ADVERTISEMENT

ന്യൂഡൽഹി ∙ പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളുമായി പുതുവർഷപ്പുലരിയെ വരവേൽക്കാൻ ഒരുങ്ങി നഗരം. ആഘോഷങ്ങൾക്കും വാഹനങ്ങൾക്കും കടുത്ത നിയന്ത്രണമാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങൾ പാലിച്ച് ആഘോഷത്തിൽ പങ്കുചേരാനുള്ള  ഒരുക്കത്തിലാണ് വാണിജ്യ കേന്ദ്രങ്ങളും റസ്റ്ററന്റുകളും. ആഘോഷ സ്ഥലങ്ങളിലേക്ക് എത്താൻ സ്വകാര്യ വാഹനങ്ങൾക്ക് പകരം പരമാവധി മെട്രോയും മറ്റ് പൊതുഗതാഗത സൗകര്യങ്ങളും ഉപയോഗിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.

കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ കൊണാട്ട് പ്ലേസ് ഉൾപ്പെടെയുള്ള നഗരസിരാകേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളാണ്. മഴയും തണുപ്പും തൽക്കാലം മാറ്റിനിർത്തി, ആഘോഷങ്ങളുമായി നഗരം വീണ്ടും സജീവമാവുകയാണ്. ജനവികാരം മനസ്സിലാക്കിയുള്ള പുതുവർഷ പരിപാടികളാണ് റസ്റ്ററന്റുകളും ബാറുകളും ഒരുക്കിയിട്ടുള്ളത്.പുതുവർഷത്തെ വരവേൽക്കാൻ വിഭവസമൃദ്ധമായ ഭക്ഷണം സുലഭം. ചില സ്ഥാപനങ്ങൾ ഭക്ഷണത്തിന് ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.  തത്സമയ സംഗീത പരിപാടികളിൽ പ്രമുഖർ അണിനിരക്കും. പഞ്ചനക്ഷത്ര ഹോട്ടലുകളിലും വിപുലമായ ആഘോഷങ്ങളാണ് നടക്കുക. 

പൊലീസ് കാവലിൽ ആഘോഷം
പുതുവത്സരഘോഷം കണക്കിലെടുത്ത് ഇന്നും നാളെയും നഗരത്തിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. അഗ്നിരക്ഷാസേനയും ജാഗ്രതയിലാണ്. 20,000 പൊലീസുകാരെയാണ് ഡൽഹിയുടെ അതിർത്തികളിലും ആൾക്കൂട്ടമുണ്ടാകുന്ന പ്രധാന സ്ഥലങ്ങളിലും വിന്യസിക്കുക.  7 എസിപിമാർ, 38 ഇൻസ്പെക്ടർമാർ, 329 സബ് ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് സുരക്ഷാ കവചമൊരുക്കുന്നത്. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനും 161 വനിത ഉദ്യോഗസ്ഥരുടെ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. 

  മാർക്കറ്റുകൾ, മാളുകൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ, റസ്റ്ററന്റുകൾ, പബ്ബുകൾ, ബാറുകൾ എന്നിവ കേന്ദ്രീകരിച്ചാണ് സുരക്ഷാ നടപടികൾ ശക്തമാക്കുന്നത്. അമിത വേഗത്തിൽ വാഹനങ്ങളോടിക്കുന്നതും ബൈക്കുകളിൽ അഭ്യാസം കാണിക്കുന്നതും കർശന നടപടിക്ക് ഇടയാക്കുമെന്ന് പൊലീസ് മുന്നറിയിപ്പു നൽകി.

രാജീവ് ചൗക്ക് അടയ്ക്കും
പുതുവത്സരാഘോഷ വേളയിലെ തിരക്ക് ഒഴിവാക്കാൻ നടപടിയുമായി ഡൽഹി മെട്രോ. ഇന്നു രാത്രി 9നു ശേഷം രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനിൽ നിന്ന് യാത്രക്കാരെ പുറത്തേക്ക് പോകാൻ അനുവദിക്കില്ലെന്ന് മെട്രോ അധികൃതർ പറഞ്ഞു. എന്നാൽ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിന് ആളുകൾക്ക് വിലക്കില്ല. കൂടാതെ രാത്രി 8 മണിക്ക് ശേഷം രാജീവ് ചൗക്കിലേക്ക് മറ്റ് സ്റ്റേഷനുകളിൽ നിന്ന് ടിക്കറ്റ് നൽകില്ലെന്നും ഡൽഹി മെട്രോ അധികൃതർ അറിയിച്ചു. 

വാഹനവുമായി വരുന്നവർ ശ്രദ്ധിക്കാൻ
∙കൊണാട്ട് പ്ലേസിലെ ഇന്നർ, ഔട്ടർ, മിഡിൽ‌ സർക്കിളുകളിലേക്കും ഇന്ത്യാ ഗേറ്റ് പരിസരത്തേക്കും വാഹനങ്ങൾക്ക് പ്രവേശനം ഇല്ല
∙ മണ്ടി ഹൗസ് റൗണ്ട്, ബംഗാളി മാർക്കറ്റ് റൗണ്ട്, രഞ്ജിത് സിങ് ഫ്ലൈഓവർ, മിന്റോറോഡ്– ദീൻ ദയാൽ ഉപാധ്യായ് മാർഗ് ക്രോസിങ്, പട്ടേൽ ചൗക്ക്, ഗോൾ മാർക്കറ്റ് റൗണ്ട്, ജിപിഒ റൗണ്ട്, വിൻസർ പാലസ് റൗണ്ട്, ബംഗ്ലാ സാഹിബ് റൗണ്ട് എന്നിവിടങ്ങളിൽ വാഹനങ്ങൾ തടയും. 
∙പാർക്കിങ് സ്ഥലങ്ങൾ നഗരത്തിലെ പലഭാഗങ്ങളിലായി സജ്ജീകരിച്ചിട്ടുണ്ട്. 

English Summary:

New Year's Eve in Delhi will see restricted celebrations due to imposed traffic limitations. The police encourage public transport use and commercial centers are adapting to the regulations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com