ADVERTISEMENT

കഞ്ചിക്കോട്∙ മലമ്പുഴയും പാലക്കാടും പിടിച്ചെടുക്കാൻ ദേശീയ തലത്തിൽ തന്നെ പാർട്ടിയെ ഒന്നാമതെത്തിച്ച തന്ത്രജ്ഞൻ അമിത് ഷായെ തന്നെ ഇറക്കി ബിജെപി. അരമണിക്കൂർ കൊണ്ട് ആകെ സഞ്ചരിച്ചത് അരക്കിലോമീറ്ററാണെങ്കിലും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രചാരണം ആവേശംത്തിരമാലപോലെ അലയടിച്ചു. അതിനുള്ള ഏക കാരണം, ഇത്തവണ മലമ്പുഴയും പാലക്കാടും വിട്ടുകൊടുക്കില്ലെന്ന ജില്ലയിലെ ബിജെപിയുടെ ഉഗ്രശപഥമാണ്. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ബിജെപി പ്രവർത്തകരുടെ ആവേശം ഇരട്ടിയാക്കാൻ അമിത് ഷായുടെ വരവ് ഉപകരിച്ചു. പ്രധാനമായും മലമ്പുഴ മണ്ഡലത്തിലെ പ്രചാരണത്തിനാണ് അദ്ദേഹം എത്തിയത്. കാരണം, പാലക്കാട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് എത്തുന്നുണ്ട്.

കൊല്ലം ചാത്തന്നൂരിലെ പരിപാടിക്ക് ശേഷം വൈകിട്ട് ഹെലികോപ്റ്ററിൽ ബെമ്‌ൽ ഉടമസ്ഥതയിൽ ഉള്ള ഹെലിപാഡിൽ വന്നിറങ്ങിയ അമിത് ഷാ കഞ്ചിക്കോട് വാട്ടർടാങ്ക് ജംക്‌ഷൻ മുതൽ ദേശീയപാതയിലെ ആശുപത്രി ജംക്‌ഷൻ വരെയാണ് റോഡ് ഷോ നടത്തിയത്. മഹിളാ മോർച്ച നേതാക്കളായ ആർ. അർച്ചന, ആർ. ജയശ്രീ, പാലക്കാട് നഗരസഭ അംഗം മിനി കൃഷ്ണകുമാർ, മലമ്പുഴ മണ്ഡലം പ്രസിഡന്റ് എം. സുരേഷ്, കെ. രാജേഷ് മേനോൻ, ബി. രാധാകൃഷ്ണൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. 

റോഡ് ഷോയിൽ പങ്കെടുക്കാനായി ഉച്ചകഴിഞ്ഞപ്പോൾ മുതൽ ആയിരക്കണക്കിന് പ്രവർത്തകരാണ് കഞ്ചിക്കോട്ടേക്ക് ഒഴുകിയെത്തിയത്. പ്രത്യേകം തയാറാക്കിയ തുറന്ന വാഹനത്തിൽ അമിത് ഷാ, മലമ്പുഴയിലെ സ്ഥാനാർഥി സി.കൃഷ്ണകുമാർ, പാലക്കാട്ടെ സ്ഥാനാർഥി ഇ. ശ്രീധരൻ, ബിജെപി ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ എന്നിവർ കയറി. ഒപ്പം പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരും. കഴിഞ്ഞദിവസം തന്നെ റോഡിന് ഇരുവശവും ബാരിക്കേഡ് കെട്ടി പൊലീസ് സുരക്ഷ ഉറപ്പാക്കിയിരുന്നു. 

    റോഡ് ഷാ!  തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ  ഭാഗമായി പാലക്കാട്ടെത്തിയ കേന്ദ്രമന്ത്രി അമിത് ഷാ കഞ്ചിക്കോട് നടത്തിയ റോഡ് ഷോയിൽ നിന്ന്. മലമ്പുഴ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി. കൃഷ്ണകുമാർ, പാലക്കാട് മണ്ഡലം എൻഡിഎ സ്ഥാനാർഥി ഇ ശ്രീധരൻ, ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണദാസ് തുടങ്ങിയവർ സമീപം. ചിത്രം: ജിൻസ് മൈക്കിൾ ∙ മനോരമ
റോഡ് ഷാ! തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പാലക്കാട്ടെത്തിയ കേന്ദ്രമന്ത്രി അമിത് ഷാ കഞ്ചിക്കോട് നടത്തിയ റോഡ് ഷോയിൽ നിന്ന്. മലമ്പുഴ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി. കൃഷ്ണകുമാർ, പാലക്കാട് മണ്ഡലം എൻഡിഎ സ്ഥാനാർഥി ഇ ശ്രീധരൻ, ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണദാസ് തുടങ്ങിയവർ സമീപം. ചിത്രം: ജിൻസ് മൈക്കിൾ ∙ മനോരമ

യാത്ര കടന്നുപോകുന്ന റോഡിന് ഇരുവശത്തുമുള്ള കെട്ടിടങ്ങളിലും പൊലീസ് നിലയുറപ്പിച്ചിരുന്നു. തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിനിടയിലൂടെ വാഹനം പതിയെ നീങ്ങി. ഇരു കൈകളും ഉയർത്തി കാഴ്ചക്കാരെ അഭിസംബോധന ചെയ്തും വിജയ ചിഹ്നം കാണിച്ചും അമിത് ഷാ ആവേശം സൃഷ്ടിച്ചു. അരമണിക്കൂറിൽ പരിപാടി അവസാനിച്ച് അദ്ദേഹം യാത്രയാകുമ്പോഴേക്കും പ്രവർത്തകർ ആവേശക്കടലിൽ മുങ്ങിക്കഴിഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com