ജനവിധിയുടെ കാവൽ ശക്തം; ത്രിതല സുരക്ഷാ സംവിധാനം
Mail This Article
ഒറ്റപ്പാലം∙ നിയോജക മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ കർശന സുരക്ഷയിൽ എൻഎസ്എസ് ട്രെയിനിങ് കോളജിലെ സ്ട്രോങ് റൂമിലേക്കു മാറ്റി. ബിഎസ്എഫിന്റേത് ഉൾപ്പെടെ ത്രിതല സുരക്ഷയാണു സ്ട്രോങ് റൂമിന് ഒരുക്കിയിട്ടുള്ളതെന്നു സ്ഥലത്തെത്തിയ വരണാധികാരി കൂടിയായ സബ് കലക്‌ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. സ്ട്രോങ് റൂം ഒരുക്കിയ കോളജിനു പുറത്തു പൊലീസിന്റെ ഫ്ലയിങ് സ്ക്വാഡും അകത്ത് എആർ ക്യാംപിലെ അസിസ്റ്റന്റ് കമൻഡാന്റിന്റെ നേതൃത്വത്തിൽ സംരക്ഷണവും കെട്ടിടത്തിനുള്ളിൽ ബിഎസ്എഫ് സേനയുടെ സുരക്ഷയുമാണ് ഒരുക്കിയിട്ടുള്ളത്.
ബിഎസ്എഫിനെ നയിക്കുന്നതും സേനയുടെ അസിസ്റ്റന്റ് കമൻഡാന്റാണ്. സ്ട്രോങ് റൂമിന്റെ സുരക്ഷയ്ക്കു ബിഎസ്എഫിന്റെ 25 അംഗ സേനയാണു ക്യാംപ് ചെയ്യുന്നത്. കോളജിനുളളിലും പുറത്തുമായി 12 നിരീക്ഷണ ക്യാമറകൾ പ്രവർത്തന സജ്ജമാണ്. ദിവസവും വരണാധികാരിയോ ഉപവരണാധികാരിയോ സ്ട്രോങ് റൂം സന്ദർശിക്കും. മണ്ഡലത്തിലെ 312 പോളിങ് ബൂത്തുകളിൽ നിന്നുള്ള വോട്ടിങ് യന്ത്രങ്ങളാണു സ്ട്രോങ് റൂമിൽ സൂക്ഷിച്ചിട്ടുള്ളത്. ഇന്നലെ പുലർച്ചെയാണു യന്ത്രങ്ങൾ സ്ട്രോങ് റൂമിലേക്കു മാറ്റുന്ന നടപടികൾ പൂർത്തിയായത്.
ഒറ്റപ്പാലത്ത് പോളിങ് 75.77%
ഒറ്റപ്പാലം∙ നിയോജക മണ്ഡലത്തിൽ 75.77 ശതമാനം പോളിങ്. ആകെയുള്ള 2.07 ലക്ഷം വോട്ടർമാരിൽ 1.57 ലക്ഷം പേർ വോട്ടവകാശം വിനിയോഗിച്ചതായാണു കണക്ക്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 76 ശതമാനം പോളിങ് ആണു രേഖപ്പെടുത്തിയിരുന്നത്. ഇത്തവണ തപാൽ വോട്ടുകൾ കൂടി ചേരുമ്പോൾ പോളിങ് ശതമാനം കഴിഞ്ഞ തവണത്തേതു പോലെ 76ലേക്ക് എത്തുമെന്നാണു പ്രതീക്ഷ.
ഇത്തവണ വോട്ടവകാശം വിനിയോഗിച്ചവരിൽ 75,630 പേർ പുരുഷന്മാരും 81,761 പേർ സ്ത്രീകളുമാണ്. 2 ട്രാൻസ്ജൻഡർ വോട്ടർമാരും വോട്ട് രേഖപ്പെടുത്തി. ആറ്റാശേരി കരിപ്പമണ്ണ എയ്ഡഡ് ലോവർ പ്രൈമറി സ്കൂളിലെ ബൂത്തിലാണ് ഏറ്റവും കൂടുതൽ പോളിങ്. 87.51 ശതമാനം. ഏറ്റവും കുറവ് പോളിങ് ഒറ്റപ്പാലം എൻഎസ്എസ്കെപിടി വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ ബൂത്തിൽ. ഇവിടെ പോൾ ചെയ്തത് 54.37 ശതമാനം വോട്ടുകൾ മാത്രം.