വൈദ്യുതിയില്ല, ഫോണില്ല: എങ്കിലും അനാമികയുടെയും കൂട്ടുകാരുടെയും പഠനത്തെ തോൽപിക്കാനാവില്ല
Mail This Article
ആനക്കട്ടി∙ വൈദ്യുതിയും ടിവിയും മൊബൈൽ ഫോണുമില്ലെങ്കിലും പാട്ടും വരയും കളിയുമായി പഠനം ആഘോഷമാക്കാമെന്ന് തെളിയിക്കുകയാണ് ആനക്കട്ടിയിലെ അനാമികയെന്ന ആദിവാസി ബാലികയുടെ നേതൃത്വത്തിൽ കുട്ടിക്കൂട്ടം. അകന്നിരുന്നാണെങ്കിലും ഒരു കൂരയ്ക്ക് താഴെ ഒരുമിച്ച് പഠിക്കാമെന്ന് തെളിയിക്കുകയാണ് ഇവർ. തിരുവനന്തപുരം ജവഹർ നവോദയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അനാമിക.
ലോക്ഡൗണായതോടെ ആനക്കട്ടിയിലെ വീട്ടിലെത്തി. വീട്ടിൽ വൈദ്യുതി ഇല്ല. ടിവിയും സ്മാർട് ഫോണും ഇല്ല. ഓൺലൈൻ പഠനത്തിന് സാധ്യത മങ്ങിയതോടെയാണ് സ്വയം പഠിക്കാനും പരസ്പരം പഠിപ്പിക്കാനും അനാമികയും അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹോദരി മൗലികയും തീരുമാനിച്ചത്. കൂലിപ്പണിക്കാരായ അച്ഛൻ സുധീറും അമ്മ സജിയും പിന്തുണച്ചു.
മുറ്റത്തെ ഓലമേഞ്ഞ ഷെഡ്ഡിൽ തറയിൽ വിരിച്ച പുല്ലുപായയുമായി പഠനമുറി ഒരുങ്ങി. കണ്ടും കേട്ടുമറിഞ്ഞ് പരിസരത്തെ കുട്ടികളുമെത്തി. ഇപ്പോൾ 4മാസം പിന്നിടുമ്പോൾ 13 കുട്ടികളുണ്ട്. സാമൂഹിക അകലവും മാസ്കും നിർബന്ധം. കുളിച്ച് വൃത്തിയായി എത്തണം. രാവിലെ 9മുതൽ 12വരെയാണ് അധ്യയനം. മലയാളവും തമിഴും ഇംഗ്ലിഷും കണക്കും പഠിക്കാം. കഥയും കവിതകളും കേൾക്കാം.
അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലെങ്കിലും കോവിഡ് കാലത്തും പഠനം ഉത്സവമാക്കുന്ന കുട്ടിക്കൂട്ടായ്മ ഒരു ഫ്യൂഷൻ സ്കൂളാണെന്ന് ഇവിടം സന്ദർശിച്ച അഗളി ബിആർസി കോഓർഡിനേറ്റർ വി.പി.വിജയൻ പറഞ്ഞു. കുട്ടിക്കൂട്ടായ്മയുടെ പഠനമുറിയെ കുറിച്ച് കേട്ടറിഞ്ഞെത്തിയ സംഘടനകളും സുമനസുകളും പഠനോപകരണങ്ങൾ സമ്മാനിച്ചു. വൈദ്യുതി ഇല്ലെങ്കിലും അനാമികയുടെ വീട്ടിലേക്ക് ടിവി സമ്മാനിച്ചു.