101 വർഷത്തിനിടയിലെ റെക്കോർഡ് മഴയുമായി ഡൽഹി; വായുനിലവാരം മെച്ചപ്പെട്ടു
Mail This Article
ന്യൂഡൽഹി ∙ 101 വർഷത്തിനിടയിലെ റെക്കോർഡ് മഴയുമായി ഡൽഹി. തലസ്ഥാനത്ത് 101 വർഷത്തിനിടെ ഡിസംബർ മാസത്തിൽ ഒരു ദിവസം ഏറ്റവും കൂടുതൽ മഴ പെയ്തത് ശനിയാഴ്ചയാണ്. രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിനുള്ളിൽ 41.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഇതിനു മുൻപ് ഡിസംബറിൽ ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴ 1923 ഡിസംബർ 3ന് 75.7 മില്ലിമീറ്റർ ആണ്. 27 വർഷത്തിനിടയിലെ ഡിസംബർ മാസത്തിൽ ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയ വർഷവും കൂടിയാണിത്.
ഡൽഹിയുടെ ചില ഭാഗങ്ങളിൽ നിർത്താതെ മഴ തുടരുകയാണ്. പാലം ഒബ്സർവേറ്ററിയിൽ വെള്ളിയാഴ്ച വൈകിട്ട് 5.30 വരെ 31.4 മില്ലി മീറ്ററും ലോധി റോഡിൽ 34.2 മില്ലി മീറ്ററും റിഡ്ജിൽ 33.4 മില്ലി മീറ്ററും ഡൽഹി യൂണിവേഴ്സിറ്റിയിൽ 39 മില്ലി മീറ്ററും പുസയിൽ 35 മില്ലി മീറ്ററും മഴ രേഖപ്പെടുത്തി. എന്നാൽ, മഴ ശക്തമായതോടെ വായുനിലവാരം മെച്ചപ്പെട്ടു. എക്യുഐ 152 ആണ് ശനിയാഴ്ച ന്യൂഡൽഹിയിൽ രേഖപ്പെടുത്തിയത്. ഇന്ന് മൂടൽമഞ്ഞ് ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താപനിലയിലും വലിയ കുറവ് അനുഭവപ്പെട്ടേക്കും. മഴയെ തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും ഗതാഗത തടസ്സവും ഉണ്ടായി. ആർകെ പുരത്തെ സെക്ടർ-9 ലെ റോഡിന്റെ ഒരു ഭാഗം തകർന്നു.
ഇന്നു മുതൽ ശീത തരംഗം
ഇന്നു മുതൽ ശീത തരംഗം എത്തുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. മേഖലയിൽ കാറ്റ് വീശുന്നതിനാൽ താപനില 1-2 ഡിഗ്രി സെൽഷ്യസ് വരെ കുറയും. സാധാരണ പകൽ താപനിലയിൽ നിന്ന് 4.5 മുതൽ 6.4 ഡിഗ്രി സെൽഷ്യസ് വരെ കുറയുമ്പോഴാണ് ശീത തരംഗം സംഭവിക്കുന്നത്. മൈനസ് 6.4 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണെങ്കിൽ കടുത്ത ശീത തരംഗമായി കണക്കാക്കുന്നു. ഡിസംബർ 29 മുതൽ 31 വരെ ശീത തരംഗം ഉണ്ടാകും.