ഗിരിനഗറിൽ ജലബോർഡ് നൽകുന്നത് മലിനജലം; പൈപ്പിൽ വരും ചെളിവെള്ളം
Mail This Article
ന്യൂഡൽഹി∙ കുടിവെള്ളത്തിന് പൈപ്പ് തുറന്നാൽ വരുന്നത് ചെളിവെള്ളം. അഞ്ചുദിവസമായി കൽക്കാജിയിലെ ഗിരിനഗർ ഉൾപ്പെടെയുള്ള മേഖലയിലെ വീടുകളിൽ കുടിവെള്ള പൈപ്പുകളിലൂടെ ലഭിക്കുന്നത് വെള്ളമാണോ ചെളിയാണോ ജനങ്ങൾക്ക് തിരിച്ചറിയാനാകുന്നില്ല. ജലബോർഡിന്റെ ഗാർഹിക കുടിവെള്ളപൈപ്പിലാണ് ചെളിവെള്ളം വരുന്നത്. പരാതി പറഞ്ഞ് വീട്ടുകാർ മടുത്തു.
കിട്ടുന്ന വെള്ളം ഉപയോഗിക്കാൻ പാകത്തിലാകാൻ ഒന്നര ദിവസമെടുക്കും. അതിശൈത്യത്തിൽ ചെളി അടിയിൽ അടിഞ്ഞതിന് ശേഷം ചെളിവെള്ളം തിളപ്പിച്ച് ഉപയോഗിക്കേണ്ട ഗതികേട്. ചില ഇടങ്ങളിൽ പൈപ്പിലൂടെ ലഭിക്കുന്ന വെള്ളത്തിന് രുചി വ്യത്യാസവും ദുർഗന്ധവും ഉണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഓവുചാലിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ മണമാണ് പൈപ്പ് വെള്ളത്തിന്. വസ്ത്രങ്ങൾ കഴുകാൻ പോലും കൊള്ളില്ല. ഒരു ലീറ്റർ വെള്ളത്തിന് 15 രൂപ നൽകിയാണ് കടകളിൽ നിന്നു വാങ്ങുന്നത്. ജല ബോർഡിന്റെ ടാങ്കറുകളും വെള്ളമെത്തിക്കുന്നില്ല.
കൽക്കാജി മേഖലയിലെ കുടിവെള്ള പൈപ്പിൽ അറ്റകുറ്റപ്പണി നടക്കുന്നുണ്ടെന്നാണ് ജല ബോർഡിന്റെ വിശദീകരണം. അറ്റകുറ്റപ്പണിക്കായി കുഴിച്ചപ്പോൾ പല സ്ഥലങ്ങളിലും പൈപ്പ് പൊട്ടി. ഇതേത്തുടർന്നാണ് ചെളി കലർന്ന വെള്ളം ടാപ്പുകളിലൂടെ ലഭിക്കുന്നത്. പലയിടത്തും പൈപ്പുകൾ വർഷങ്ങളുടെ പഴക്കമുള്ളവയാണ്. കാലങ്ങളായി ഇവ മാറ്റുകയോ അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്തിട്ടില്ല. കുടിവെള്ളത്തിന്റെ ഗുണനിലവാര റിപ്പോർട്ട് നേരത്തെ ജല ബോർഡിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ ജനുവരിയോടെ ഇത് നിർത്തലാക്കി.