അക്ഷരങ്ങൾകൊണ്ട് കലയൊരുക്കി ശബാന അഫ്‍ലഹ
Mail This Article
കൊപ്പം ∙ കലിഗ്രഫി വരച്ചു വിദേശരാജ്യങ്ങളിൽവരെ ശ്രദ്ധേയ യായി കുഞ്ഞു കലാകാരി. വിളയൂർ ഗവ.ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനി ശബാന അഫ്‍ലഹ ആണ് ഇംഗ്ലിഷ് ഉൾപ്പെടെ ഭാഷകൾ കലിഗ്രഫിയിൽ പകർത്തി ശ്രദ്ധ നേടിയിരിക്കുന്നത്. ലോക് ഡൗൺ കാലത്ത് തമാശയ്ക്കു തുടങ്ങിയതാണു പരീക്ഷണം. വീടുകളിലെയും മറ്റും വാതിലുകളിലും ചുമരുകളിൽ കുറിച്ചിട്ട അക്ഷരങ്ങൾ കണ്ടതോടെയാണു സർഗശേഷി ഉണർന്നത്. വീട്ടിൽ ഇരുന്നു ബോട്ടിൽ ആർട്ടുകളും കടലാസുകൾ ഉപയോഗിച്ചു ക്രാഫ്റ്റുകളും ചെയ്തായിരുന്നു തുടക്കം. യൂട്യൂബിലെ കലിഗ്രഫി വിഡിയോയുടെ സഹായത്തോടെയായിരുന്നു പഠനം. വീട്ടുകാരുടെയും കൂട്ടുകാരുടെയും ബന്ധുക്കളുടെയും പ്രോത്സാഹനം തുണയായി.
ശബാനയുടെ കലാരൂപങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായതോടെ വിദേശ രാജ്യങ്ങളിൽ നിന്നുപോലും ആവശ്യക്കാർ എത്തിത്തുടങ്ങി. അക്ഷര സൗന്ദര്യം കാൻവാസിൽ പകർത്തി പുതിയ പരീക്ഷണങ്ങൾ നടത്താനാണു കുഞ്ഞു മോഹം. ആവശ്യക്കാർക്കു പിറന്നാൾ ആശംസകളും തയാറാക്കി നൽകും. ഒമാനിൽ ജോലി ചെയ്യുന്ന ബഷീർ, ഷാഹിന ദമ്പതികളുടെ മകളാണ്.