ADVERTISEMENT

ന്യൂ‍ഡൽഹി∙ വീണ്ടും അധികാരത്തിലെത്തിയാൽ ‘സ‍ഞ്ജീവനി യോജന’ പദ്ധതിയിൽ ഉൾപ്പെടുത്തി 60 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സർക്കാർ, സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ പ്രഖ്യാപിച്ചു. ‘രാമായണത്തിൽ ലക്ഷ്മണന് ചികിത്സയ്ക്കായി സഞ്ജീവനി എത്തിച്ച ഹനുമാനെപ്പോലെ ഇതാ നിങ്ങളുടെ പുത്രൻ കേജ്‌രിവാൾ സഞ്ജീവനി യോജന കൊണ്ടുവരുന്നു’ എന്നായിരുന്നു പ്രഖ്യാപനം. കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതി എഎപി സർക്കാർ നടപ്പാക്കുന്നില്ലെന്ന ബിജെപിയുടെ വിമർശനങ്ങൾക്കിടെയാണു നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേജ്‌രിവാൾ മുതിർന്ന പൗരൻമാർക്ക് സൗജന്യ ചികിത്സ നൽകുന്ന പദ്ധതി പ്രഖ്യാപിച്ചത്.

 3 ദിവസത്തിനുള്ളിൽ റജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. അർഹരായവരുടെ റജിസ്ട്രേഷൻ നടപടികൾക്കായി എഎപി പ്രവർത്തകർ വീടുകളിലെത്തും. പദ്ധതിയിൽ അംഗമാകുന്നതിന് ഉയർന്ന പ്രായപരിധിയോ ചികിത്സാ ചെലവിന് ഉയർന്ന പരിധി മാനദണ്ഡങ്ങളോ ഇല്ല. വരുമാനത്തിന്റെ അടിസ്ഥാനത്തിലും നിയന്ത്രണമില്ല. കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കാത്തതിനെതിരെ ഡൽഹിയിലെ 7 ബിജെപി എംപിമാർ നൽകിയ ഹർജിയിൽ കഴിഞ്ഞയാഴ്ച ഹൈക്കോടതി ഡൽഹി സർക്കാരിനെ ചോദ്യം ചെയ്തിരുന്നു.   പാവപ്പെട്ടവർക്കു പ്രയോജനപ്പെടുന്ന കേന്ദ്ര പദ്ധതി മറ്റു സംസ്ഥാനങ്ങളിൽ നടപ്പാക്കിയിട്ടും ഡൽഹി സർക്കാർ നടപ്പാക്കാത്തതെന്താണെന്നായിരുന്നു കോടതിയുടെ ചോദ്യം.

എന്നാൽ, പാവപ്പെട്ടവർക്കു സൗജന്യ ചികിത്സ നൽകുന്ന എഎപി സർക്കാരിന്റെ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ ആയുഷ്മാൻ പദ്ധതി ഗുണകരമല്ലെന്നായിരുന്നു ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജിന്റെ മറുപടി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് പോലും ആളുകൾ ചികിത്സ തേടി ഡൽഹിയിലേക്കാണെത്തുന്നതെന്നും മന്ത്രി വിശദീകരിച്ചു.‌‌2020 നിയമസഭ തിരഞ്ഞെടുപ്പിനു മുൻപാണ് എഎപി മുതിർന്ന പൗരൻമാർക്കുള്ള സൗജന്യ തീർഥയാത്രാ പദ്ധതി പ്രഖ്യാപിച്ചത്.പദ്ധതിയുടെ ഭാഗമായി ഒരുലക്ഷത്തിലേറെ വയോജനങ്ങൾക്കു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരം ലഭിച്ചിരുന്നു. അടുത്ത വർഷം ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് പ്രതിമാസം വനിതകൾക്കു നൽകുന്ന 1000 രൂപ സാമ്പത്തിക സഹായം 2100 രൂപയാക്കി വർധിപ്പിക്കുമെന്ന് കേജ‌്‌രിവാൾ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചത്.

സൗജന്യ ചികിത്സ തട്ടിപ്പ്: കോൺഗ്രസ്
ന്യൂഡൽഹി∙ കേജ്‌രിവാൾ പ്രഖ്യാപിച്ച സഞ്ജീവനി യോജന സൗജന്യ ചികിത്സാ പദ്ധതി തിരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള തട്ടിപ്പാണെന്ന് കോൺഗ്രസ് വിമർശിച്ചു.   ജയിൽ മോചിതനായ ശേഷം കേജ്‌രിവാൾ ഒട്ടേറെ സൗജന്യ പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ട്. വനിതകൾക്കുള്ള ധനസഹായം, ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് ഇൻഷുറൻ‌സ് തുടങ്ങി കേജ്‌രിവാൾ പ്രഖ്യാപിച്ച പദ്ധതികളെല്ലാം വോട്ടർമാരെ സ്വാധീനിക്കാനുള്ള തന്ത്രം മാത്രമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവ് പറഞ്ഞു.ഡൽഹിയിലെ സർക്കാർ ആശുപത്രികളുടെയും മൊഹല്ല ക്ലിനിക്കുകളുടെയും നിലവാരം മെച്ചപ്പെടുത്താനാണ് സർക്കാർ ശ്രമിക്കേണ്ടത്.

പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകാൻ കോൺഗ്രസിന്റെ ഭരണകാലത്ത് തുടങ്ങിയ 500ൽ ഏറെ ഡിസ്പെൻസറികൾ എഎപി സർക്കാർ അടച്ചുപൂട്ടി. പകരം പ്രഖ്യാപിച്ച മൊഹല്ല ക്ലിനിക്കുകളിൽ പകുതി പോലും പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല. പൂർത്തീകരിക്കണമെന്ന് ഉദ്ദേശ്യമില്ലാത്ത പദ്ധതികളാണ് കേജ്‌രിവാൾ പ്രഖ്യാപിക്കുന്നതെന്നും ഡിപിസിസി അധ്യക്ഷൻ കുറ്റപ്പെടുത്തി.ഡൽഹിയിലെ വോട്ടർമാർ ബുദ്ധിയുള്ളവരാണ്. കേജ്‌രിവാളിന്റെ വാഗ്ദാനങ്ങളിലെ പൊള്ളത്തരം അവർ തിരിച്ചറിയും. കോൺഗ്രസിന്റെ ന്യായ് യാത്രയിൽ ഇക്കാര്യം വ്യക്തമായതാണ്. സൗജന്യ വാഗ്ദാനങ്ങൾ ജനങ്ങളിൽ സ്വാധീനം ഉണ്ടാക്കില്ലെന്നും യാദവ് പറഞ്ഞു.

English Summary:

Free medical treatment for senior citizens is the centerpiece of Arvind Kejriwal's latest election promise, the Sanjeevani Yojana, sparking controversy and accusations of electioneering. The initiative, offering free treatment in both government and private hospitals, will face scrutiny ahead of Delhi's upcoming elections.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com