വോട്ടർമാർ കാത്തുനിൽക്കുന്നു: ഷൊർണൂരിൽ പ്രചാരണത്തിനു വേഗം കൂട്ടി മുന്നണികൾ
Mail This Article
ഷൊർണൂർ ജംക്ഷനിൽ നിന്ന് നിയമസഭയിലേക്ക് ഇത്തവണ ആരു ട്രെയിൻ കയറുമെന്നു തീരുമാനിക്കാനുള്ള മത്സരത്തിനു വാശിയേറെ.
15 വയസ്സുള്ള ഷൊർണൂർ നിയോജക മണ്ഡലം 3 നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇടതിനൊപ്പമാണു നിന്നത്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി നിലവിൽ വരുന്നതിനു മുൻപു ചെങ്കൊടിപാറിയ ഷൊർണൂർ എന്നും സിപിഎമ്മിനൊപ്പമായിരിക്കുമെന്നു പ്രചാരണ, സ്വീകരണ യോഗങ്ങളിൽ സിപിഎം നേതാക്കൾ ആത്മവിശ്വാസത്തോടെ പ്രസംഗിക്കുന്നു.
അതൊക്കെ പഴയ കാര്യം, ഇത്തവണ മണ്ഡലം യുഡിഎഫ് നേടുമെന്നും അതിന്റെ സൂചനകൾ പ്രകടമാണെന്നും യുഡിഎഫ് പറയുന്നു. ഒത്തൊരുമയോടെയുള്ള അവരുടെ പ്രചാരണം മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സജീവം. ഇത്തവണ ഷൊർണൂർ എൻഡിഎയ്ക്കൊപ്പം എന്നാണു ബിജെപിയുടെ മുദ്രാവാക്യം. ഇരുമുന്നണികളെയും വോട്ടർമാർ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്ന് അവർ അവകാശപ്പെടുന്നു.
ഉറച്ചചുവടുമായി മമ്മിക്കുട്ടി
സർക്കാരിനെതിരെയുള്ള യുഡിഎഫ്– ബിജെപി ആരോപണങ്ങളെ ആക്രമിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി പി.മമ്മിക്കുട്ടി, സ്വീകരണയോഗങ്ങളിലെ പ്രസംഗം കഴിഞ്ഞ് വോട്ടുതേടുമ്പോൾ എതിർ പക്ഷത്തെ പാർട്ടിക്കാരുമായി കുശലംപറയാനും സമയം കണ്ടെത്തുന്നു.ആരെയും മുഷിപ്പിക്കാതെയാണു സിപിഎമ്മിലെ സൗമ്യനായ ഈ കാർക്കശ്യക്കാരൻ കാര്യങ്ങൾ അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെയും കിഫ്ബിക്കെതിരെയുമൊക്കെയുള്ള ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമായതുകൊണ്ടാണു സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതെന്നു വിശദീകരണം.
കിറ്റും പെൻഷനും മുടക്കുന്നവരെ ജയിപ്പിക്കണോ എന്ന ചോദ്യവും ഉയർത്തുന്നു. ഇതിനിടയിൽ, എങ്ങനെയുണ്ട് പ്രചാരണം എന്നു മറ്റു സ്ഥാനാർഥികളുടെ പ്രവർത്തകരോട് ചോദിക്കാനും മറക്കുന്നില്ല. അവരൊക്കെ ഇന്നല്ലെങ്കിൽ നാളെ ഇടതുപക്ഷത്തിന്റെ ആവശ്യകതയും ശക്തിയും തിരിച്ചറിഞ്ഞ് ഞങ്ങൾക്കൊപ്പം വരേണ്ടവരല്ലേ എന്നാണു മമ്മിക്കുട്ടിയുടെ ന്യായം. കൃത്യതയുണ്ട് പ്രസംഗത്തിനും നടത്തത്തിനും. ദിവസം ശരാശരി 30 സ്വീകരണ കേന്ദ്രങ്ങളുണ്ട് മണ്ഡലത്തിൽ.
കുടുംബയോഗങ്ങൾ സമാന്തരമായി നടക്കുന്നു. സമൂഹമാധ്യമപ്രചാരണം കുട്ടികൾ ജാഗ്രതയോടെ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ക്ഷേമ, വികസന പദ്ധതികളുടെ സാന്നിധ്യം മണ്ഡലത്തിൽ മുൻ എംഎൽഎ കൃത്യവും വ്യക്തവുമായി ഉറപ്പാക്കിയിട്ടുണ്ട്. അതിന്റെ തുടർച്ചയും വിപുലീകരണവും ജനകീയാവശ്യമനുസരിച്ച് പുതിയ പദ്ധതികളുമാണ് വേണ്ടത്– മമ്മിക്കുട്ടി നയം വ്യക്തമാക്കി.
ഇത്തവണ മണ്ഡലം പിടിച്ചെടുക്കുമെന്ന യുഡിഎഫിന്റെ പ്രഖ്യാപനവും വൻ മുന്നേറ്റം നടത്തണമെന്ന എൻഡിഎയുടെ ലക്ഷ്യവും ഒാർമിപ്പിച്ചപ്പോൾ, ഷൊർണൂരിലെ വോട്ടർമാർക്കു കൃത്യമായ രാഷ്ട്രീയ നിലപാടുണ്ട് എന്ന ഉറപ്പാണു മമ്മിക്കുട്ടിയുടെ മറുപടി. രണ്ടു നഗരസഭകൾ ഉൾപ്പെടെ മണ്ഡലത്തിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളും ഇടതുപക്ഷമാണു ഭരിക്കുന്നതെന്ന കാര്യവും എല്ലാവർക്കുമറിയാമല്ലോ എന്ന് ഓർമപ്പെടുത്തി മമ്മിക്കുട്ടി അടുത്ത സ്വീകരണ സ്ഥലത്തേക്കു യാത്രയായി.
എന്നും എപ്പോഴും ഒപ്പമുണ്ടാകും ഫിറോസ്
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണു യുഡിഎഫ് സ്ഥാനാർഥി ടി.എച്ച്.ഫിറോസ് ബാബുവിന്റെ വിശ്വാസം. ജനങ്ങളുടെ പ്രതികരണമാണ് ഈ വിശ്വാസത്തിന്റെ പിൻബലം. സ്വീകരണ കേന്ദ്രങ്ങളിലും പ്രചാരണ യോഗങ്ങളിലും കുടുംബ സദസ്സുകളിലും സ്ഥാനാർഥി ആവർത്തിക്കുന്നത് ഒരു കാര്യം– വിജയിച്ചാൽ എല്ലാ കാര്യത്തിനും ഒപ്പമുണ്ടാകും. രാപകൽ ഇല്ലാതെ ഏതാവശ്യത്തിനും തന്നെ വിളിക്കാം.
സ്വീകരണ യാത്രകൾക്കിടയിൽതന്നെ പരമാവധി വീടുകളിൽ കയറി വോട്ട് അഭ്യർഥിക്കാനും സ്ഥാനാർഥി മറക്കുന്നില്ല. മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ കണ്ട് വിവിധ പഞ്ചായത്തുകളിലെ പ്രചാരണത്തിന്റെ സ്ഥിതിഗതികളെക്കുറിച്ചും പുരോഗതിയെക്കുറിച്ചും ധരിപ്പിക്കുന്നുണ്ട്. പ്രവർത്തകരുമായി മണ്ഡലത്തിലെ പഞ്ചായത്തുകളിലെ സംഘടനാ നീക്കങ്ങളുടെ വിലയിരുത്തലും നടത്തുന്നുണ്ട്. സിപിഎം സർക്കാരിന്റെ അഴിമതിയെക്കുറിച്ചും യുവജനങ്ങളെ വഞ്ചിച്ചതിനെക്കുറിച്ചും പ്രസംഗത്തിൽ ശക്തമായി ആഞ്ഞടിക്കുന്ന ഫിറോസ് വരുമാനം ഉറപ്പുനൽകുന്ന ന്യായ് പദ്ധതിയുടെ സാധ്യതകളും വിശദീകരിച്ചാണു പര്യടനം നടത്തുന്നത്.
ഈ മണ്ഡലം എംഎൽഎമാരുടെ എണ്ണം വർധിപ്പിക്കാനുള്ള സ്ഥലം മാത്രമായാണു സിപിഎം കാണുന്നത്. കാലങ്ങളായി ഇവിടെനിന്നു ജയിച്ചവർ അടിസ്ഥാനസൗകര്യം വികസിപ്പിക്കാനും ശുദ്ധജലക്ഷാമം പരിഹരിക്കാനും എന്തുചെയ്തുവെന്നു വ്യക്തമാക്കണം. തൂതയും ഭാരതപ്പുഴയും ഉണ്ടായിട്ടും ജനം പലയിടത്തും വെള്ളത്തിനു പരക്കംപായുന്നു. ഷൊർണൂർ നഗരസഭാ പരിസരം വികസനമില്ലായ്മയ്ക്ക് ഉത്തമ ഉദാഹരണമാണ്.
വ്യവസായവും റെയിൽവേയുമായി ബന്ധപ്പെട്ട നവീകരണം ഉണ്ടായില്ല, യുവാക്കൾക്കു കായിക പരിശീലനത്തിന് എവിടെയാണ് സ്ഥലം. കുട്ടികൾക്ക് ഒരു പാർക്കില്ല. കിടത്തിച്ചികിത്സയ്ക്ക് സംവിധാനമില്ലാത്തതിനാൽ സാധാരണക്കാർ വിഷമിക്കുന്നു. കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം സിപിഎം വിഭാഗീയതയിൽപെട്ട് മുടങ്ങി. ഇതെല്ലാം മാറാനും മാറ്റാനും യുഡിഎഫ് ഭരണത്തിനല്ലാതെ കഴിയില്ലെന്ന് മണ്ഡലത്തിലെ വോട്ടർമാർ മനസ്സിലാക്കക്കഴിഞ്ഞവെന്നും ഫിറോസ് ബാബു പറയുന്നു.
ഷൊർണൂരിനൊപ്പം സന്ദീപ് വാരിയർ
ഷൊർണൂരിലെ വികസന മുരടിച്ച കണ്ടാൽ 15 വർഷമായി ഇവിടെ ഒരു എംഎൽഎ ഉണ്ടായിരുന്നുവെന്ന് തോന്നില്ലെന്നാണ് എൻഡിഎ സ്ഥാനാർഥി സന്ദീപ് വാരിയരുടെ പ്രചാരണ പ്രസംഗങ്ങളിലെ ആവർത്തിച്ചുള്ള വിമർശനം. തന്നെ വിജയിപ്പിച്ചാൽ പ്രധാനമന്ത്രിയുടെ ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി വീടില്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും വീടുനിർമിച്ചു നൽകും, ജൽജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ എല്ലാവർക്കും പൈപ്പ് വഴി ശുദ്ധജലമെത്തിക്കും, ഭിന്നശേഷിക്കാർ, രോഗികൾ, പെൺകുട്ടികൾ, കിടപ്പുരോഗികൾ എന്നിവർക്കെല്ലാം വിവിധ പദ്ധതികളിലൂടെ കൃത്യമായ ക്ഷേമ സംവിധാനം ഉറപ്പാക്കുമെന്നും വാഗ്ദാനം.
ദക്ഷിണ റെയിൽവേയിലെ വലിയ സ്റ്റേഷനായ ഷൊർണൂരുമായി ബന്ധപ്പെട്ട് ഒരു നടപടിക്കും എംഎൽഎമാർ മുൻകയ്യെടുത്തില്ലെന്ന വിമർശനവും ഉന്നയിക്കുന്നു. ട്രെയിൻ യാത്രക്കാർക്കു നാട്ടിലെത്താൻ ബസ് സർവീസുകളില്ല, ടൗണിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഇല്ല, ഷൊർണൂരിലെ പേരുകേട്ട വ്യവസായ സ്ഥാപനങ്ങൾ പൂർണമായി തകർന്നു, ടൗൺഹാൾ കാട്ടിനുള്ളിലാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ആശ്വാസമാകേണ്ട ചികിത്സാ സംവിധാനം താറുമാറായിക്കിടക്കുന്നു. വെള്ളിനേഴി മുതൽ നിള വരെയുള്ള പ്രദേശത്തെ ടൂറിസം വികസനം ഉൾപ്പെടെയുള്ള പാക്കേജിന് കേന്ദ്രസർക്കാർ സഹായം വേണ്ടതുണ്ട്. എൻഡിഎയ്ക്കു മാത്രമാണ് അതു ചെയ്യാനാവുകയെന്ന് ജനം മനസ്സിലാക്കിക്കഴിഞ്ഞതായും സന്ദീപ് അവകാശപ്പെടുന്നു.
കൂടുതൽ രാഷ്ട്രീയം പറയുന്നില്ലെന്നും കോൺഗ്രസിലെയും സിപിഎമ്മിലെയും നല്ലവരായ മുഴുവനാളുകളുടെയും വോട്ട് തനിക്കു വേണമെന്നും സ്ഥാനാർഥി അഭ്യർഥിക്കുന്നു.
ഒരിക്കലും താൻ ഷൊർണൂരിലെ അദൃശ്യനായ എംഎൽഎയായിരിക്കില്ല. ‘തീവ്രതക്കുറവും ജാഗ്രതക്കുറവും’ ഒരിക്കലും ഉണ്ടാകില്ലെന്നും പരിപാടികളിലെല്ലാം ആവർത്തിച്ചു പറയുന്നുണ്ട്. ഷൊർണൂരിനൊപ്പം ഇനി സന്ദീപ് വാരിയർ എന്നതാണു മണ്ഡലത്തിൽ എൻഡിഎയുടെ മുദ്രാവാക്യം.