സംഭവബഹുലമായ 2024ന്റെ പ്രധാന ഏടുകളിലൂടെ : ഓർമത്താളിലേക്ക് ഒരുപിടി ദില്ലിക്കാര്യം
Mail This Article
ന്യൂഡൽഹി∙ ഭരണത്തിലിരിക്കെ അഴിമതി ആരോപണത്തെത്തുടർന്ന് അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രിയായി അരവിന്ദ് കേജ്‌രിവാൾ മാറിയ വർഷം. നിയമസഭാ തിരഞ്ഞെടുപ്പിനു ഏതാനും മാസങ്ങൾ മാത്രം ശേഷിക്കേ മുഖ്യമന്ത്രി സ്ഥാനം അതിഷി ഏറ്റെടുത്ത വർഷം. നോയിഡ വിമാനത്താവളത്തിൽ ആദ്യ വിമാനം പറന്നിറങ്ങിയ വർഷം തുടങ്ങി ഒട്ടേറെ നാടകീയതകളിലൂടെയാണ് രാജ്യതലസ്ഥാന മേഖല കഴിഞ്ഞ വർഷം കടന്നുപോയത്. 2024ന് തിരശീല വീഴുമ്പോൾ ഡൽഹിയുടെ രാഷ്ട്രീയ, സാമൂഹിക, വികസന ചരിത്രത്തിൽ എന്നും ഓർമിക്കപ്പെടുന്ന നിമിഷങ്ങളിലേക്ക് ഒരു തിരനോട്ടം....!
ഒരു ഇന്ത്യ, ഒറ്റ ടിക്കറ്റ്: ഡിഎംആർസി
∙ ഇന്ത്യൻ റെയിൽവേ, നാഷനൽ ക്യാപ്പിറ്റൽ റീജൻ ട്രാൻസ്‌പോർട് കോർപറേഷൻ എന്നിവയുമായി ടിക്കറ്റിങ് സംവിധാനങ്ങൾ ഡിഎംആർസി സംയോജിപ്പിച്ച വർഷമാണിത്. ഇതോടെ ഐആർസിടിസി ആപ്പിൽ നിന്നും തിരിച്ചും യാത്രക്കാർക്ക് മെട്രോ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്ന രാജ്യത്തെ ആദ്യത്തെ മെട്രോ സംവിധാനമായി ഡിഎംആർസി മാറി. ഇന്ദർ ലോക് - ഇന്ദ്രപ്രസ്ഥ (12.377 കി.മീ), ലജ്പത് നഗർ - സാകേത് ജി ബ്ലോക്ക് ഇടനാഴി, മജന്ത ലൈനിൽ ഡ്രൈവറില്ലാ ട്രെയിനുകൾ പൂർണമായും പ്രവർത്തനക്ഷമമാക്കി,
ന്യൂഡൽഹി, ശിവാജി സ്റ്റേഡിയം മെട്രോ സ്റ്റേഷനുകളിൽ ആഭ്യന്തര –രാജ്യാന്തര ഫ്ലൈറ്റ് ചെക്ക്-ഇൻ സൗകര്യങ്ങൾ നടപ്പാക്കി. രാജ്യത്തെ ആദ്യ റീജനൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പദ്ധതിയായ ഡൽഹി– മീററ്റ് അതിവേഗ റെയിൽപാത നിർമാണ പുരോഗതിക്കും ഈവർഷം സാക്ഷിയായി. സാഹിബാബാദ്-ന്യൂ അശോക് നഗർ സെക്‌ഷൻ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ, മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിന്റെ നിര്യാണത്തെ തുടർന്ന് ഉദ്ഘാടനം മാറ്റിവച്ചു.
ന്യൂഡൽഹി∙ ഭരണത്തിലിരിക്കെ അഴിമതി ആരോപണത്തെത്തുടർന്ന് അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രിയായി അരവിന്ദ് കേജ്‌രിവാൾ മാറിയ വർഷം. നിയമസഭാ തിരഞ്ഞെടുപ്പിനു ഏതാനും മാസങ്ങൾ മാത്രം ശേഷിക്കേ മുഖ്യമന്ത്രി സ്ഥാനം അതിഷി ഏറ്റെടുത്ത വർഷം. നോയിഡ വിമാനത്താവളത്തിൽ ആദ്യ വിമാനം പറന്നിറങ്ങിയ വർഷം തുടങ്ങി ഒട്ടേറെ നാടകീയതകളിലൂടെയാണ് രാജ്യതലസ്ഥാന മേഖല കഴിഞ്ഞ വർഷം കടന്നുപോയത്. 2024ന് തിരശീല വീഴുമ്പോൾ ഡൽഹിയുടെ രാഷ്ട്രീയ, സാമൂഹിക, വികസന ചരിത്രത്തിൽ എന്നും ഓർമിക്കപ്പെടുന്ന നിമിഷങ്ങളിലേക്ക് ഒരു തിരനോട്ടം.
മുഖ്യമന്ത്രിയിൽ നിന്ന് ജയിൽപുള്ളിയിലേക്ക്
∙ 2021 നവംബറിൽ നടപ്പാക്കിയ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിലും പ്രത്യാരോപണങ്ങളിലും കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തിലാണ് 2024ന്റെ വരവേൽപ്. കേസിൽ എൻഫോഴ്സ്മെന്റിന്റെ (ഇ.ഡി.) ആദ്യ അറസ്റ്റ് നേരിട്ടത് ബിആർഎസ് നേതാവ് കെ.കവിതയായിരുന്നു. തൊട്ടുപിന്നാലെ വിലങ്ങ് വീണത് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാളിന്റെ കൈകളിൽ.
ലോക്സഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കെ മാർച്ച് 21ന് രാത്രി 9ന് അദ്ദേഹത്തിന്റെ വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഇതോടെ അധികാരത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രിയായി കേജ്‌രിവാൾ. ശേഷം ജയിലിൽവച്ച് സിബിഐയും അറസ്റ്റ് ചെയ്തു. ഇതിനിടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടക്കാല ജാമ്യത്തിൽ കേജ്‌രിവാളെത്തി. ആംആദ്മി കോൺഗ്രസിനൊപ്പമാണ് മത്സരിച്ചത്. ഏഴ് സീറ്റുകളിൽ നാലിടത്ത് ആംആദ്മിയും മൂന്നിടത്ത് കോൺഗ്രസും സീറ്റ് പങ്കിട്ടു. എന്നിട്ടും ഡൽഹിയിലെ 7 ലോക്സഭാ മണ്ഡലങ്ങളിലും താമര വിരിഞ്ഞു. രണ്ട് അന്വേഷണ ഏജൻസികളുടെയും കേസുകളിൽ ജാമ്യം ലഭിച്ച് സെപ്റ്റംബർ 13-നാണ് കേജ്‌രിവാൾ ജയിൽ മോചിതനായത്. ജയിൽവാസത്തിനിടയിലും മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാൻ തയാറാകാതിരുന്ന കേജ്‌രിവാൾ പുറത്തിറങ്ങി ദിവസങ്ങൾക്കകം രാജി പ്രഖ്യാപിച്ചു. പിൻഗാമിയായി അതിഷിയെ പ്രഖ്യാപിക്കുകയും ചെയ്തു. ഡൽഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയും ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയുമായി അതിഷി രംഗപ്രവേശനം ചെയ്തു.
പറന്നിറങ്ങി പ്രതീക്ഷ
നിർമാണം പൂർത്തിയാകുന്ന നോയിഡ രാജ്യാന്തര വിമാനത്താവളത്തിൽ ആദ്യ യാത്രാ വിമാനം പറന്നിറങ്ങിയത് ഡിസംബറിന്റെ നേട്ടമായി. വിജയകരമായി പരീക്ഷണപ്പറക്കൽ നടത്തിയ ഇൻഡിഗോയുടെ എയർബസ് എ320-232 വിമാനത്തെ വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരിച്ചത്. ഇനി വിമാനത്താവളം പ്രവർത്തന സജ്ജമാകുന്നതിന് ഏറ്റവും പ്രധാനമാണ് എയ്റോഡ്രോം ലൈസൻസിന് അപേക്ഷിക്കാം. ഇതോടെ 2025 ഏപ്രിൽ 17ന് നിശ്ചയിച്ച ഉദ്ഘാടനത്തിലേക്ക് വിമാനത്താവളം ഒരുപടികൂടി അടുത്തു.
കണ്ണീർ മഴ
∙അത്യുഷ്ണവും അതിശൈത്യവും മാത്രം കാലാവസ്ഥാ കലണ്ടറിൽ രേഖപ്പെടുത്തി ശീലിച്ച തലസ്ഥാനം കോരിച്ചൊരിഞ്ഞ മഴയിൽ നനഞ്ഞ വർഷം കൂടിയായിരുന്നു 2024. എല്ലാ മാസങ്ങളിലും അങ്ങുമിങ്ങും മഴ ചുറ്റിത്തിരിഞ്ഞു. ജൂണിലെ മഴയിൽ ഓൾഡ് രജീന്ദ്രർ നഗറിലെ റാവൂസ് ഐഎഎസ് സ്റ്റഡി സർക്കിളിന്റെ ബേസ്‌മെന്റിലെ ലൈബ്രറിയിൽ മഴവെള്ളവും മലിനജലവും ഇരച്ചുകയറി മലയാളി ഉൾപ്പെടെ 3 വിദ്യാർഥികൾ കൊല്ലപ്പെട്ടു.
ജെഎൻയുവിൽ മലയാളി ഗവേഷണ വിദ്യാർഥി നെവിൻ ഡാൽവിൻ (28), യുപി സ്വദേശി ശ്രേയ യാദവ് (25), തെലങ്കാനയിൽനിന്നുള്ള താനിയ സോണി (25) എന്നിവരാണ് മരിച്ചത്. കേസിൽ സ്ഥാപന ഉടമ ഉൾപ്പെടെ അറസ്റ്റിലായിരുന്നു. വിമാനത്താവളത്തിലെ ടെർമിനൽ-1ൽ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണ് ഒരാൾ മരിക്കുകയും 6 പേർക്ക് പരിക്കേൽക്കുകയും ചെയ്തതും ജൂണിലായിരുന്നു.
കെട്ടിടം തകർന്നും മരം വീണും കെട്ടിക്കിടന്ന വെള്ളത്തിൽ വീണും ഈ വർഷം 100 ലേറെ മരണങ്ങൾ ഡൽഹി എൻസിആറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. 500ൽ ഏറെ പേർക്ക് പരുക്കേറ്റു. മഴക്കെടുതികളിലും മരണങ്ങളിലുമുള്ള രാഷ്ട്രീയ പോര് ഇപ്പോഴും തുടരുകയാണ്.
വിടവാങ്ങി മൻമോഹൻ
∙ രാജ്യത്ത് സാമ്പത്തിക ഉദാരവൽക്കരണത്തിന് വാതിൽ തുറന്ന ധനകാര്യ വിദഗ്ധനും കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ ഡോ. മൻമോഹൻ സിങ് വിടവാങ്ങിയത് ഡിസംബറിന്റെ അവസാന പാദത്തിൽ. എയിംസ് ആശുപത്രിയിൽ ഡിസംബർ 26 ന് ആയിരുന്നു അന്ത്യം. കഴിഞ്ഞ 50 വർഷത്തിലേറെയായി ഡൽഹിയായിരുന്നു അദ്ദേഹത്തിന്റെ തട്ടകം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരിക്കൽ മാത്രം മത്സരിച്ചിട്ടുള്ള അദ്ദേഹം ജനവിധി തേടിയത് സൗത്ത് ഡൽഹിയിൽ നിന്നാണ്. 30,000 വോട്ടിനു പരാജയപ്പെട്ട മൻമോഹൻ പിന്നീട് നേരിട്ട് ജനവിധി തേടിയിട്ടില്ല.
വേദനയായി ഓംചേരി
∙നാടകാചാര്യനും ഡൽഹി മലയാളികളുടെ കാരണവരുമായിരുന്നു പ്രഫ.ഓംചേരി എൻ.എൻ.പിള്ളയുടെ വേർപാട് 2024ന്റെ വേദനയായി. ഏഴു പതിറ്റാണ്ടു മുൻപ് യുപിഎസ്‌സി പരീക്ഷ എഴുതി, കുത്തുബ് മിനാറും െചങ്കോട്ടയും കണ്ട് മടങ്ങാനെത്തിയ ഓംചേരി എൻ.എൻ.പിള്ള ആകസ്മികമായാണ് ഡൽഹിക്കാരനായത്. ഡൽഹിയിലെ ജീവിതത്തിൽ സിംഹഭാഗവും മലയാളത്തിനുവേണ്ടിയാണ് അദ്ദേഹം ഉഴിഞ്ഞുവച്ചത്. എഴുപതിലേറെ നാടകങ്ങളുടെ രചന നിർവഹിച്ചു. നവംബറിലെ ഓംചേരിയുടെ മടക്കം എല്ലാവരെയും സങ്കടത്തിലാഴ്ത്തി.
തീരാ പോര്
∙ 2022 മേയിൽ അധികാരമേറ്റതു മുതൽ ലഫ്. ഗവർണർ വി.കെ.സക്സേനയും മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും നിലവിലെ മുഖ്യമന്ത്രി അതിഷിയും ആരംഭിച്ച അധികാരത്തർക്കവും വാക്പോരും മാറ്റമില്ലാതെ തുടർന്നു. ജല ബോർഡിനു ഫണ്ട് അനുവദിക്കണമെന്ന ഫയലിൽ എൽജി ഒപ്പിടുന്നില്ലെന്നതായിരുന്നു ഈ വർഷത്തെ ആദ്യ തർക്കം. ശേഷം മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയെ ജയിലിൽനിന്ന് ഭരിക്കാൻ അനുവദിക്കില്ല, മാർഷലുകളുടെ നിയമനം, നഴ്സുമാരെ സ്ഥിരപ്പെടുത്തൽ തുടങ്ങിയ തർക്ക വിഷയങ്ങൾ. പോര് പലതവണ കോടതി കയറുകയും ചെയ്തു.
മലയാളി ഫ്രം ഡൽഹി
∙ ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ ഡൽഹി പൂരം, ഡൽഹി എൻഎസ്എസിന്റെ ചട്ടമ്പിസ്വാമികളുടെ സമാധി ശതാബ്ദി ആചരണം, ഡിഎംഎയുടെ എഴുപത്തിയഞ്ചാം വാർഷികം തുടങ്ങി രാജ്യതലസ്ഥാനത്ത് കലാ സാംസ്കാരിക മേഖലയിൽ മലയാളികൾ സജീവമായ വർഷം. ഡൽഹി മലയാളികൾക്കൊപ്പം പരിപാടികളുടെ ഭാഗമാകാൻ കേരളത്തിൽനിന്ന് വിശിഷ്ട വ്യക്തികൾകൂടിയെത്തിയതോടെ ആഘോഷങ്ങൾക്ക് ഇരട്ടിമധുരം.