ഡൽഹിയിൽ വായു മലിനീകരണം കൂടുതൽ; പ്രഭാത നടത്തം പ്രശ്നമാണേ
Mail This Article
ന്യൂഡൽഹി ∙തണുപ്പിനൊപ്പം വായു മലിനീകരണവും കൂടിവരുന്നതോടെ പതിവു ശീലങ്ങളെല്ലാം താളം തെറ്റുന്നു. ആരോഗ്യവും ഉന്മേഷവും തരുന്ന പ്രഭാത സവാരികൾ മഞ്ഞുകാലത്ത് പരമാവധി ഒഴിവാക്കണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. മഞ്ഞുകാലത്ത് ഡൽഹിയിലെ പ്രഭാത നടത്തം ഗുണത്തേക്കാളേറെ ദോഷം ചെയ്യും. മലിനവായു ശ്വസിക്കാൻ ഇടയാകുന്നതിനാൽ ഗുരുതരമായ ശ്വാസകോശ രോഗങ്ങളും ബാധിച്ചേക്കാം.
സുപ്രഭാതം സുരക്ഷിതമല്ല
ദേശീയ മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കനുസരിച്ച് ഡൽഹിയിൽ വായു മലിനീകരണം ഏറ്റവും കൂടുതലുള്ളത് പ്രഭാതത്തിലാണ്. രാവിലെ 5 മുതൽ 7 വരെയാണ് വായുവിൽ ഏറ്റവുമധികം പിഎം 2.5 ഉള്ളതെന്ന് കണക്കുകൾ പറയുന്നു. നവംബർ 1 മുതൽ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് പിഎം 2.5 ശരാശരി അളവ് ഏറ്റവും കൂടുതലുള്ള മണിക്കൂറുകളാണിത്. വൈകിട്ട് 7ന് ശരാശരി പിഎം 2.5 അളവ് 133 ആണെങ്കിൽ പുലർച്ചെ 7ന് ഇത് 244 ആണ്. ഇത് രാജ്യത്തെ സുരക്ഷ മാനദണ്ഡപ്രകാരം അനുവദനീയമായ അളവിന്റെ 4 ഇരട്ടിയാണ്. 2.5 മൈക്രോണിലും കുറഞ്ഞ വലുപ്പത്തിലുള്ള പൊടിപടലങ്ങൾ നേരിട്ട് ശ്വാസകോശത്തിലെത്താനും രക്തത്തിൽ കലരാനും അസുഖങ്ങൾ വരുത്താനും ശേഷിയുള്ളവയാണ്.
വായുവാണ് വില്ലൻ
പ്രഭാത നടത്തത്തിലും വ്യായാമ സമയത്തും ഒരാൾ സാധാരണയിലും അധികം വായും ശ്വസിക്കും. കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ എന്നിവ പോലെയുള്ള ഹാനികരമായ വസ്തുക്കളാണ് ഇപ്പോൾ അന്തരീക്ഷത്തിലുള്ളത്.തണുപ്പും കാറ്റില്ലാത്ത അവസ്ഥയും കൂടിച്ചേർന്ന് പുകമഞ്ഞ് പ്രതിഭാസത്തിന് കാരണമാകുന്നു. പുറത്തിറങ്ങി മലിനവായു ശ്വസിക്കുന്നതിലും നല്ലത് വീട്ടിലിരുന്ന് വർക്കൗട്ട് ചെയ്യുന്നതാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
ഹൃദയത്തെ കാക്കാം
പുറത്തിറങ്ങിയുള്ള വ്യായാമം ചെയ്യുന്നത് ശ്വാസതടസ്സം മുതൽ ഹൃദയാഘാതത്തിന് വരെ കാരണമാകാമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നത്. ആസ്മ തുടങ്ങി ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്ക് രോഗം കൂടാനും ഇത് ഇടയാക്കും.ഔട്ട്‌ഡോർ വർക്കൗട്ട് ചെയ്യുന്നതിന് മുൻപ് വായു ഗുണനിലവാരം പരിശോധിച്ചിട്ട് മാത്രം പുറത്തിറങ്ങുക. ഈ സമയത്ത് പാർക്കുകൾ പോലുള്ള തുറന്ന പ്രദേശങ്ങളിൽ വ്യായാമം ചെയ്യുന്നതിലും സുരക്ഷിതം ജിം തിരഞ്ഞെടുക്കുന്നതാണ്.