റോഡ് നവീകരണം: എൻ.ഷംസുദ്ദീന്റെ പ്രചാരണത്തിനിടെ ഉന്തും തള്ളും
Mail This Article
മണ്ണാർക്കാട്∙ യുഡിഎഫ് സ്ഥാനാർഥി എൻ.ഷംസുദ്ദീന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഉന്തും തള്ളും. പയ്യനെടം റോഡ് നവീകരണം പൂർത്തിയാകാത്തതു ചോദ്യം ചെയ്തു ബോർഡ് പ്രത്യക്ഷപ്പെട്ടതാണു സംഘർഷത്തിനിടയാക്കിയത്. കുമരംപുത്തൂർ പഞ്ചായത്തിലെ ബീഡി കമ്പനി പരിസരത്തു യുഡിഎഫ് സ്ഥാനാർഥി എൻ.ഷംസുദ്ദീൻ പ്രസംഗിക്കുന്നതിനിടെയാണു പയ്യനെടം റോഡ് നവീകരണം വൈകുന്നതിൽ പ്രതിഷേധിച്ച് എൻ. ഷംസുദ്ദീൻ എംഎൽഎയ്ക്ക് എതിരെ ബോർഡ് പ്രത്യക്ഷപ്പെട്ടത്.
ഇതു യുഡിഎഫ് പ്രവർത്തകരെ പ്രകോപിപ്പിച്ചു. തുടർന്നു വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ഇതിനിടെ ഈ ബോർഡ് നശിപ്പിക്കപ്പെട്ടു. പിന്നാലെ യുഡിഎഫിന്റെ ബോർഡും നശിപ്പിച്ചു. നേതാക്കളും പൊലീസും ഇടപെട്ടു സംഘർഷം ഒഴിവാക്കി. പയ്യനെടം റോഡ് നവീകരണം വൈകിയതിനു കാരണം സംസ്ഥാന സർക്കാരാണെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ ആറു മാസത്തിനകം റോഡ് നവീകരണം പൂർത്തിയാക്കുമെന്നും എൻ. ഷംസുദ്ദീൻ പറഞ്ഞു. അശാസ്ത്രീയമായ റോഡ് നിർമാണത്തിനു നേതൃത്വം നൽകിയതു കിഫ്ബിയാണ്.
നിർമാണം നിർത്തിവച്ചതും കിഫ്ബിയാണ്. പൊതുമരാമത്തു മന്ത്രിയും കിഫ്ബിയുടെ മന്ത്രിയും സിപിഎമ്മുകാരാണ്. പയ്യനെടം റോഡ് വൈകുന്നതിനെതിരെ പിണറായി വിജയനു നേരെയാണു കരിങ്കൊടി കാണിക്കേണ്ടത്. തിരഞ്ഞെടുപ്പു കഴിയുന്നതു വരെ ടെലിഫോൺ കേബിളുകൾ മുറിയുന്ന തരത്തിലുള്ള റോഡ് പണി നടത്തരുതെന്ന കലക്ടറുടെ ഉത്തരവുള്ളതിനാലാണ് ഇപ്പോൾ റോഡ് പണി നിർത്തിയിരിക്കുന്നതെന്നു ഷംസുദ്ദീൻ പറഞ്ഞു.