ADVERTISEMENT

പട്ടാമ്പി ∙  കോവിഡ് വ്യാപനം കുറഞ്ഞതോടെ ലോക് ഡൗണിൽ നിന്നു നഗരസഭയെ പൂർണമായും ഒഴിവാക്കി. ലോക്ഡൗണിനെ തുടർന്ന് കഴിഞ്ഞ ഒന്നരമാസമായി അടഞ്ഞു കിടന്നിരുന്ന പട്ടാമ്പി ഇന്നലെ പൂർണമായും തുറന്നു. വ്യാപാര സ്ഥാപനങ്ങളെല്ലാം കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് പ്രവർത്തനമാരംഭിച്ചു. 

ടൗണിലേക്ക് എത്തിയവരെല്ലാം മാസ്ക് ധരിച്ചിരുന്നു. ടൗണിൽ വാഹനത്തിരക്ക് വർധിച്ചെങ്കിലും ജനത്തിരക്ക് കുറവായിരുന്നു. വ്യാപാര സ്ഥാപനങ്ങളെല്ലാം തിരക്കില്ലാതെയാണ് പ്രവർത്തിച്ചത്. നഗരസഭ മത്സ്യമാർക്കറ്റിലെ തൊഴിലാളിക്ക് കോവിഡ് ബാധിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ മാർക്കറ്റുമായി ബന്ധപ്പെട്ട കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് ജൂലൈ 20ന് താലൂക്കിൽ ലോക് ഡൗൺ പ്രഖ്യാപിച്ചത്. 

താലൂക്കിലെ പല പഞ്ചായത്തുകളിലേക്കും കോവിഡ് വ്യാപനം ഉണ്ടായതോടെ ലോക് ഡൗൺ ഒരു മാസത്തിലേറെ നീട്ടുകയായിരുന്നു. പിന്നീട് ലോക് ഡൗൺ പിൻവലിച്ചെങ്കിലും നഗരസഭയിലെയും പഞ്ചായത്തുകളിലെയും പല വാർഡുകളെയും കണ്ടെയ്ൻമെന്റ് സോണുകളാക്കി. ഇതോടെ നിയന്ത്രണം കണ്ടെയ്ൻമെന്റ് സോണുകളിലേക്ക് ചുരുക്കി.

ഓണത്തിനടുത്ത ദിവസങ്ങളിലാണ് ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകിയത്.  പിന്നെയും നഗരസഭയിലെ പല വാർഡുകളിലും നിയന്ത്രണം തുടർന്നു. വ്യാഴാഴ്ച വൈകിട്ടാണ് നഗരസഭയിലെ എല്ലാ വാർഡുകളെയും കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ പട്ടാമ്പി ഒന്നര മാസത്തിന് മുൻപുള്ള പഴയ   നിലയിലേക്ക് എത്തി. 

നോഡൽ ഓഫിസർ ഡോ. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പ് സംഘം കഴിഞ്ഞ ഒന്നര മാസമായി തുടർച്ചയായി ആന്റിജൻ പരിശോധന നടത്തിവരികയാണ്. ഒന്നര മാസം കൊണ്ട് 15000ത്തോളം  പേരെ പരിശോധനയ്ക്ക് വിധേയമാക്കി. 

750 ലേറെ പേർക്കാണ് ആന്റിജൻ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്.  തിരുവോണനാളിലും  മെഡിക്കൽ സംഘം മുടക്കം കൂടാതെ ടെസ്റ്റ് നടത്തി. ടെസ്റ്റുകളിൽ നഗരസഭയിൽ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെയാണ് നഗരസഭയെ പൂർണമായും കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. 

മത്സ്യ മാർക്കറ്റ് ഉപാധികളോടെ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഒടുവിൽ പുറത്തിറക്കിയ ബുള്ളറ്റിനിൽ നിലവിൽ താലൂക്കിലെ പഞ്ചായത്തുകളിലെ ഏതാനും വാർഡുകൾ മാത്രമാണ് കണ്ടെയ്ൻമെന്റ് സോണുകളായി തുടരുന്നത്.

താലൂക്കിന് കീഴിലെ കണ്ടെയ്ൻമെന്റ് സോണുകളായി തുടരുന്ന പഞ്ചായത്തുകളിലെ വാർഡുകൾ ചാലിശ്ശേരി പഞ്ചായത്തിലെ വാർഡ് 4, കപ്പൂർ പഞ്ചായത്തിലെ വാർഡ് 2, 13, മുതുതല പഞ്ചായത്തിലെ വാർഡ് 15, ഓങ്ങല്ലൂർ പഞ്ചായത്തിലെ വാർഡ് 18, പരുതൂർ പഞ്ചായത്തിലെ വാർഡ് 4, 5, 6. വല്ലപ്പുഴ പഞ്ചായത്തിലെ വാർഡ് 9 എന്നിവയാണ്.

ആന്റിജൻ ടെസ്റ്റ് തുടരും

പട്ടാമ്പി ∙ കോവിഡ് വ്യാപനം കണ്ടെത്താൻ പട്ടാമ്പി ക്ലസ്റ്ററിൽ നടത്തുന്ന ആന്റിജൻ ടെസ്റ്റ് തുടരും. പട്ടാമ്പി ഗവ. ഹൈസ്കൂളിൽ ഇന്നലെ നടന്ന 69 പേരുടെ ആന്റിജൻ ടെസ്റ്റിൽ 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 6 പേർ വല്ലപ്പുഴ സ്വദേശികളും ഒരാൾ തൃത്താല സ്വദേശിയുമാണ്. ഇന്നും (05 ) പട്ടാമ്പി ഹൈസ്കൂളിൽ ടെസ്റ്റ് തുടരുമെന്ന് നഗരസഭ അധ്യക്ഷൻ കെ.എസ് .ബി.എ. തങ്ങൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com