ADVERTISEMENT

ന്യൂഡൽഹി ∙ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനുമായി അക്ഷീണം പ്രവർത്തിച്ച വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് രാജ്യത്തെ സാമൂഹിക പ്രവർത്തകർക്ക് ഉത്തമ മാതൃകയാണെന്ന് ഡോ. ശശി തരൂർ എം.പി. ഡൽഹിയിലെ ചാവറ കൾചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചാവറ പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശി തരൂർ.

ആധുനിക ഇന്ത്യയിൽ നിലവിൽ നടപ്പാക്കുന്ന പല സാമൂഹിക പരിഷ്കരണ പരിപാടികളും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും നൂറു വർഷങ്ങൾക്ക് മുൻപ് പരീക്ഷിച്ച് വിജയിച്ചയാളായിരുന്നു ചാവറയച്ചനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജാതി–മത– സാമ്പത്തിക അസമത്വങ്ങൾക്കും വർഗീയ ചിന്തകൾക്കും അതീതമായി ഒരുമയുടെ മാനവികതയിൽ വേരൂന്നിയ ചാവറയച്ചന്റെ ദർശനങ്ങൾ കാലികപ്രസക്തമാണ്. ഒരുകാലത്ത് സമൂഹത്തിൽ അരികുവൽക്കരിച്ചിരുന്ന പിന്നാക്ക സമുദായങ്ങൾക്കും സ്ത്രീകൾക്കും ഉയർത്തെഴുന്നേൽപ്പിന് അനിവാര്യമായ വിദ്യാഭ്യാസത്തിന്റെ വിപ്ലവം അദ്ദേഹം കേരളത്തിൽ സാധ്യമാക്കി.

ഈ ലക്ഷ്യം സാധിക്കാനാണ് ചാവറയച്ചൻ പള്ളികളോടു ചേർന്ന് പള്ളിക്കൂടം സ്ഥാപിച്ചത്. ഇന്ത്യയിൽ ആദ്യമായി ശമ്പളം നൽകി മികച്ച അധ്യാപകരെ നിയമിച്ചതും കുട്ടികൾക്ക് സൗജന്യ ഉച്ചഭക്ഷണം നൽകി തുടങ്ങിയതും ഈ പള്ളിക്കൂടങ്ങളിലാണെന്നും 'സുസ്ഥിരവികസനം ലക്ഷ്യമാക്കി, വിദ്യാഭ്യാസമേഖലയിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് മുന്നോട്ടുവച്ച മാതൃക' എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിൽ ശശി തരൂർ പറഞ്ഞു.

ഡൽഹിയിലെ ചാവറ കൾചറൽ സെന്റർ ഡയറക്ടർ ഫാ. ഡോ. റോബി കണ്ണഞ്ചിറ, ഡൽഹി അതിരൂപത സഹായമെത്രാൻ ബിഷപ് ദീപക് വലേറിയൻ, മുതിർന്ന മാധ്യമപ്രവർത്തകൻ ജോർജ് കള്ളിവയലിൽ എന്നിവർ പ്രസംഗിച്ചു. ഡൽഹിയിലെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയരംഗത്തെ ഒട്ടേറപ്പേർ പങ്കെടുത്തു.

English Summary:

St. Chavara Kuriakose Elias's pioneering educational reforms are a model for sustainable development. Shashi Tharoor praised his work in uplifting marginalized communities in Kerala, India, highlighting the enduring relevance of his humanitarian vision.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com