മഞ്ഞുകാലത്തിന് ആക്കം കൂട്ടി ഡൽഹിയിൽ മഴ; ആലിപ്പഴം വീഴുമെന്ന് മുന്നറിയിപ്പ്
Mail This Article
ന്യൂഡൽഹി ∙ മഞ്ഞുകാലത്തിന് ആക്കം കൂട്ടി തലസ്ഥാനത്ത് മഴ തകർത്തു പെയ്യുന്നു. പ്രദേശത്ത് ആലിപ്പഴ വർഷമുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറുകളായി നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂപപ്പെട്ടു. മഴയിൽ വായുനിലവാരം മെച്ചപ്പെട്ടതോടെ ഗ്രാപ് 3 നിയന്ത്രണങ്ങൾ പിൻവലിച്ചു. 400ന് മുകളിൽ ഗുരുതരാവസ്ഥയിലായിരുന്ന വായുനിലവാരം മഴയെത്തുടർന്ന് 350ന് താഴെ ഇടത്തരം എന്ന വിഭാഗത്തിലെത്തി.
മഴയെത്തി, തണുപ്പ് കൂടി
മഴയെത്തുടർന്ന് നഗരത്തിലെ താപനില കുത്തനെ കുറഞ്ഞു. ഇന്നലെ ഡൽഹിയിലെ പരമാവധി താപനില 15 ഡിഗ്രി സെൽഷ്യസായിരുന്നു, വ്യാഴാഴ്ചയെക്കാൾ ഏകദേശം 10 ഡിഗ്രി സെൽഷ്യസിന്റെ കുറവ്. പരമാവധിയും കുറഞ്ഞതുമായ താപനിലകൾ തമ്മിലുള്ള വ്യത്യാസം ഇന്നലെ വെറും 3 ഡിഗ്രി സെൽഷ്യസ് മാത്രമായിരുന്നു. ഇന്നും നാളെയുമായി താപനില 2 ഡിഗ്രി താഴാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നലെ പുലർച്ചെ 2.30ന് ആണ് മഴ തുടങ്ങിയത്. ഇന്നലെ രാവിലെ 11.30 വരെയുള്ള കണക്കുകൾ പ്രകാരം 9.1 മില്ലിമീറ്റർ മഴ പെയ്തിട്ടുണ്ട്. ഡൽഹി സർവകലാശാല മേഖലയിലാണ് ഏറ്റവും അധികം മഴ പെയ്തത്, 11 മില്ലിമീറ്റർ.
കാലാവസ്ഥ
∙കൂടിയ താപനില:7 ഡിഗ്രി സെൽഷ്യസ്
∙കുറഞ്ഞ താപനില: 3.5 ഡിഗ്രി സെൽഷ്യസ്
∙മഴ, മഞ്ഞുമൂടിയ അന്തരീക്ഷം.
∙വായുനിലവാര സൂചിക: 342എക്യുഐ (വളരെ മോശം)