തിരഞ്ഞെടുപ്പ്: പാലക്കാട് ജില്ലയിൽ പോരിന് 73 പേർ
Mail This Article
പാലക്കാട് ∙ നാമനിർദേശപ്പത്രിക പിൻവലിക്കാനുള്ള സമയം പൂർത്തിയായപ്പോൾ ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലായി 73 സ്ഥാനാർഥികൾ മത്സര രംഗത്ത്. 7 സ്ഥാനാർഥികൾ പത്രിക പിൻവലിച്ചു. 11 പേർ വീതം മത്സരിക്കുന്ന തൃത്താല, മണ്ണാർക്കാട് മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ ഉള്ളത്. 4 പേർ വീതം മത്സരിക്കുന്ന ഒറ്റപ്പാലം, കോങ്ങാട്, തരൂർ മണ്ഡലങ്ങളിലാണു സ്ഥാനാർഥികൾ കുറവ്.
നെന്മാറയിൽ മത്സരിക്കുന്ന യുഡിഎഫ് ഘടക കക്ഷി സിഎംപിയുടെ സ്ഥാനാർഥി സി.എൻ.വിജയകൃഷ്ണന് ‘ബാറ്ററി ടോർച്ച്’ ആണ് ചിഹ്നമായി ലഭിച്ചിരിക്കുന്നത്. 2011ൽ ഇവിടെ മത്സരിച്ച സിഎംപി നേതാവ് എം.വി.രാഘവനും ഇതേ ചിഹ്നമായിരുന്നു. തൃത്താലയിൽ യുഡിഎഫ് സ്ഥാനാർഥി വി.ടി.ബൽറാമിന് 2 അപരൻമാരുണ്ട്. കെ.ബലരാമൻ ‘മൈക്ക്’ ചിഹ്നത്തിലും ടി.ടി. ബലരാമൻ ‘പൈനാപ്പിൾ’ ചിഹ്നത്തിലും മത്സരിക്കുന്നു.
ഇവിടെ എൽഡിഎഫ് സ്ഥാനാർഥി എം.ബി.രാജേഷിന്റെ അപരനായ രാജേഷിന് ‘കത്രിക’ ചിഹ്നമാണു ലഭിച്ചത്.മണ്ണാർക്കാട് യുഡിഎഫ് സ്ഥാനാർഥി എൻ.ഷംസുദ്ദീന്റെ 2 അപരന്മാരും ‘ഷംസുദ്ദീൻ’ എന്ന പേരാണു സ്വീകരിച്ചിരിക്കുന്നത്. ഇതിൽ ഒരാൾക്ക് ‘ജനാല’യും രണ്ടാമനു ‘ബാറ്റുമാണ്’ ചിഹ്നം. എൽഡിഎഫ് സ്ഥാനാർഥി കെ.പി.സുരേഷ് രാജിനും 2 അപരൻമാരുണ്ട്. സുരേഷ് ‘കെറ്റിൽ’ ചിഹ്നത്തിലും സുരേഷ് ബാബു ‘ഡിഷ് ആന്റിന’ ചിഹ്നത്തിലും മത്സരിക്കുന്നു.
നെന്മാറയിൽ എൽഡിഎഫ് സ്ഥാനാർഥി കെ.ബാബുവിന്റെ അപരൻ ബാബുവിന് ‘പായ് വഞ്ചിയും തുഴക്കാരനും’ ചിഹ്നമാണു ലഭിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ രണ്ടില ചിഹ്നത്തിൽ മത്സരിക്കുന്ന സംസ്ഥാന പാർട്ടിയായ എഐഡിഎംകെയുടെ മണ്ണാർക്കാട്ടെ സ്ഥാനാർഥിക്ക് ‘തൊപ്പി’ ആണു ചിഹ്നം.