ADVERTISEMENT

മുതലമട ∙ ആദിവാസികൾ കാണിക്കുന്ന വഴിയിലൂടെ പറമ്പിക്കുളം തേക്കടിയിലേക്കു ചെമ്മണാംപതി–വെള്ളക്കൽത്തിട്ട് വഴി സംസ്ഥാനത്തിലൂടെ വനപാത നിർമിക്കും. വനം വകുപ്പ് വനാവകാശ നിയമപ്രകാരം മുതലമട പഞ്ചായത്തിനു വിട്ടുകൊടുക്കുന്ന ഒരു ഹെക്ടർ സ്ഥലം പ്രയോജനപ്പെടുത്തി 3.33 കിലോമീറ്ററോളം ദൂരം 3 മീറ്റർ വീതിയിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലാണു വനപാത നിർമിക്കുക.

ഇതിനുള്ള സ്ഥലം നിശ്ചയിക്കാൻ തേക്കടി ആദിവാസി ഉൗരുകൂട്ടത്തിന്റെ പ്രതിനിധി സംഘത്തിനൊപ്പം തൊഴിലുറപ്പ് പദ്ധതിയിലെ എൻജിനീയർമാർ, വനം വകുപ്പ്, പട്ടികവർഗ വകുപ്പ്, പഞ്ചായത്ത് എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെട്ട വിദഗ്ധ സംഘം സ്ഥല പരിശോധന നടത്തും. ഇന്നു രാവിലെ തേക്കടിയിൽ നിന്നും ആരംഭിച്ചു വെള്ളക്കൽത്തിട്ട് വഴി ചെമ്മണാംപതിയിലേക്ക് ഇറങ്ങി വരികയാണു ചെയ്യുക.

നീർത്തട പ്രദേശങ്ങൾ വരുന്നെങ്കിൽ അത് ഒഴിവാക്കിയാകും പാതയ്ക്കായി സ്ഥലം കണ്ടെത്തുക. ആദിവാസികൾ നിർദേശിക്കുന്ന സ്ഥലം വനം വകുപ്പ് അടയാളപ്പെടുത്തും. ഇതിനായി തയാറാക്കിയ ആക്‌ഷൻ പ്ലാൻ മുതലമട പഞ്ചായത്ത്, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതികൾ അംഗീകരിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗീകാരം നൽകുന്നതോടെ നിർമാണ പ്രവൃത്തികൾ തുടങ്ങാനാകും. ഇതിനു മുന്നോടിയായി കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ കെ.ബാബു അധ്യക്ഷനായി.

ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ വി.ജി.അനുപമ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ ശാരദ തുളസീദാസ്, ഉപാധ്യക്ഷൻ എം.എ.ഗണേശൻ മുതലമട പഞ്ചായത്ത് അധ്യക്ഷ കെ.ബേബിസുധ, ജില്ലാ പട്ടികവർഗ ഓഫിസർ എം.മല്ലിക, ജെപിസി സി.എസ്.ലതിക, ബിപിഒ കെ. ശശികുമാർ, അസി.എക്സി.എൻജിനീയർ, വനം കൊല്ലങ്കോട് റേഞ്ച് ഓഫിസർ സി.ഷെറീഫ്, പട്ടികവർഗ വികസന ഓഫിസർ പി.രാജീവ് എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com