായങ്ങൾ എത്തിച്ചിരുന്നു. ഭർത്താവ് സഞ്ജയ് റാഫേൽ വർഗീസും മക്കളായ കെവിനും മന്നയും സർവ പിന്തുണയുമായി ഷീബയ്ക്കൊപ്പമുണ്ടായിരുന്നു. വൈഡബ്ല്യുസിഎയുടെ സജീവപ്രവർത്തകയായിരുന്നു. വൈഡബ്ല്യുസിഎ ഡൽഹി ഘടകത്തിന്റെ വിവിധ പദവികൾ വഹിച്ചിരുന്ന ഷീബ പിന്നീട് ദേശീയ ബോർഡു മെംബറും വൈസ് പ്രസിഡന്റുമായി. നിലവിൽ ദേശീയ ട്രഷററായി പ്രവർത്തിച്ചുവരികയെയാണ് അർബുദത്തിന് കീഴടങ്ങി യാത്രയായത്. 19ന് ഉച്ചയ്ക്ക് 12.30നു മയൂർവിഹാർ ഫേസ് 1 സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിലെ സംസ്കാര ശുശ്രൂഷകൾക്കുശേഷം തുഗ്ലക്കാബാദ് സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ 3 മണിയോടെ മൃതദേഹം സംസ്കരിക്കും.