പട്ടാമ്പി നഗരസഭ, വി ഫോർ പട്ടാമ്പി കൂട്ടായ്മയും എൽഡിഎഫും ചേർന്നു ഭരിക്കും
Mail This Article
പട്ടാമ്പി ∙ വി ഫോർ പട്ടാമ്പി കൂട്ടായ്മയും എൽഡിഎഫും ചേർന്ന് നഗരസഭ ഭരിക്കുമെന്ന നിലപാട് വ്യക്തമാക്കി വി ഫോർ പട്ടാമ്പി കൂട്ടായ്മ നേതാവ് ടി.പി. ഷാജി. തിരഞ്ഞെടുപ്പിനു മുൻപ് എൽഡിഎഫുമായി ഉണ്ടാക്കിയ ധാരണ പ്രകാരം വി ഫോർ പട്ടാമ്പി കൂട്ടായ്മ മത്സരിച്ച 6 വാർഡുകളിലും എൽഡിഎഫ് സ്ഥാനാർഥികളെ നിർത്തിയിരുന്നില്ല. നഗരസഭാ ഭരണത്തിനു സഹായം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ സമീപിച്ചിരുന്നു.
എൽഡിഎഫ് സഹായത്തോടെ വിജയിച്ച വി ഫോർ പട്ടാമ്പി കൂട്ടായ്മ പ്രഥമ പരിഗണന അവരുമായി സഹകരിച്ചുള്ള ഭരണത്തിനാണു നൽകുക. നഗരസഭ ആര് ഭരിക്കണമെന്നു തീരുമാനിക്കുന്ന നിർണായക ശക്തിയായി മാറുക എന്ന ലക്ഷ്യത്തോടെയാണ് 6 വാർഡുകളിൽ കൂട്ടായ്മ സ്ഥാനാർഥികൾ മത്സരിച്ചത്. ലക്ഷ്യം കൈവരിക്കാനായി. കൂട്ടായ്മയ്ക്ക് പട്ടാമ്പിയുടെ വികസന കാര്യത്തിൽ ആഗ്രഹങ്ങളും പ്രതീക്ഷകളും നിലപാടുകളുമുണ്ട്. അതിനൊത്ത് എൽഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കാനാകുമെന്നാണു പ്രതീക്ഷ.
നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെടാനുണ്ടായ സാഹചര്യം സൃഷ്ടിച്ചത് കോൺഗ്രസ് നേതൃത്വമാണെന്നും ഷാജി കുറ്റപ്പെടുത്തി. ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ, കെപിസിസി ഉപാധ്യക്ഷൻ സി.പി. മുഹമ്മദ്, കഴിഞ്ഞ രണ്ടര വർഷം നഗരസഭാ അധ്യക്ഷനായിരുന്ന കെ.എസ്.ബി.എ. തങ്ങൾ എന്നിവർക്ക് ഇതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും ഷാജി പറഞ്ഞു. വി ഫോർ പട്ടാമ്പിയും എൽഡിഎഫും ചേർന്നു നഗരസഭ ഭരിക്കുമെന്ന് സിപിഎം ഏരിയാ സെക്രട്ടറി എൻ.പി. വിനയകുമാറും അറിയിച്ചു.