ADVERTISEMENT

കർണനോടെന്നും ആശ്ചര്യത്തോടുകൂടിയ ആരാധനയാണെന്നും ഒരിക്കൽ തന്റെ സ്വന്തമാകാനിരുന്നവനാണെന്നും നടൻ ജയറാം. കർണൻ വിടപറയുന്നതിൽ, ഹൃദയത്തിലേറെ വേദനയുണ്ടെന്നും ഇപ്പോൾ ഹൈദരാബാദിൽ ഷൂട്ടിങ്ങിലുള്ള ജയറാം പറഞ്ഞു. മനിശ്ശേരി ഹരിയുടെ കൈവശം മനിശ്ശേരി കർണനായി അവൻ വിലസുമ്പോഴായിരുന്നു വാങ്ങാനൊരുങ്ങിയത്. അതിയായ മോഹത്തോടെ ഹരിയേട്ടനോട് ഒരു ആനയെ തരുമോയെന്നു ചോദിച്ചു.

ഒരു ജനുവരി ഒന്നിനായിരുന്നു അത്. തമാശയാണോയെന്നായിരുന്നു ഹരിയേട്ടന്റെ ചോദ്യം. കുട്ടിക്കാലം തൊട്ടേയുള്ള ആഗ്രഹമാണെന്നും സിനിമാത്തിരക്കുണ്ടെങ്കിലും നോക്കാമെന്നും മറുപടി പറഞ്ഞു. ഹരിയേട്ടന്റെ കയ്യിലെ പത്തുപതിനഞ്ച് ആനകളിൽ ഏതിനെ വേണമെങ്കിലും എടുത്തോളാൻ പറഞ്ഞു. എങ്കിൽ, കർണനെ തരുമോയെന്നു ചോദിച്ചു. അവന്റെ മനസ്സറിയാവുന്ന പാറശ്ശേരി ചാമിയെന്ന പാപ്പാനെയും കൂടെ വേണമെന്നായി.

അതും സമ്മതിച്ചു. അതിനു ശേഷമാണു ഷൂട്ടിങ് കഴിഞ്ഞുവരുന്ന വഴി സുന്ദരനായ മറ്റൊരു ആനയെ കാണുന്നത്. മനിശ്ശേരി മോഹനനായിരുന്നു അത്. അങ്ങനെയാണു കർണനെ വിട്ട് മോഹനനെ എടുത്തോളാൻ തീരുമാനിച്ചത്. മോഹനനാകുമ്പോൾ പാപ്പാനില്ലെങ്കിലും ജയറാമിനു തന്നെ കൊണ്ടുനടക്കാമെന്നും ഹരിയേട്ടൻ തമാശ പറഞ്ഞു.

വീണ്ടും ഒരു സാഹചര്യം കർണനെ വാങ്ങാൻ ഒത്തുവന്നെങ്കിലും വേണ്ടെന്നു വച്ചെന്നും ജയറാം പറഞ്ഞു (മനിശ്ശേരി മോഹനനാണു ജയറാമിന്റെ കൈവശമെത്തി ‘ജയറാം കണ്ണൻ’ എന്ന പേരിൽ പ്രശസ്തനായത്). സൗന്ദര്യത്തിലല്ല, തലപ്പൊക്കത്തിന്റെ കാര്യത്തിലായിരുന്നു കർണനോട് ആരാധനയെന്നു ജയറാം പറഞ്ഞു. നെറ്റിപ്പട്ടത്തിൽ ആനക്കൂട്ടത്തിൽനിന്നാൽ കർണൻ വേറെ ലെവലാണെന്നും അദ്ദേഹം അനുസ്മരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com