കെ. അച്യുതൻ പറയുന്നു ചിറ്റൂരിൽ തോൽപിച്ചത് സ്ഥാനാർഥി നിർണയം
Mail This Article
പാലക്കാട് ∙ പാർട്ടി തീരുമാനിക്കാത്ത വ്യവസ്ഥയുടെ പേരിൽ, സ്ഥാനാർഥി നിർണയം അവസാന മണിക്കൂർ വരെ വൈകിച്ചതുൾപ്പെടെ ചിറ്റൂർ നഗരസഭയിൽ ഭരണം നഷ്ടപ്പെടാൻ കാരണമായെന്നു മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.അച്യുതൻ. സ്ഥാനാർഥികളെച്ചൊല്ലിയുള്ള വിവാദവും തർക്കവും യൂത്ത് കോൺഗ്രസിൽ പലരെയും നിരാശപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
അവരിൽ ചിലർ എൽഡിഎഫിനു സഹായകരമായ വിധം പ്രവർത്തിച്ചതായി ആക്ഷേപം ഉയർന്നു. അത്തരത്തിലൊരു മാനസികാവസ്ഥ പ്രവർത്തകരിൽ ഉണ്ടാക്കരുതായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫിനുണ്ടായ നേട്ടത്തെയും കോട്ടത്തെയും കുറിച്ച് വിശദമായി മനസ്സിലാക്കുന്നതേയുള്ളൂ. പല തദ്ദേശസ്ഥാപനങ്ങളും മുന്നണിക്കും പാർട്ടിക്കും നഷ്ടപ്പെട്ടിട്ടുണ്ട്.
എന്നാൽ, ഏതു ശക്തമായ രാഷ്ട്രീയമാറ്റത്തിലും കോൺഗ്രസിനൊപ്പമായിരുന്ന ചിറ്റൂർ– തത്തമംഗലം നഗരസഭ നഷ്ടമായതു അതീവ ഗൗരവമുള്ള കാര്യമാണെന്ന് അച്യുതൻ പറഞ്ഞു. നാമനിർദേശപ്പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കുന്നതിനു രണ്ടു മണിക്കൂർ മുൻപ് എന്ന സ്ഥിതിയിലാണു സ്ഥാനാർഥി തീരുമാനമായത്.
നഗരസഭാ മുൻ അധ്യക്ഷൻ കെ.മധുവിന്റെ കാര്യത്തിൽ സംസ്ഥാന നേതൃത്വം ഇടപെടേണ്ടിവന്നു എന്നതു സങ്കടകരമാണ്. യുഡിഎഫ് സ്ഥാനാർഥികൾ കളത്തിലിറങ്ങുമ്പോഴേക്കും സിപിഎം 3 റൗണ്ട് പ്രചാരണം പൂർത്തിയാക്കി. സംസ്ഥാനത്ത് മറ്റെവിടെയുമില്ലാത്ത വ്യവസ്ഥയാണു ജില്ലയിൽ കോൺഗ്രസ് നേതൃത്വം സ്ഥാനാർഥികൾക്കു നടപ്പാക്കിയത്.
നാലു ടേം പൂർത്തിയാക്കിയവർക്കു സീറ്റില്ലെന്നതു കെപിസിസി തീരുമാനമല്ല. യൂത്ത് കോൺഗ്രസ് പട്ടിക അവഗണിക്കപ്പെട്ടത് അവരിൽ അമർഷവും വിഷമവും ഉണ്ടാക്കുക സ്വാഭാവികമാണ്. യാഥാർഥ്യം മനസ്സിലാക്കി വേണം രാഷ്ട്രീയ തീരുമാനങ്ങളെടുക്കാൻ. ചിറ്റൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വലിയ തോതിൽ പണവും മദ്യവും ഒഴുകിയിട്ടുണ്ട്. അതിന്റെ ഉറവിടം എവിടെയാണെന്ന് അറിയില്ലെന്നും അച്യുതൻ പറഞ്ഞു.