കേരളാ അതിർത്തിയിൽ ‘നുഴഞ്ഞു കയറ്റം’ ; പണം വാങ്ങി ആളുകളെ കടത്തുന്നു?
Mail This Article
പാലക്കാട്∙ കേരള, തമിഴ്നാട് അതിർത്തിയിലെ ഇടവഴികളിൽ തുടർച്ചയായി ലോക്‌ഡൗൺ നിയമങ്ങൾ ലംഘിക്കപ്പെടുന്നു. കർണാടകയിൽ നിന്നു പോലും ബൈക്കിൽ ആളുകൾ കേരളത്തിലേക്കു വരുന്നു. പൊലീസിനെ വെട്ടിച്ച് വാളയാർ അണക്കെട്ടിനു പിന്നിലെ ഊടുവഴിയിലൂടെ ആളുകളെത്തി. തമിഴ്നാട് പൊലീസ് കെട്ടിയ വേലി തകർത്തു നടന്നും ബൈക്കിലും എത്തിയവരുമുണ്ട്.
തമിഴ്നാട് ഭാഗത്ത് പണം വാങ്ങി ബൈക്കിൽ ആളുകളെ കേരളത്തിൽ എത്തിക്കുന്ന ഒരു സംഘം പ്രവർത്തിക്കുന്നതായും സംശയിക്കുന്നുണ്ട്. ഇത്തരത്തിൽ ഇന്നലെ എത്തിയ ഒരു സ്ത്രീ വാൽപ്പാറയിൽ നിന്നു കോയമ്പത്തൂരിലെത്തി രണ്ടു ദിവസം തങ്ങിയ ശേഷം മലപ്പുറത്തേക്കു പോവുകയായിരുന്നു. ഊടുവഴികൾ അടച്ചു പൊലീസിന്റെ വൻ സംഘം പരിശോധന നടത്തുന്നുണ്ടെങ്കിലും അതും മറികടക്കുകയാണ്.
കേരളത്തിൽ നിന്നു തമിഴ്നാട്ടിലെ തോട്ടങ്ങളിൽ പണിക്ക് പോയ തൊഴിലാളികളെ ഉടമകൾ കേരളത്തിലേക്ക് മടങ്ങാൻ നിർബന്ധിക്കുന്നതായി പരാതിയുണ്ട്. ആളിയാർ കോട്ടൂരിൽ ഇഞ്ചി കൃഷിയുമായി ബന്ധപ്പെട്ട ജോലിക്കു പോയ നെന്മാറ, അയിലൂർ, മനാമ്പാടം സ്വദേശികളായ 7 സ്ത്രീകൾ ഇന്നലെ ഗോവിന്ദാപുരം ചെക്പോസ്റ്റിൽ എത്തി.
നടന്നെത്തുന്നവരെ പോലും കടത്തി വിടരുതെന്നു കലക്ടറുടെ നിർദേശമുണ്ടെന്നു ഗോവിന്ദാപുരം ചെക്പോസ്റ്റിന്റെ ചുമതല വഹിക്കുന്ന എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് വ്യക്തമാക്കിയെങ്കിലും തമിഴ്നാട് അതിർത്തി പരിശോധനാ വിഭാഗം അവിടേക്ക് തിരികെ പ്രവേശിപ്പിക്കാൻ വിസമ്മതിച്ചതോടെ മുതലമട സ്കൂളിൽ നിരീക്ഷണത്തിലാക്കി. സംഘത്തിൽ 77 വയസ്സുള്ളവരും ഉൾപ്പെടുന്നു. ഭക്ഷണം കിട്ടാത്തതിനാലാണു നാട്ടിലേക്കു മടങ്ങിയതെന്ന് അവർ പറയുന്നു.
ചെന്നൈയിൽ നിന്നെത്തി കസ്റ്റഡിയിലായി
വാളയാർ ∙ ചെന്നൈയിലെ കോവിഡ് ബാധിത പ്രദേശത്ത് നിന്നു കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച എറണാകുളം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് നിരീക്ഷണത്തിലാക്കി. ഇന്നലെ രാവിലെയാണ് ഇയാൾ പല വാഹനങ്ങളിലായും നടന്നും അതിർത്തിയിലെത്തിയത്. ചെക്പോസ്റ്റിൽ പൊലീസ് മടക്കിയെങ്കിലും നാട്ടിലേക്ക് പോകണമെന്നു നിർബന്ധം പിടിക്കുകയും ഉദ്യോഗസ്ഥരോടു തർക്കിക്കുകയും ചെയ്തു. ഇതേത്തുടർന്ന് കസ്റ്റഡിയിലെടുത്ത് അതിർത്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ നിർദേശപ്രകാരം ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി.
ഗർഭിണിയെ വീട്ടിലെത്തിച്ചു
വണ്ടിത്താവളം∙ മീനാക്ഷിപുരം അതിർത്തിയിൽ തമിഴ്നാട്ടിൽ നിന്ന് എത്തിയ ഗർഭിണിയായ കാരകുറിശ്ശി സ്വദേശിനി ഉൾപ്പെടെ 3 പേരെ ഫയർഫോഴ്സ് ആംബുലൻസിൽ വീട്ടിലെത്തിച്ചു. ജില്ലാ ആശുപത്രിയിൽ എത്തിച്ച ശേഷം ഡോകടർമാരുടെ നിർദേശപ്രകാരം കാരാകുറിശ്ശിയിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ അനുവദിക്കുകയായിരുന്നു.
8 മാസം ഗർഭിണിയായ യുവതി കാരാകുറിശ്ശി ആശുപത്രിയിലാണ് ചികിത്സ നടത്തുന്നത്. ആനമല അമ്പ്രപാളയം ചുങ്കത്തു ജോലി ചെയ്യുന്ന ഇവർ ആനമല പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും കത്തുമായിട്ടാണ് അതിർത്തിയിലെത്തിയത്.
പ്രവേശനാനുമതി ഈ വിധം
അടിയന്തര ചികിത്സയ്ക്കും മരണ സംബന്ധമായ ആവശ്യങ്ങൾക്കും മാത്രമാണു പ്രവേശനാനുമതി. മരണത്തിൽ വളരെ അടുത്ത ബന്ധുക്കളായ ഒന്നോ, രണ്ടോ പേർക്കു മാത്രമേ അനുമതി ലഭിക്കൂ. ഗർഭിണികൾ ഉൾപ്പെടെയുള്ളവർ ഇപ്പോൾ താമസിക്കുന്നിടത്തു തുടരണം. ചികിത്സയും അവിടെത്തന്നെ തുടരണം. അതിർത്തി പ്രദേശത്തെത്തിയശേഷം പ്രവേശനാനുമതി തേടിയാൽ നൽകില്ല.
കേരളത്തിലേക്കു വരണമെങ്കിൽ ഇപ്പോൾ താമസിക്കുന്ന പ്രദേശത്തെ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും അനുമതി സഹിതം വ്യക്തമായ കാരണത്തോടെ അപേക്ഷിക്കണം. ഇവിടെ നിന്ന് അനുമതി ലഭിച്ചാൽ മാത്രമേ പ്രവേശനം അനുവദിക്കൂ. ഇത്തരത്തിൽ എത്തിയാൽ പോലും അവരെ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റും. ലഭിക്കുന്ന വിവരങ്ങൾ വാസ്തവമാണോ എന്നും പരിശോധിക്കും.
6 പേർ പിടിയിൽ
തമിഴ്നാട്ടിലേക്കു ലോറിയിൽ പോകാൻ ശ്രമിച്ച 6 പേർ പിടിയിൽ. തൃശൂർ പള്ളിപ്പുറം നെല്ലുൽപാദക സഹകരണ സംഘത്തിൽ ജോലിക്കെത്തിയവരാണിവർ. സംഘം പ്രസിഡന്റിന്റെ കത്തുമായി പോകാൻ ശ്രമിച്ചവർ നെന്മാറ വരെ പല വഴിയിലൂടെ നടന്നെത്തുകയും ഇവിടെ നിന്നു ടാങ്കർ ലോറിയിൽ പോകുമ്പോൾ ഇന്നലെ രാത്രി 8നു വിത്തിനശേരിയിൽ പൊലീസ് പിടിയിലാകുകയായിരുന്നു.
അതിർത്തി ലംഘനം പിടിച്ചാൽ വലിയ ശിക്ഷ
പാലക്കാട് ∙ ഊടുവഴികളിലൂടെയും മറ്റും അതിർത്തി ലംഘിച്ച് എത്തിയാൽ 2 വർഷം തടവോ 10,000 രൂപ പിഴയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരം കേസെടുക്കും. നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്യും. നിരീക്ഷണക്കാലാവധി കഴിഞ്ഞുപോകുമ്പോൾ ഇവർക്കു നൽകുന്ന രേഖകളിൽ കേസിന്റെ വിശദാംശങ്ങളും രേഖപ്പെടുത്തും. തുടർ നിയമ നടപടികളും ആരംഭിക്കും.
ഇത്തരത്തിലുള്ള അനധികൃത യാത്ര സംബന്ധിച്ചു പൊതുജനങ്ങൾക്കും അറിയിപ്പു നൽകാമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.കെ.പി.റീത്ത അറിയിച്ചു. അനുമതിയില്ലാതെ അതിർത്തി കടന്നെത്തുന്നവർക്കെതിരെ കേസെടുത്തു തുടങ്ങിയതായി ഡിവൈഎസ്പി സാജു കെ.ഏബ്രഹാം അറിയിച്ചു.